കൊച്ചി- ഇരവോട്ടുകള്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ വിവാദത്തിലായി പെരുമ്പാവൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. എല്‍ദോസിനും ഭാര്യക്കും രണ്ടിടത്ത് വോട്ടുണ്ടെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 130-ാം നമ്പര്‍ ബൂത്തിലും പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ 142-ാം ബൂത്തിലുമാണ് എം.എല്‍.എയുടെ പേരുള്ളത്. കുന്നപ്പിള്ളിയുടെ ഭാര്യക്കും ഇരട്ടവോട്ടുണ്ട്. എന്നാല്‍, ഇരട്ടവോട്ടിനെ കുറിച്ച് അറിയില്ലെന്നും മൂവാറ്റുപുഴയിലെ വോട്ടു നീക്കാന്‍ അപേക്ഷ നല്‍കിയിരുന്നെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി നാലു ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതുസംബന്ധിച്ച് അഞ്ചുതവണ പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുത്തില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് കമ്മിഷനോട് ഹൈക്കോടതി ഇന്ന് വിശദീകരണം ചോദിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം.