ഫറോക്ക്- പ്രവാസികള്‍ ഇതാ കോവിഡ് പരത്താനെത്തുന്നു.. എന്തൊരു ബഹളമായിരുന്നു ഏതാനും മാസങ്ങള്‍ മുമ്പ് വരെ. തെക്കന്‍ ജില്ലയില്‍ പ്രവാസി യാത്രക്കാരെ പെരുമാറുന്ന സംഭവം വരെയുണ്ടായി. കാറില്‍ നിന്ന് പിടിച്ചിറക്കി ഗള്‍ഫ് പ്രവാസിയെ പിടിച്ചു കയറ്റി ആംബുലന്‍സില്‍ കൊണ്ടു പോകുന്ന കാഴ്ച വരെ നമ്മള്‍ കണ്ടു. ഇതിനിടയ്ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയവരില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയവരുടെ സംഖ്യ വളരെ കുറവാണെന്ന കണക്കാണ് പുറത്തു വരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 46590 യാത്രക്കാര്‍ വന്നിറങ്ങിയപ്പോള്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത് 41 പ്രവാസികള്‍ക്ക് മാത്രം. 0.088 % ആണ് പോസിറ്റിവിറ്റി നിരക്ക്. ഒരു മാസം മുമ്പാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കിയത്.