കൊല്ലം - എൻ.എസ്.എസ് ശത്രുപക്ഷത്താണെന്നു കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസും ഇടതുപക്ഷവുമായി ശത്രുത വരുത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വമായ ശ്രമം നടത്തുന്നുണ്ടെന്നും, ഒരു സമുദായ സംഘടനയുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.എസ്.എസിനെതിരെ കടുപ്പിച്ച് പിണറായി എന്ന നിലയ്ക്കായിരുന്നു വാർത്തകൾ. ഇതിനോട് എൻ.എസ്.എസ് പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോൾ ചോദ്യങ്ങളുടെ കാലമാണല്ലോയെന്നും മൂന്ന് ചോദ്യങ്ങളാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഉയർത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തി അവധിയാക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിച്ചെങ്കിലും ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരാണ് നിലപാട് എടുക്കേണ്ടത്. 15 ദിവസത്തിൽ കൂടുതൽ അവധി നൽകാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. രാജ്യത്ത് ആദ്യമായി മുന്നോക്ക വിഭാഗങ്ങൾക്ക് സാമുദായിക സംവരണം നടപ്പാക്കിയത് ദേവസ്വം ബോർഡിലൂടെ സർക്കാരാണ്.
ഫിഷറിസ് വകുപ്പിനും സർക്കാരിനുമെതിരേ ചില കേന്ദ്രങ്ങളിൽനിന്ന് ആക്ഷേപങ്ങൾ എല്ലാഘട്ടത്തിലും ഉയർന്നിട്ടുണ്ട്. എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉൾപെടുത്താൻ നോക്കുന്നത് 'നല്ലൊരു കാര്യമാണ്'. ഇതിന്റെ ഭാഗമായി ഗൂഢാലോചന നടന്നിട്ടുണ്ട്. ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദല്ലാളന്മാർ അടക്കം ഗൂഢാലോചനയിൽ ഇടപെട്ടിട്ടുണ്ട്.
ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വിഷുവും റമദാനും വ്രതാരംഭവും വരുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജനങ്ങൾ കഷ്ടപ്പെടണമെന്ന് പ്രതിപക്ഷം എങ്ങനെയാണ് ചിന്തിക്കുന്നത്. വോട്ടിന് വേണ്ടിയിട്ടല്ല കിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് വോട്ടിന് വേണ്ടി നാടിനെ ബി.ജെ.പിക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. ഒരു കരിനിയമത്തിന് മുന്നിലും എൽ.ഡി.എഫ് വഴങ്ങില്ല. എൽ.ഡി.എഫിന് തീരദേശ മേഖലയിലുള്ള സ്വാധീനം കണ്ട് അത് എങ്ങനെയില്ലാതാക്കാമെന്നാണ് യു.ഡി.എഫ് ആലോചിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ എൽ.ഡി.എഫിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതിന് പിറകിൽ ഒത്തുകളിയാണ്. ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചത് ബി.ജെ.പിയുമായുള്ള ഡീല് ഉറപ്പിച്ചെന്നതിന്റെ സ്ഥിരീകരണമാണ്.
ബി.ജെ.പി പൗരത്വനിയമം ഉൾപ്പടെയുള്ള കാര്യങ്ങളുമായാണ് ഇറങ്ങിത്തിരിക്കുന്നത്. അസം തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ സൂചിപ്പിച്ചത് പൗരത്വനിയമം നടപ്പാക്കുമെന്നാണ്. പൗരത്വ രജിസ്റ്റർ പുതുക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ബംഗാളിൽ ബി.ജെ.പി പറയുന്നത് ആദ്യനിയമസഭാ യോഗത്തിൽ തന്നെ സി.എ.എ നടപ്പാക്കാൻ തീരുമാനമെടുക്കുമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമഭേദഗതിയുമായി അതിന്റെ ഭാഗമായ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകുന്നമെന്നാണ് സംഘപരിവാർ പ്രഖ്യാപിക്കുന്നത്. കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ വളരെ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും എന്താണ് അത്തരമൊരു ഉറച്ച നിലപാട് എടുക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. സി.എ.എ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മേൽ കേന്ദ്രസർക്കാർ ഏൽപ്പിച്ച കനത്ത ആഘാതമാണ്.മതം പൗരത്വത്തിന്റെ അടിസ്ഥാനമാകരുത്. അതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ഇളക്കം തട്ടിയാൽ മതനിരപേക്ഷതയും ജനാധിപത്യവും തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.