കാസർകോട്- പോലീസിനെ വെടിവെച്ച് രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള റെയ്ഡിൽ 110 കിലോ കഞ്ചാവും ആയുധങ്ങളും മഞ്ചേശ്വരം പോലീസ് പിടികൂടി.
മിയാപദവ് കുന്നിൻ മുകളിലുള്ള കാട്ടു പ്രദേശത്തുനിന്നാണ് കാറിൽ സൂക്ഷിച്ച 110 കിലോ കഞ്ചാവും 55 ഗ്രാം എംഡിഎംഎ യും മാരകായുധങ്ങളും കാസർകോട് ഡിവൈഎസ്പി പി പി സദാനന്ദൻ, ഇൻസ്പെക്ടർ അരുൺ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തത്.
തോക്കുകൾ, തിര, കമ്പി വടികൾ, സൈക്കിൾ ചെയിൻ തുടങ്ങിയ ആയുധങ്ങൾ പിടിച്ചെടുത്ത കാറിലുണ്ടായിരുന്നു. അതിർത്തിയിലെ മാഫിയാ തലവൻ റഹീമിന്റെ ഉടമസ്ഥതയിലുള്ളതാണ് കഞ്ചാവുമായി പിടിയിലായ കാറെന്ന് പോലീസ് പറഞ്ഞു.
ഉപ്പള ഹിദായത്ത് നഗറിലെ ക്ലബ്ബിന് സമീപം വെച്ച് ഗുണ്ടാ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് കഴിഞ്ഞ രാത്രി പോലീസിന്റെ ഓപ്പറേഷൻ നടന്നത്.
ഗുണ്ടാ സംഘം നടത്തിയ വെടിവെപ്പിൽ പോലീസ് വാഹനത്തിൽ ഡ്രൈവർ സീറ്റിലെ ഡോറിൽ ആണ് വെടി കൊണ്ടത്. രക്ഷപ്പെട്ടവരിൽ മൂന്നുപേരെ കർണാടക പോലീസും ഒരാളെ മഞ്ചേശ്വരം പോലീസും പിടികൂടിയിട്ടുണ്ട്.