ലോകത്തെയൊന്നാകെ പിടിച്ചുലച്ച കോവിഡ്19 എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിലും പ്രതിരോധം തീർക്കുന്നതിലും സൗദി അറേബ്യ കൈവരിച്ച നേട്ടം മറ്റേതൊരു രാജ്യത്തേക്കാളും ഒരു പടി മുന്നിലാണ്. സൗദി ഭരണകർത്താക്കളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സമയോജിത ഇടപെടുലുകളും വ്യാപനം തടയുന്നതിനു സ്വീകരിച്ച നടപടികളുമാണ് ഇതിനു കാരണം. അതോടൊപ്പം ജനങ്ങളുടെ പൂർണ സഹകരണവുമായപ്പോൾ മറ്റു രാജ്യങ്ങളെല്ലാം കോവിഡ് ഭീഷണിയിൽ പൊറുതി മുട്ടിയപ്പോൾ സൗദി അതിൽനിന്നു വേറിട്ടു നിന്നു. ലോക മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രമായ ഇരു ഹറമുകൾ സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയിൽ ലോകത്തിന്റെ മുക്കുമൂലകളിൽനിന്നുള്ളവർ തീർഥാടനത്തിനു വരുന്ന കേന്ദ്രമെന്ന നിലയിലും നൂറോളം രാജ്യക്കാരായ വിദേശികൾ ജോലി ചെയ്യുന്നിടം എന്ന നിലയിലും കോവിഡ് വ്യാപനത്തിന്റെ ഏറ്റവും കൂടുതൽ ഭീഷണി നേരിട്ടിരുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാൽ മുൻകരുതലുകളും ജാഗ്രതയും ശ്രദ്ധേയമായ നടപടികളും അതിനാവശ്യമായ സർക്കാരിന്റെ സാമ്പത്തിക സഹായവുമെല്ലാം എണ്ണയിട്ട യന്ത്രം കണക്കേ ചലിച്ചതിനാൽ ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കി കോവിഡിനെ ഒരു പരിധി വരെ ചെറുത്തു നിന്ന സുരക്ഷിത രാജ്യം എന്ന പേര് സൗദിക്ക് എളുപ്പം കൈവന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ യാത്രകൾക്ക് ചില പ്രയാസങ്ങളുണ്ടായെങ്കിലും കൊറോണയെ ഭയക്കാതെ സ്വന്തം രാജ്യത്തേക്കാൾ സുരക്ഷിതമായി കഴിയാവുന്ന സ്ഥലം എന്ന തോന്നലുണ്ടാവുകയും ചെയ്തു.
മാർച്ച് 23 വരെയുള്ള കണക്കു പ്രകാരം 3,85,834 പേർക്കാണ് സൗദിയിൽ കൊറോണ വൈറസ് ബാധയുണ്ടായത്. ഇതിൽ 3,75,165 പേർ രോഗ മുക്തരായി. 6618 പേരാണ് മരണ മടഞ്ഞത്. ഒരു വേള പ്രതിദിന രോഗികളുടെ എണ്ണം നൂറിൽ താഴെ വരെ ആക്കുന്നതിന് സൗദിക്കായി. രണ്ടാം തരംഗത്തിലും കാര്യമായ വ്യാപനമില്ലാതെ പിടിച്ചുനിൽക്കാൻ സൗദിക്കു കഴിഞ്ഞത് രാജ്യം സ്വീകരിച്ച പ്രതിരോധ നടപടികളുടെ ഫലമാണ്. ഇനിയിപ്പോൾ പരമാവധി പേരിലേക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ എത്തിക്കുകയെന്നതാണ് സർക്കാർ നിലപാട്.
സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഇതുമായി സഹകരിക്കുകയെന്നതാണ് സൗദിയിൽ കഴിയുന്നവർ ചെയ്യേണ്ടത്. വാക്‌സിൻ നൽകുന്നതിൽ ഒരു വിധത്തിലുള്ള പക്ഷാഭേദവുമില്ലാതെ എല്ലാവരെയും തുല്യരായി കണ്ടുകൊണ്ടാണ് നൽകി വരുന്നത്. പരമാവധി പേരിൽ എത്രയും വേഗം വാക്‌സിൻ എത്തിക്കുന്നതിന് അതിബൃഹത്തായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിൻ കേന്ദ്രങ്ങളിലെ ജീവനക്കാരായ സ്വദേശി യുവതി, യുവാക്കളുടെ ഹൃദ്യമായ പെരുമാറ്റം ആരെയും ആകർഷിക്കുന്നതാണ്. ഒരു കാത്തുനിൽപും വേണ്ടതില്ലാതെ പ്രയാസരഹിതമായി വലിപ്പ, ചെറുപ്പ വ്യത്യാസമില്ലാതെ ആർക്കും വാക്‌സിൻ സ്വീകരിച്ച് സന്തോഷത്തോടെ മടങ്ങാവുന്ന സൗകര്യങ്ങളാണ് എല്ലാ കേന്ദ്രങ്ങളിലുമുള്ളത്.
ജി.സി.സി രാജ്യങ്ങളിൽ വാക്‌സിന് തുടക്കമിടുന്നതിൽ ആദ്യം തന്നെ രംഗത്തു വന്ന രാജ്യങ്ങളിലൊന്നാണ് സൗദി. ഡിസംബർ 17 ന് തുടക്കമിട്ട വാക്‌സിനേഷൻ പരിപാടിയിൽ ആരംഭ ഘട്ടത്തിൽ തന്നെ ആരോഗ്യ മന്ത്രിയും കിരീടാവകാശിയും രാജാവുമെല്ലാം ഭാഗഭാക്കായി മാതൃകയാവുകയായിരുന്നു. ഇതു ജനങ്ങളിൽ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. എങ്കിലും വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖതയുള്ളവരും ആശങ്കയുള്ളവരും ഇപ്പോഴും ഇല്ലാതില്ല. എന്നാൽ വാക്‌സിൻ സ്വീകരിക്കുന്നതിന് ഒരുവിധ ആശങ്കയും പുലർത്തേണ്ടതില്ല. ഇതിനകം തന്നെ 3.33 ദശലക്ഷം പേർ സൗദിയിൽ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. നൂറിൽ 9.73 പേർ വാക്‌സിൻ സ്വീകരിച്ചവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ എൺപതു ശതമാനത്തോളം പേരെങ്കിലും വാക്‌സിൻ സ്വീകരിച്ചാൽ മാത്രമായിരിക്കും കോവിഡിന്റെ ശൃംഖലയെ തകർക്കാനും രാജ്യത്തെ രോഗമുക്തമാക്കാനും കഴിയുക. ആ ലക്ഷ്യം കൈവരിക്കാൻ കോവിഡിനെ പ്രതിരോധിക്കുന്നതിൽ സഹകരിച്ച പോലെ വാക്‌സിൻ സ്വീകരിക്കുന്നതിലും ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. അതിനാൽ ആശങ്ക കൂടാതെ വാക്‌സിൻ സ്വീകരിക്കുന്നതിന് ഇനിയും രജിസ്റ്റർ ചെയ്യാത്തവർ അതിനു തയാറാകണം. സീഹതി ആപ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യ ഘട്ടങ്ങളിൽ രജിസ്റ്റർ ചെയ്തവർക്ക് ദിവസങ്ങൾ കഴിഞ്ഞായിരുന്നു വാക്‌സിന് അനുമതി ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ 48 മണിക്കൂറിനകം തന്നെ അനുമതി ലഭിക്കുന്നുണ്ട്.
ഫൈസർ, ഓക്‌സ്‌ഫോർഡ് ആസ്ട്രസനിക (കോവിഷീൽഡ്) എന്നീ രണ്ടു തരം വാക്‌സിനുകളാണ് സൗദിയിൽ നൽകി വരുന്നത്. തുടക്കത്തിൽ ഫൈസർ വാക്‌സിൻ ആയിരുന്നുവെങ്കിൽ ഇപ്പോൾ കൂടുതലും ലഭിക്കുന്നത് കോവിഷീൽഡ് വാക്‌സിനാണ്. ഏതു വാക്‌സിനായാലും രണ്ടു ഡോസ് എടുത്താൽ മാത്രമേ പരിപൂർണ പ്രതിരോധം കൈവരിക്കാനാവൂ. ഫൈസർ ആണെങ്കിൽ 21 ദിവസത്തെ ഇടവേളക്കു ശേഷം രണ്ടാമത്തെ ഡോസ് ലഭിക്കും. ആസ്ട്രസനികയാണെങ്കിൽ രണ്ടോ മൂന്നോ മാസത്തെ ഇടവേളക്കു ശേഷമാണ് രണ്ടാം ഡോസ് ലഭിക്കുക. ദിവസം കൂടുന്നതിനാൽ ഇതിന്റെ ഫലം ഉണ്ടാകുമോ എന്ന സംശയം അസ്ഥാനത്താണ്. ദീർഘ ഇടവേളയാണ് ആസ്ട്രസനിക വാക്‌സിന്റെ ഗുണപ്രാപ്തിക്ക് നല്ലതെന്നതാണ് പഠനം പറയുന്നത്. 18 വയസ്സിനു മുകളിലുള്ള ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും പ്രതിരോധ ശേഷം വളരെ കുറഞ്ഞ രോഗങ്ങൾക്കടിമയായവരും ഒഴികെ ആർക്കും വാക്‌സിൻ സ്വീകരിക്കാം.
അതിവിപുലമായ സൗകര്യങ്ങളോടെ അഞ്ഞൂറിലേറെ വാക്‌സിൻ കേന്ദ്രങ്ങൾ സൗദിയിൽ തുറന്നിട്ടുണ്ട്. ഇതിനു പുറമെ ഡ്രൈവ് ത്രൂ വാക്‌സിൻ കേന്ദ്രങ്ങളും ഫാർമസികൾ കേന്ദ്രീകരിച്ചുള്ള സെന്ററുകളുമുണ്ട്. കൂടാതെ കിടപ്പു രോഗകളെ ഉദ്ദേശിച്ച് ഹോം വാക്‌സിനേഷൻ പരിപാടിയും സൗദിയിലുണ്ട്. വാക്‌സിൻ എടുക്കുന്നവർ എടുത്ത രാജ്യത്തുനിന്ന് രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കുന്നതാണ് ഉത്തമം. മൂന്നു മാസത്തെ ഇടവേള വരുന്നതിനാൽ രണ്ടാമത്തെ ഡോസ് നാട്ടിലെത്തി എടുത്താൽ മതിയോ എന്ന സംശയം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉണ്ട്. വാക്‌സിനേഷൻ ചെയ്തുവെന്ന സർട്ടിഫിക്കറ്റ് ലഭ്യമാവാൻ ഒരിടത്തുനിന്നു തന്നെ രണ്ടു ഡോസുകളും സ്വീകരിക്കുന്നതാണ് നല്ലത്.
വാക്‌സിൻ എടുത്താൽ ഉണ്ടാകാവുന്ന അനന്തര ഫലങ്ങളെക്കുറിച്ചുള്ള ആശങ്കയും പലരേയും അലട്ടുന്നുണ്ട്. ആസ്ട്രസെനിക വാക്‌സിന്റെ പേരിൽ തെറ്റദ്ധരിപ്പിക്കപ്പെടുന്ന പ്രചാരണം ലോകത്താകെ നടന്നിരുന്നു. രക്തം കട്ടപിടിക്കുന്നതും മരണം വരെ സംഭവിക്കാവുന്നതുമായ ദൂഷ്യഫലങ്ങൾ ഉണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വാക്‌സിൻ സ്വീകരിക്കുന്നതു വഴി ആരോഗ്യത്തിന് ഹാനികരമായ ദൂഷ്യഫലങ്ങളില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്താക്കിയിട്ടുണ്ട്. അതിനാൽ ആശങ്ക അസ്ഥാനത്താണ്. വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ പ്രയാസങ്ങളുണ്ടാകുമോ എന്ന ആശങ്കയും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.
വാക്‌സിൻ സ്വീകരിച്ചവരിൽ അപൂർവം ചിലർക്ക് നേരിയ തോതിൽ പനിയും ശരീരവേദനയും തലവേദനയും ഉണ്ടാകാം. വാക്‌സിൻ എടുത്ത ഭാഗത്ത് ചെറിയ ചൊറിച്ചിലും കല്ലിപ്പും അനുഭവപ്പെടാം. രണ്ടു ദിവസത്തിനകം ഇതു മാറുമെന്നതിനാൽ ഒരു ആശങ്കയും വേണ്ടതില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രവാസികളെ സംബന്ധിച്ചിടത്തോളം വാക്‌സിൻ കഴിയുന്നത്ര വേഗം എടുക്കുന്നതാവും നല്ലത്. രാജ്യാന്തര യാത്രകൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയേക്കാവുന്ന സാധ്യതകൾ ഏറെയാണ്. വാക്‌സിൻ എടുത്തതുകൊണ്ട് രോഗം വരില്ലെന്ന് ധരിക്കുകയും അരുത്.
വാക്‌സിൻ എടുത്തവരും കോവിഡ് പ്രതിരോധത്തിനു ഇതുവരെ സ്വീകരിച്ചിരുന്ന മുൻകരുതലുകൾ തുടരുകതന്നെ വേണം. വാക്‌സിന്റെ രണ്ടും ഡോസും സ്വീകരിച്ച് രണ്ടാഴ്ചയെങ്കിലും പിന്നിടുമ്പോൾ മാത്രമാണ് പരിപൂർണ പ്രതിരോധ ശേഷി കൈവരിക്കുക. അതു പരാമാവധി ആറു മുതൽ ഒരു വർഷം വരെയല്ലാതെ കാലാകാലം ഉണ്ടാകുമെന്ന ധാരണയും പുലർത്തേണ്ടതില്ല. ഈ മഹാമാരിയെ പിടിച്ചുകെട്ടി ലോകത്തിന്റെ പഴയ താളം വീണ്ടെടുക്കാൻ സർക്കാരുകളുമായി സഹകരിക്കുകയും വാക്‌സിൻ എടുക്കാത്തവർ എത്രയും വേഗം അതെടുക്കുകയുമാണ് വേണ്ടത്.