Sorry, you need to enable JavaScript to visit this website.

കുട്ടീഞ്ഞോക്ക് ഹാട്രിക്, റൊണാൾഡോക്ക് റിക്കാർഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാർട്ടക് മോസ്‌കോക്കെതിരെ ഹാട്രിക് നേടിയ ലിവർപൂളിന്റെ ഫിലിപ്പ് കുട്ടീഞ്ഞോ.
  • ലിവർപൂൾ, സെവിയ, ഷാക്തർ, പോർട്ടോ അവസാന 16ൽ

ലണ്ടൻ- ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ ഹാട്രിക് മികവിൽ സ്പാർട്ടക് മോസ്‌കോയെ 7-0ന് തകർത്ത് ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ. ലണ്ടനിലെ ആൻഫീൽഡിൽ നേടിയ വിജയത്തോടെ ഇ ഗ്രൂപ്പ് ജേതാക്കളായാണ് യുർഗൻ ക്ലോപ്പിന്റെ സംഘം മുന്നേറിയത്. അതേ ഗ്രൂപ്പിൽനിന്ന് സെവിയയും അവസാന 16ലെത്തിയിട്ടുണ്ട്. എഫ് ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ 1-2ന് അട്ടിമറിച്ച് ഷക്തർ ഡോണറ്റ്‌സ്‌കും, ജി ഗ്രൂപ്പിൽനിന്ന് എഫ്.സി പോർട്ടോയും അവസാന 16ലെത്തി.
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡ് പ്രകടനത്തോടെയാണ് ശ്രദ്ധേയമായത്. എച്ച് ഗ്രൂപ്പിൽ റയൽ മഡ്രീഡ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 3-2ന് തോൽപ്പിച്ച മത്സരത്തിൽ സ്‌കോർ ചെയ്തതോടെ പോർച്ചുഗീസ് സൂപ്പർ താരം ഇരട്ട റിക്കാർഡ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും സ്‌കോർ ചെയ്യുന്ന ആദ്യ താരമെന്നതായിരുന്നു ഒരു റിക്കാർഡ്. കളിച്ച ചാമ്പ്യൻസ് ലീഗുകളിലെല്ലാമായി ഗ്രൂപ്പ് ഘട്ടത്തിൽ 60 ഗോളെന്ന ലിയോണൽ മെസ്സിയുടെ റിക്കാർഡിനൊപ്പവുമെത്തി റൊണാൾഡോ. ബുധനാഴ്ച രാത്രിയിലേത് ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ റൊണാൾഡോയുടെ ഒമ്പതാമത് ഗോളായിരുന്നു.
ചാമ്പ്യൻസ് ലീഗ് സീസണിൽ ഇത് രണ്ടാം തവണയാണ് ലിവർപൂൾ ഏഴ് ഗോൾ ജയം നേടുന്നത്. നേരത്തെ അവർ സ്ലോവേനിയയിലെ മാരിബോറിനെ 7-0ന് കീഴടക്കിയിരുന്നു. റെഡ്‌സിന്റെ 'ഫാബ് ഫോർ' എന്ന് വിളിക്കുന്ന നാല് മിന്നും താരങ്ങളും സ്പാർട്ടക്കിനെതിരെ സ്‌കോർ ചെയ്തു. ഹാട്രിക് നേടിയ കുട്ടീഞ്ഞോക്കുപുറമെ സെനഗൾ താരം സദിയോ മാനി രണ്ടും, മുഹമ്മദ് സലാഹ്, റോബർട്ടോ ഫേമിനോ എന്നിവർ ഓരോ ഗോളും അടിച്ചു. കളി തുടങ്ങി 19 മിനിറ്റിനുള്ളിൽ തന്നെ റെഡ്‌സ് 3-0 ലീഡ് നേടിയിരുന്നു. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് അവസാന 16ലെത്തുന്നത്. ഇതോടെ ഇംഗ്ലണ്ടിൽനിന്നുള്ള അഞ്ച് ക്ലബ്ബുകളും ഇത്തവണ അവസാന 16ലെത്തി. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവർ നേരത്തെ മുന്നേറിയിരുന്നു. 
സ്പാർട്ടക് തോറ്റതോടെയാണ് സ്പാനിഷ് ക്ലബ്ബായ സെവിയക്ക് അവസാന 16 ഉറപ്പായത്. മാരിബോർ അവരെ 1-1ന് തളച്ചിരുന്നു. ക്യാപ്റ്റൻ മാർക്കോസ് ടവാറസിലൂടെ മാരിബോർ മുന്നിലെത്തിയെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ഹെൻട്രിഖ് ഗാൻസോ സെവിയയുടെ സമനില ഗോൾ നേടി.
നേരത്തെ യോഗ്യത നേടിയ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം ഗ്രൗണ്ടിൽ വീഴ്ത്തിയാണ് ഷാക്തറിന്റെ മുന്നേറ്റം. സമനില നേടിയാൽ പോലും അവസാന 16 ലെത്തുമായിരുന്ന ഷാക്തറിനുവേണ്ടി ബ്രസീലിയൻ താരം ബെർണാഡ് ഇസ്മായിലിയാണ് രണ്ടും ഗോളും അടിച്ചത്. 
ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ സെർജിയോ അഗ്യൂറോയുടെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോൾ. ഈ സീസണിൽ സിറ്റിയുടെ ആദ്യ തോൽവിയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫെയ്‌നൂർദിനെ 1-2ന് തോൽപ്പിച്ച നാപോളിക്ക് ഇനി യൂറോപ്പ ലീഗിലാണ് പ്രതീക്ഷ.
കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ മൊണാക്കോടെ 2-5ന് തകർത്താണ് പോർട്ടോ അവസാന 16ലെത്തിയത്. പോർച്ചുഗീസ് ക്ലബ്ബിനുവേണ്ടി വിൻസെന്റ് അബൂബക്കർ രണ്ടും, യാസീൻ ബ്രാഹിമി, അലെക്‌സ് ടെല്ലാസ്, ഫ്രാൻസിസ്‌കോ ടോറസ് എന്നിവർ ഓരോ ഗോളുമടിച്ചു. ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായ ബെസിക്താസ് 2-1ന് ലീപ്‌സീഷിനെ തോൽപ്പിച്ചു. എച്ച് ഗ്രൂപ്പ് ജേതാക്കളായ ടോട്ടനം 3-0ന് സൈപ്രസ് ക്ലബ്ബായ അപോൾ നിക്കോഷ്യയെ കീഴടക്കി.

 

Latest News