പന്തളം- പാലായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവ് മൂന്നു മാസത്തിനകം തിരിച്ചെത്തി. യുവാവിന്റേത് എന്ന് സംശയിച്ച് സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാതെ പോലീസ് കുഴങ്ങി. പൂഴിക്കാട് വിളയിൽ കിഴക്കേതിൽ സക്കായി എന്നു വിളിക്കുന്ന വി.കെസാബുവിനെയാ(35)ണ് ഇന്നലെ തിരിച്ചെത്തിയത്. ഇദ്ദേഹത്തിന്റെതാണ് എന്ന് സംശയിച്ചാണ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പാലാ ഇടപ്പാടിയിൽ വാഹനമിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെയാണ് സാബുവാണ് എന്ന് കരുതി സംസ്കരിച്ചത്. പാലാ സ്റ്റേഷനിൽനിന്നാണ് ഡിസംബർ 26-ന് അപകടവിവരം വീട്ടുകാരെ വിളിച്ചറിയിച്ചത്. സാബുവിന് മുൻ ഭാഗത്തെ മൂന്നു പല്ലുകൾ ഇല്ലായിരുന്നു. മൃതദേഹത്തിനും മൂന്നു പല്ലുകൾ ഇല്ലായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്.