ഭരണ തുടർച്ചയല്ല, മാറ്റമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നത് മൗലികവും ജനാധിപത്യത്തിന്റെ സക്രിയമായ നിലനിൽപിനെ പ്രതിയുള്ള സുചിന്തിതവുമായ ഒരു നിലപാടാണ്.
മാറ്റമില്ലാതെ നിലനിൽക്കുക എന്നത് മുരടിപ്പിലേക്കും തജ്ജന്യമായ എല്ലാ ജീർണതകളിലേക്കും വ്യവസ്ഥയെ കൊണ്ടെത്തിക്കും. കമ്യൂണിസത്തിന്റെ പേരിൽ അധികാരത്തിൽ വന്ന് ദശാബ്ദങ്ങളോളം തുടർ ഭരണം നടത്തി ഒടുവിൽ സമഗ്ര സ്വച്ഛാധിപത്യങ്ങളാവാതെ വല്ല ഭരണകൂടങ്ങളും ലോകത്ത് കടന്നു പോയിട്ടുണ്ടോ?
ധാർഷ്ട്യമല്ലാതെ, മാറാതെ തുടരാൻ അർഹമാക്കുന്ന എന്തെങ്കിലും സൗമ്യഭാവം കേരരളത്തിൽ പോലും മാക്സിസ്റ്റുകൾക്കുണ്ടോ? വ്യക്തിയെ പെരുപ്പിച്ച് അപ്രമാദിത്വം ഉറപ്പിക്കുക എന്നത് മോഡിയിൽ അവസാനിക്കാതെ പിണറായിയിലൂടെ തുടരുകയാണ്. ഒന്ന് ഫാഷിസത്തിന്റേതെങ്കിൽ, മറ്റേത് മാക്സിസത്തിന്റെ പേരിൽ! കിറ്റ് വാങ്ങി നക്കിയില്ലേ എന്ന് ചോദിക്കുന്നേടത്ത് ജനാധിപരമായി തുടരാനുള്ള അർഹത റദ്ദാവുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഭാഗമായിപ്പോലും രണ്ടാഴ്ചത്തേക്കെങ്കിലും കിറ്റ് വിതരണം നിർത്തിവെച്ചാൽ കേരളം അന്നംമുട്ടി മരിക്കും എന്നാണെങ്കിൽ, എല്‍ഡി.എഫിന്‍റെ തുടർ ഭരണം ആ ഒരൊറ്റ കാരണം കൊണ്ട് നിരാകരിക്കപ്പെടേണ്ടതാണ്!
തങ്ങൾ നടത്തിയതെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വികസനവും ഒരൊറ്റ രാഷ്ട്രീയ വിഭാഗത്തിന്റെ ഭരണ തുടർച്ചയുടെ ഫലമല്ല. പൂർവ വികസന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ്. എല്ലാ വികസ തുടർച്ചകൾക്കും കൃത്യമായ അടിത്തറകളുണ്ട്. അതൊക്കെയും ഇതുവരെ കേരളം ഭരിച്ച മുഴുവൻ അനകീയ രാഷ്ടീയങ്ങളുടേയും, ജനകീയ കൂട്ടായ്മകളുടേയും, കേരളത്തിന്റെ കാര്യത്തിൽ പ്രത്യേകമായി പ്രവാസികളുടെയും സംഭാവനകളാണ്.
കേരളവും അതിന്റെ വികസന തുടർച്ചയും 2016നും മുമ്പേ ഉള്ളതാണ്. ഇന്ത്യയുടെ വികാസം മോഡിയിൽ തുടങ്ങി എന്ന സംഘി ഫലിതത്തിന്റെ മറ്റൊരു വേർഷ്യൻ സഖാക്കൾ പിണറായിയിലൂടെ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. ഡബിൾ ചങ്ക് എന്ന ശാരീരിക വൈരൂപ്യത്തിന് സമാനമായ ഒരു പച്ചക്കള്ളം കൊണ്ട് കേരളത്തിന്റെ വികസന ചരിത്രത്തെ ബ്ലാങ്കാക്കുവാനാണ് അവരുടെ ശ്രമം! ഒറ്റ ചങ്കുള്ളവർ പടുത്തുയർത്തിയ ഒരു കേരളം ഇവിടെ അതിന്റെ സ്വാഭാവിക വളർച്ചയിലൂടെ മുന്നോട്ടു പോവുന്നു. അതിൽ വല്ല അസ്വാഭാവികതയും കാണാമെങ്കിൽ, അതാണ് ഇരട്ടിയിലധികം വർദ്ധിച്ച പൊതുകടം!
ദേശീയ തലത്തിൽ കാൽ നൂറ്റാണ്ട് നീണ്ട ഭരണ തുടർച്ചയാണ് കോൺഗ്രസിനെ പോലും ദുർബലമാക്കി കളഞ്ഞത്. എന്നിട്ടാണോ ധാർഷ്ട്യവും സമഗ്രാധിപത്യ പ്രവണതയും ജനിതക ഉള്ളടക്കമായ മാക്സിസ്റ്റ് പാർട്ടിയുടെ കാര്യം! കേരളത്തിന്റെ വികസന ചരിത്രത്തിൽ ഗണാത്മഗമായ പങ്ക് വഹിച്ച മുഖ്യമായ ഘടകം ആർക്കും ഭരണ തുടർച്ച നൽകാതിരുന്ന കേരളീയരുടെ ജനാധിപത്യ പ്രബുദ്ധതയാണ്. എല്‍ഡിഎഫും യുഡിഎഫും ഇന്നും വലിയ കോട്ടങ്ങൾ തട്ടാതെ നില നിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മാറ്റത്തിലൂടെയാണ് ജനാധിപത്യം കരുത്താർജിക്കുക എന്നത് ഒരു പുതിയ സിദ്ധാന്തമൊന്നുമല്ല, അത് കേരളത്തിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ സാക്ഷ്യമാണ്!
അപ്പോൾ, മാറ്റം ബി ജെ പിയിലൂടെയും ആവാമല്ലോ എന്ന കൗണ്ടറുമായൊന്നും ആരും ഇങ്ങോട്ടു വരേണ്ട. ഇത് ജനാധിപത്യത്തിന്റെ ശാക്തിക സക്രിയതകളെ കുറിച്ചാണ്, അല്ലാതെ ഫാഷിസത്തിന്റെ അരങ്ങേറ്റത്തെ കുറിച്ചല്ല!
തുടർ ഭരണത്തിലൂടെ ജനാധിപത്യം ദുർബലപ്പെടുന്നേടത്ത് ഫാഷിസം ഇടിച്ചു കയരാതിരിക്കാൻ ജനാധിപത്യചേരികൾ തന്നെ ഭരണ പ്രതിപക്ഷങ്ങളായി നിലകൊള്ളേണ്ടതിലേക്കുള്ള ഓർമപ്പെടുത്തലാണ് വേണ്ടത്,
ജനാധിപത്യത്തിന്റെ തുടർച്ചയാണ്, ഭരണത്തിന്റെയല്ല. ഭരണത്തിന് തുടരാനാവും, മോഡി തുടരും പോലെ കേരളത്തിൽ 'മോഡി' തുടരാതിരിക്കാൻ ജനാധിപത്യം തുടരേണ്ടതുണ്ട്.