റിയാദ് - പണം വെളുപ്പിക്കല്‍ കേസില്‍ 13 പേരെ കോടതി ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അറബ് വംശജരായ 11 പേരും രണ്ടു സൗദി പൗരന്മാരുമാണ് കേസിലെ പ്രതികള്‍. കോണ്‍ട്രാക്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തി പണം നിക്ഷേപിക്കുകയും സൗദി അറേബ്യക്കകത്തെ ബാങ്കുകളില്‍ നിന്ന് മണി ട്രാന്‍സ്ഫര്‍ സ്വീകരിക്കുകയും പിന്നീട് ഈ തുക വിദേശങ്ങളിലെ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് സംഘം ചെയ്തിരുന്നത്. വിദേശത്തേക്ക് അയക്കുന്ന ഓരോ പണമയക്കല്‍ ഇടപാടുകള്‍ക്കും അഞ്ചു ശതമാനം കമ്മീഷന്‍ നിശ്ചയിച്ചാണ് സംഘം പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.
പ്രതികള്‍ക്ക് ആകെ 51 വര്‍ഷം തടവും പിഴയും പണം കണ്ടുകെട്ടലും അടക്കം 17.6 കോടി റിയാലുമാണ് കോടതി വിധിച്ചത്. പ്രതികളുടെ പക്കല്‍ പണമായി കണ്ടെത്തിയ ഏഴു ലക്ഷത്തിലേറെ റിയാലും അക്കൗണ്ടുകളില്‍ കണ്ടെത്തിയ 70 ലക്ഷത്തിലേറെ റിയാലും കണ്ടുകെട്ടാന്‍ വിധിയുണ്ട്. പ്രതികള്‍ക്ക് ആകെ 16.6 കോടി റിയാല്‍ കോടതി പിഴ ചുമത്തി. പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്ക് ഉപയോഗപ്പെടുത്തിയ നാലു സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുന്ന വിദേശികള്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.