Sorry, you need to enable JavaScript to visit this website.

പ്രവാസികളെ ചേർത്തുപിടിക്കുന്ന കെ.എം.സി.സി

എല്ലാ വർഷവും ഏപ്രിൽ ഒന്നിന് തുടങ്ങുന്ന മലപ്പുറം ജില്ലാ കെ.എം.സി.സി ജിദ്ദ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ 2021-22 വർഷത്തേക്കുള്ള അംഗമാകാനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി അവസാനിക്കാൻ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ.
മലപ്പുറം ജില്ലക്കാരനും കെ.എം.സി.സിയുടെയും അതിന്റെ മാതൃസംഘടനയായ മുസ്‌ലിം ലീഗിന്റെയും വിമർശകരോ, അത്തരം വിമർശക സംഘടനകളിൽ അംഗങ്ങളോ അല്ലാത്ത ഈ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയാറുള്ള, ജിദ്ദയിൽ നിയമാനുസൃതം താമസിക്കുന്ന ഏതൊരാൾക്കും മത, രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഈ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്.


മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നമ്മെ വരിഞ്ഞു മുറുക്കിയ കൊറോണയെന്ന മഹാമാരി ഇപ്പോഴും നമ്മെ വിട്ടു പോയിട്ടില്ല. ഏത് സമയവും നമ്മെ തേടിയെത്താവുന്ന അകലത്തിൽ കൊറോണ നിൽപുണ്ട് എന്നത് തന്നെയാണ് നമ്മുടെയൊക്കെ സ്വസ്ഥവും സമാധാനപരവുമായ ജീവിതത്തിന് ഭംഗം വരുത്തുന്നത്.
ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് രേഖകൾ മുന്നിൽ വെച്ച് നമ്മോട് പറയുന്ന കാര്യങ്ങൾ ഏറെ പ്രസക്തമാണ്. 23 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായമുള്ള  പ്രവാസികളാണ്  കോവിഡിന് ഏറെയും ഇരയായിട്ടുള്ളത്. ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട കണക്കു പ്രകാരം 2020 ൽ പ്രവാസ ലോകത്ത് മരണമടഞ്ഞവരുടെ എണ്ണം 1123 ആണ്. ഇതിൽ അറുന്നൂറോളം മലയാളികൾ ആയിരുന്നു എന്നത് ഏറെ ഞെട്ടലോടെ കേട്ട വാർത്തയാണ് .
ഇതിൽ അപകട മരണങ്ങൾ ഉണ്ട്, സാധാരണ മരണങ്ങൾ ഉണ്ട് , അതിനപ്പുറം മരണസംഖ്യ ഇത്രയും കൂടാൻ ഒരു പക്ഷേ കൊറോണ തന്നെയായിരിക്കാം കാരണം. 
മരണപ്പെട്ട 600 ഓളം മലയാളികളിൽ സുസ്ഥിര ജീവിതം നയിക്കുന്ന എത്ര പ്രവാസി കുടുംബങ്ങളുണ്ടാകും എന്നു ചിന്തിക്കുമ്പോഴാണ് കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ വില മനസ്സിലാവുക. 


സൗദി അറേബ്യയിൽ നാഷനൽ കമ്മിറ്റിയുടെയും സെൻട്രൽ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും കീഴിലാണ് സുരക്ഷാ പദ്ധതികൾ നടന്നുവരുന്നത്. നാഷനൽ കമ്മിറ്റിയുടെയും സെൻട്രൽ കമ്മിറ്റിയുടെയും അംഗത്വ വിതരണം രണ്ട് മാസം മുമ്പാണ് അവസാനിച്ചത്. അതിൽ അംഗമാകാൻ അവസരം ലഭിക്കാത്ത മലപ്പുറം ജില്ലക്കാരായ പ്രവാസികൾക്കുള്ള സുവർണാവസരമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതി കാമ്പയിൻ. 60 റിയാൽ മാത്രമാണ് അംഗത്വ ഫീസ്. തുടർച്ചയായി നാലോ അതിലധികമോ വർഷം പദ്ധതിയിൽ അംഗമായിരിക്കുകയും നിലവിലെ അംഗത്വ കാലയളവിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്താൽ 5 ലക്ഷം രൂപയാണ് കുടുംബത്തിന് സമാശ്വാസമായി ലഭിക്കുക. മൂന്ന് വർഷം വരെ തുടർന്നവർക്ക് മൂന്ന് ലക്ഷവും പുതുതായി ചേർന്നവർക്ക് രണ്ടു ലക്ഷം രൂപയുമാണ് മരണാനന്തര ആനുകൂല്യമായി ലഭിക്കുക. 


പ്രവാസ വിരാമ ആനുകൂല്യങ്ങൾ എന്ന പേരിൽ പുതിയ ഒരു സ്‌കീമാണ് ഇക്കുറി ഉൾപ്പെടുത്തിയിട്ടുള്ളത്. 2021-22 സ്‌കീമിൽ അംഗത്വം തുടരുന്ന, തൊട്ടുമുമ്പുള്ള വർഷം തുടർച്ചയായി അംഗമായിരുന്ന ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകുന്നവർക്ക് പതിനായിരം രൂപയും തൊട്ടുമുമ്പുള്ള അഞ്ചു വർഷക്കാലം തുടർച്ചയായി അംഗമായിരുന്ന ഫൈനൽ എക്‌സിറ്റിൽ പോകുന്നവർക്ക് ഇരുപത്തി അയ്യായിരം രൂപയും ജീവിച്ചിരിക്കുന്നവർക്ക് തന്നെ സമാശ്വാസമായി നൽകുന്ന പദ്ധതിയാണ് പ്രവാസ വിരാമ ആനുകൂല്യങ്ങൾ. 
ജിദ്ദ സെൻട്രൽ കമ്മിറ്റി 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകുന്ന പദ്ധതി  ഈ വർഷം ആരംഭിച്ചിരുന്നു. 


സ്വന്തത്തിനപ്പുറം  കുടുംബത്തിന്റെ കെട്ടുറപ്പിന് വേണ്ടിയാണ്. ഇന്ന് ശരിയാവും, നാളെ ശരിയാവും എന്ന പ്രതീക്ഷയിൽ  മുന്നോട്ടു പോകുമ്പോഴാകും അകാലത്തിൽ മരണം നമ്മെ തേടിയെത്തുക. ആ സമയം ഇല്ലാതാകുന്നത് കുടുംബത്തിന്റെ കെട്ടുറപ്പ് തന്നെയാണ്. ഇതിനൊരു പരിഹാരമായാണ് കെ.എം.സി.സി ഇത്തരം സുരക്ഷാ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. തേനും പാലും ഒഴുക്കുന്ന സർക്കാരുകൾക്ക് പോലും കെ.എം.സി.സിയുടെ ഈ മാതൃക പിന്തുടരാൻ കഴിയില്ല എന്നതാണ് സത്യം. കോവിഡ് കാലത്ത് നാട്ടിലും മറുനാട്ടിലുമായി കെ.എം.സി.സി ചെയ്ത പ്രവർത്തനങ്ങൾക്ക് കൈയും കണക്കുമില്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാവരും മനുഷ്യരാണ് എന്ന കാഴ്ചപ്പാടിലായിരുന്നു കെഎംസിസിയുടെ പ്രവർത്തനം. അത് മരുന്നായും ഭക്ഷണമായും വസ്ത്രമായും വാഹനമായുമെല്ലാം നമ്മുടെ മുന്നിലൂടെ കടന്നുപോയി.

ഒരു മാസത്തെ ഇന്റർനെറ്റ് ഉപയോഗത്തിന് 150 റിയാലും അതിന് മുകളിലും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. അതിന് പുറമെ മറ്റു വട്ടച്ചെലവുകൾ വേറെയും. എന്നാൽ തങ്ങളുടെ അഭാവത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഇത്തരം പദ്ധതികൾക്ക്  നൽകാൻ മാത്രമാണ് പ്രവാസിയുടെ കൈയിൽ പണമില്ലാത്തത്. 


      ഈ വർഷത്തെ അംഗത്വ കാമ്പയിൻ മാർച്ച് 31 ന് അവസാനിക്കുമെന്നാണ് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്. അവസാന സമയത്തേക്ക് കാത്തു നിൽക്കാതെ നമ്മുടെ അല്ലെങ്കിൽ നമ്മുടെ അയൽവാസികളുടെ, സുഹൃത്തുക്കളുടെ കുടുംബത്തിന് കൈത്താങ്ങാവാൻ, അവരുടെ കണ്ണീരൊപ്പാൻ പ്രവാസികൾ പരസ്പരം കൈകോർക്കുകയല്ലാതെ വേറെ മാർഗമൊന്നും മുന്നിൽ തെളിയാത്ത കാലത്തോളം,  പകരം വെക്കാനില്ലാത്ത സംഘടനയായി പ്രവാസ ലോകത്ത് കെ.എം.സി.സി ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

Latest News