തിരുവനന്തപുരം- രാജസ്ഥാനിലെ ദാരുണകൊലയെ ന്യായീകരിക്കാനും മലയാളികളുണ്ടെന്നും ഈ അവസ്ഥ മറികടക്കണമെന്ന് മന്ത്രി തോമസ് ഐസക്. കേരളം ഇത്തരം വ്യത്തികേടുകൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു നമ്മൾ അഹങ്കരിച്ചിരുന്നതെന്നും എന്നാൽ അതെല്ലാം മറികടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നതെന്നും ഐസക് പറഞ്ഞു. ഹീനമായ ഈ കൊലപാതകത്തിന് കേരളത്തിലും പിന്തുണ ലഭിക്കുന്നു. നവോത്ഥാനമൂല്യങ്ങളുടെ പേരിൽ നമ്മുടെ നാടിനുണ്ടായിരുന്ന സ്വീകാര്യതയും ആദരവും കപ്പലു കയറുകയാണെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
കണ്ടിരിക്കാനാവില്ല ആ വീഡിയോ. ഒരാളെ മഴുകൊണ്ട് വെട്ടിപ്പിളർന്ന്, മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി, ചുട്ടു കൊല്ലുന്നത് മനസറപ്പില്ലാതെ കാമറയിൽ പകർത്തിയ് ഒരു പതിനാലുകാരനാണ്. ഈ കൊലപാതകത്തെയും അതു ചിത്രീകരിച്ചു ലോകത്തിനു വിളമ്പിയവരെയും അഭിനന്ദിക്കാനും ന്യായീകരിക്കാനും മലയാളികളുമുണ്ട്. മനുഷ്യത്വമുള്ളവരിൽ നിർവികാരതയും മരവിപ്പും പടരുമ്പോൾ ആർത്തട്ടഹസിച്ച് കൊലപാതകികളെ അഭിനന്ദിക്കുകയാണ് മറ്റു ചിലർ.
ലൌ ജിഹാദിന്റെ പേരിലാണത്രേ കൊലപാതകം. ലൌ ജിഹാദു നടത്തുന്നവർക്ക് ഇതാണ് ശിക്ഷയെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്. കൊലപാതകിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പരമാവധി ശിക്ഷ അയാൾക്കു തങ്ങൾ വാങ്ങിക്കൊടുക്കുമെന്ന രാജസ്ഥാൻ പോലീസിന്റെ നിലപാടും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അഖ്‌ലക്കിന്റെ കൊലപാതകികൾക്ക് എന്തു സംഭവിച്ചുവെന്ന് രാജ്യം കണ്ടതാണ്. ആ ഗതി ഈ കേസിനുണ്ടാകാതിരിക്കട്ടെയെന്ന് ആശിക്കാം.
പരസ്പരം സ്‌നേഹിക്കുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റമായി പരിഗണിക്കുന്നൊരു സമാന്തര സമൂഹം ഇന്ത്യയിൽ വ്യാപിക്കുകയാണ്. കേരളം അതിൽ നിന്നൊക്കെ മുക്തമാണ് എന്ന് നാമൊക്കെ അഹങ്കരിച്ചിരുന്നു. എന്നാൽ, ഹീനമായ ഈ കൊലപാതകത്തിന് കേരളത്തിലും പിന്തുണ ലഭിക്കുന്നു. നവോത്ഥാനമൂല്യങ്ങളുടെ പേരിൽ നമ്മുടെ നാടിനുണ്ടായിരുന്ന സ്വീകാര്യതയും ആദരവും കപ്പലു കയറുകയാണ്.
മതത്തിന്റെയും ജാതിയുടെയും അഭിമാനത്തിനു ക്ഷതമേറ്റതായി പ്രഖ്യാപിച്ച് കമിതാക്കളെ ക്രൂരമായ വധശിക്ഷയ്ക്കിരയാക്കുന്ന സംഭവങ്ങൾ ഉത്തരേന്ത്യയിൽ നിർബാധം അരങ്ങേറുന്നുണ്ട്. നമ്മുടെ സാമ്പ്രദായിക നീതിവ്യവസ്ഥയ്ക്ക് പുറത്താണ് ഇക്കൂട്ടരുടെ വിഹാരം. സർക്കാരും പോലീസുമൊന്നും അവർക്കൊരു പ്രശ്‌നമല്ല.
നാലഞ്ചു വർഷം മുമ്പുള്ള ഒരു സംഭവം ഓർക്കുന്നു. ദുരഭിമാനക്കൊലപാതകത്തെക്കുറിച്ചുള്ള ബിബിസി റിപ്പോർട്ട്. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. ധർമ്മേന്ദർ ബാരക്, നിധി ബാരക് എന്നീ കമിതാക്കളെ നിധിയുടെ കുടുംബം അതിക്രൂരമായി കൊന്നു കളഞ്ഞു. ധർമ്മേന്ദറിന്റെ കൈകൾ വെട്ടി, കാലുകളരിഞ്ഞ്, തലയറുത്താണ് കൊന്നത്. നിധിയെ മരിക്കുംവരെ തല്ലി. സംഭവമറിച്ച് ഏതാണ്ട് ഒരുമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തിയ ബിബിസിയുടെ സുബൈർ അഹമ്മദ്, ഒരിറ്റു കണ്ണീരു പൊടിയുകയോ, ഒരൽപ്പം വിഷമം നിഴലിക്കുകയോ ചെയ്ത ഒരു മുഖമെങ്കിലും കാണാനാവുമോയെന്ന് തിരഞ്ഞു നോക്കി. പരാജയമായിരുന്നു ഫലം. അറസ്റ്റിലായ നിധിയുടെ അമ്മയ്ക്കടക്കം ഒരു കുറ്റബോധവുമുണ്ടായിരുന്നില്ല. ചെയ്തതു ശരിയാണെന്നും പ്രണയിക്കുന്നവർക്ക് ഇതാണ് ശിക്ഷയെന്നുമായിരുന്നു ബന്ധുക്കളും നാട്ടുകാരും ഒരേസമയം പ്രഖ്യാപിച്ചത്.
പത്തുകൊല്ലം മുമ്പ് ഉത്തർ പ്രദേശിലെ ആഗ്രയ്ക്കടുത്ത് നഹാരയിൽ ജാതിക്കോടതി നടപ്പാക്കിയ വധശിക്ഷ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. പ്രണയബദ്ധരായി വിവാഹിതരായ ഗുഡിയ, മഹേഷ് എന്നീ കമിതാക്കളെയാണ് താക്കൂർ കോടതി അതിക്രൂരമായി കൊന്നത്. ഗുഡിയയെയും മഹേഷിനെയും തല്ലിച്ചതച്ച് മരക്കൊമ്പിൽ തൂക്കിക്കൊന്നു. മൃതശരീരങ്ങളുടെ കഴുത്തറുത്ത് കബന്ധങ്ങൾ കഷണങ്ങളായി വെട്ടിപ്പിളർന്ന് അടുത്തുളള അഴുക്കുചാലിന് സമീപം ചുട്ടെരിച്ചാണ് അഭിമാനം കാത്തുസൂക്ഷിച്ചത്.
ഇത്തരം കൊലപാതകങ്ങളുടെ രീതിയും ശൈലിയുമല്ല അതിനു ലഭിക്കുന്ന സാമൂഹ്യസ്വീകാര്യതയാണ് ആഴത്തിൽ പഠിക്കേണ്ടതും ചികിത്സിക്കേണ്ടതും. ജാത്യാഭിമാനം സംരക്ഷിക്കാൻ എത്ര ക്രൂരമായ കൊലപാതകങ്ങൾക്കും മടിക്കാത്ത ഒരു സമൂഹം. അവരിൽ രോമാഞ്ചം ചൊരിയാൻ കേരളത്തിലും ആൾക്കൂട്ടം.
ഭീകരമാണ്, ഭയാനകമാണ് സ്ഥിതി. മറികടന്നേ തീരൂ ഈ പ്രതിസന്ധി. പോലീസും കോടതിയും ഉണർന്നു പ്രവർത്തിക്കണം. അതോടൊപ്പം സാമൂഹ്യകൂട്ടായ്മകൾക്കുള്ള പൊതുഇടങ്ങൾ കൂടുതൽ ശക്തിപ്പെടണം. പുതിയ തലമുറയെ ജനാധിപത്യമൂല്യങ്ങൾക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ പ്രാപ്തമാക്കണം. അവരിൽ ചരിത്രബോധം ഊട്ടിയുറപ്പിക്കണം.