Sorry, you need to enable JavaScript to visit this website.

ഗുജറാത്തിൽ എന്ത് സംഭവിക്കും? 

ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് ഒമ്പതിന് നടക്കും. രണ്ടാം ഘട്ടം ഈ മാസം പതിനാലിനും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമെന്ന നിലയിൽ മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. 2014ൽ മോഡി പ്രധാനമന്ത്രിയാവുമ്പോൾ സംസ്ഥാനത്തെ 26 ലോക്‌സഭാ സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിക്കാനാവുന്ന ഒന്നാണ് ഈ വോട്ടെടുപ്പ്. മാത്രവുമല്ല. പ്രധാന സംസ്ഥാനങ്ങളായ കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ. ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഏറ്റവുമൊടുവിൽ 22 വർഷം മുമ്പ് കോൺഗ്രസ് ഭരിച്ച ഗുജറാത്തിൽ അത്ഭുതം സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസിനെ നയിക്കുന്ന നാൽപത്തി ഏഴുകാരൻ രാഹുൽ ഗാന്ധി എന്നിവർ കുറച്ചു ദിവസങ്ങളായി ഗുജറാത്തിൽ കഠിനാധ്വാനത്തിലാണ്. തെരഞ്ഞെടുപ്പ് രംഗത്ത് ഇരുകക്ഷികളും ഒപ്പത്തിനൊപ്പമാണെന്ന് ചില സൂചനകൾ പുറത്തു വന്നിരുന്നു. 
ഇതിലും പ്രധാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ക്ലിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ബറൂച്ച് ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിന്റെ ശബ്ദം കേൾക്കാം. മുമ്പിൽ കുറെ ഒഴിഞ്ഞ കസേരകൾ. എബിപി ടെലിവിഷൻ ചാനലിലെ മാധ്യമ പ്രവർത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്റെയും ശ്രോതാക്കളില്ലാത്ത കസേരകളുടെയും വീഡിയോ ട്വീറ്റ് ചെയ്തത്. മോഡിയുടെ വ്യക്തിപ്രഭാവത്തിൽ ആളു കൂടുമെന്ന ബിജെപിയുടെ കണക്കുകൂട്ടലാണ് തെറ്റുന്നത്. 
12,000 കസേരകളാണ്  കാണികൾക്കായി നിരത്തിയിരുന്നത്. രാജ്‌കോട്ട്, ഭുജ് എന്നിവിടങ്ങളിൽ നടത്തിയ റാലികളിലും ജനപങ്കാളിത്തം കുറവായിരുന്നു. പ്രധാനമന്ത്രിയുടെ റാലിയിൽ പോലും ആളെ കൂട്ടാൻ കഴിയാത്ത ബിജെപി, എങ്ങനെ 150 സീറ്റിൽ വിജയിക്കുമെന്ന്  ജൈനേന്ദ്ര കുമാർ ചോദ്യം ഉന്നയിക്കുന്നുണ്ട്. 
എന്നാൽ പാട്ടീദാർ സമുദായ നേതാവ് ഹാർദിക് പട്ടേൽ രാജ്‌കോട്ടിൽ ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ റാലിയിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് മോഡിയുടെ പങ്കാളിത്തത്തോടെ  റാലി സംഘടിപ്പിച്ചത്. പക്ഷേ,  റാലിയിലെ ശുഷ്‌കിച്ച ജന പങ്കാളിത്തം സംസ്ഥാനത്തെ ബിജെപി നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഗുജറാത്ത് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഒരു ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച  അഭിമുഖത്തിൽ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. സുദീർഘ കാലയളവിൽ   അധികാരത്തിലിരുന്ന പാർട്ടിക്കെതിരെ വിരുദ്ധ വികാരം സ്വാഭാവികമാണ്. എങ്കിലും പാർട്ടിയെ  അനുകൂലിക്കുന്ന വലിയ വിഭാഗമുണ്ട്. വികസന രാഷ്ട്രീയം പരിഗണിച്ച് ജനം വോട്ട് ചെയ്യുമ്പോൾ 150 സീറ്റുകളിൽ എളുപ്പം ജയിക്കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 
തുടക്കത്തിൽ കോൺഗ്രസിന് പറയത്തക്ക പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. നില മെച്ചപ്പെടുത്തിയാൽ തന്നെ നേട്ടമെന്നതായിരുന്നു ധാരണ. നോട്ട് റദ്ദാക്കിയതും ജി.എസ്.ടി നടപ്പാക്കിയതിലെ അനൗചിത്യവും ഗുണം ചെയ്യുമെന്ന സൂചന ആദ്യമേ ലഭിച്ചു. വിവിധ വിഭാഗങ്ങളുടെ അസംതൃപ്തിയുടെ പ്രതീകമായ യുവാക്കൾ കോൺഗ്രസുമായി സഹകരിക്കാൻ തയാറായതോടെയാണ് ആത്മവിശ്വാസം ഇരട്ടിച്ചത്.   
മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന്  വ്യത്യസ്തമായ കളിയാണ് ഗുജറാത്തിൽ കോൺഗ്രസ് പരീക്ഷിക്കുന്നത്. തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിന്റെ സഹായം ഇത്തവണ തേടിയില്ല. 
പകരം പാർട്ടി പ്രവർത്തകരെ തന്നെ ചുമതലകൾ ഏൽപിക്കുകയായിരുന്നു. മുൻ ഐ.പി.എസ് ഓഫീസർ കുൽദീപ് ശർമയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ  സംഘത്തെ നിയന്ത്രിക്കുന്നത്. രണ്ട് വർഷം മുമ്പ് കോൺഗ്രസിലെത്തിയ ശർമ അഹമ്മദാബാദ് നഗരത്തിലെ രാജീവ് ഗാന്ധി ഭവനിലിരുന്ന് ചരട് വലിക്കുകയാണ്. നരേന്ദ്ര മോഡിയുടെ വിജയാസ്ത്രങ്ങളെ തകർക്കാനുള്ള പദ്ധതികളാണ് സംഘം ആസൂത്രണം ചെയ്യുന്നത്. കൃത്യമായ പ്ലാനിംഗ് ഇതിൽ പ്രകടമാണ്. സ്ഥാനാർഥികൾ ഓരോ പ്രദേശത്ത് എന്ത് പ്രസംഗിക്കണമെന്ന് വാർ റൂമിൽ നിന്ന് തീരുമാനിക്കും. രാഹുൽ ഗാന്ധിയുടെ വിഷയം പോലും നിർണയിക്കുന്നത് ഇതേ സംഘം. 
ശർമ തന്നോടൊപ്പം പ്രവർത്തിക്കാൻ തെരഞ്ഞെടുത്തവരിൽ പ്രമുഖനാണ് ഗുഡ്ഗാവിലെ സാം അനലിറ്റിക്‌സിന്റെ വേകാന്ത് രമണി.  തമിഴ്‌നാട്ടിലും ബിഹാറിലും യുപിയിലും വിവിധ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ച പരിചയ സമ്പന്നൻ. യുപിയിൽ ബിജെപിയുടെ വിജയ ശിൽപി. പിടിക്കേണ്ടത് 132 മണ്ഡലങ്ങൾ.  182 നിയമസഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്. ഇതിൽ കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങൾ 28 ആണ്. ബിജെപി 22 ലും. ബാക്കിയുള്ള 132 സീറ്റുകൾ പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശർമ പറയുന്നു. 132 മണ്ഡലങ്ങളെ ആറ് മേഖലകളാക്കി തിരിച്ചാണ് ശർമ തന്ത്രങ്ങൾ പയറ്റുന്നത്. കോൺഗ്രസ് ഗുജറാത്തിൽ ഇത്രയധികം താഴെ തട്ടിൽ പ്രവർത്തിക്കുന്നത് ആദ്യമായാണ്. പല ബൂത്തുകളിലും ബിജെപി ശക്തമല്ല. ഇവിടെ കോൺഗ്രസിന് മുൻ തെരഞ്ഞെടുപ്പുകളിൽ അടിപതറിയത് പ്രവർത്തകരുടെ പിണക്കങ്ങളും വിമത പ്രവർത്തനങ്ങളും കാരണമാണ്. പ്രവർത്തകർക്കിടയിൽ ഐക്യമുണ്ടാക്കിയാണ് കോൺഗ്രസ് ഇത്തവണ  ഒരുങ്ങിയത്. കൂടെ ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന പട്ടേലർമാരെ കൂടെ നിർത്താനുള്ള ശ്രമം വിജയം കണ്ടതും നേട്ടമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ശ്രദ്ധാ കേന്ദ്രമായ മൂന്ന് യുവാക്കളുടെ പ്രവർത്തനം കോൺഗ്രസിന് പുത്തനുണർവ് പകർന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജിഗ്‌നേഷ് മേവാനി, ഹർദിക് പട്ടേൽ, അൽപേഷ് ഠാക്കൂർ എന്നിവരാണ് പരിവർത്തനത്തിന്റെ ശംഖൊലി മുഴക്കുന്നത്. ബിജെപിയാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച് ദളിത് നേതാവാണ് ജിഗ്‌നേഷ് മേവാനി. ഗുജറാത്തിലെ ഉനയിൽ ദളിത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ജിഗ്‌നേഷ് മേവാനിയെന്ന ദളിത് നേതാവ് യുവാക്കൾക്ക് രാജ്യത്തെ ഹരമായി മാറിയത്. പശുവിന്റെ  തോലുരിച്ചെന്ന് ആരോപിച്ച് നാല് ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തോടെയാണ് ദളിതുകൾ പ്രക്ഷോഭവുമായി ഗുജറാത്തിലെ ഉനയിൽ ഒത്തുചേർന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മേവാനി സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. വടക്കൻ ഗുജറാത്തിലെ വാദ്ഗാമിൽ നിന്ന്. എസ് സി വിഭാഗങ്ങൾക്ക് വേണ്ടി സംവരണം ചെയ്ത സീറ്റാണ് വാദ്ഗാം. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട മേവാനി ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുക്കുകയായിരുന്നു. രാഷ്ട്രീയ ദളിത് അധികാർ മഞ്ച് കൺവീനർ കൂടിയായ ജിഗ്‌നേഷ് മേവാനി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നത് വരെ വിശ്രമമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ ഏഴ് ശതമാനത്തോളം വരുന്ന ദളിതർ  നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മേവാനി വ്യക്തമാക്കി.  കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മറ്റ് ചില മുതിർന്ന കോൺഗ്രസ് നേതാക്കളുമായി മേവാനി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.  ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഹർദിക് പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്. പാട്ടീദാർ സമുദായത്തിലെ ജനങ്ങളെ ഒരു കുടക്കീഴിലെത്തിക്കാൻ 22 കാരനായ ഹർദികിന്റെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.  അടുത്തിടെ കോൺഗ്രസിൽ ചേർന്ന അൽപേഷ് ഠാക്കൂറും ജനശ്രദ്ധയാകർഷിക്കുന്ന നേതാവാണ്.  മൂവർ സംഘത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും. 
പൊന്നാപുരം കോട്ട എന്ന് ബി ജെ പി കരുതിയ ഗുജറാത്തിലും മാറ്റത്തിന്റെ കാറ്റ് വീശുന്നതായാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന സർവേ  ഫലങ്ങൾ വ്യക്തമാക്കുന്നത്. ലോക്‌നീതി  -സി എസ് ഡി എസ് - എ ബി പി സർവേ ഫലമാണ് കോൺഗ്രസിനും ബി ജെ പിക്കും ഗുജറാത്തിൽ തുല്യസാധ്യത പ്രവചിച്ചത്.  കഴിഞ്ഞ നാല് മാസമായി ബി ജെ പി ക്ക് ഗുജറാത്തിൽ വളർച്ച കുറയുന്നു എന്നാണ് കണ്ടെത്തിയത്. ഇക്കാലത്തിനിടെ,  16 ശതമാനം വോട്ട് ഷെയറാണ് ബി ജെ പിക്ക് നഷ്ടമായത്. ഓഗസ്റ്റിൽ ബി ജെ പിയുടെ വോട്ട് ഷെയർ 59 ശതമാനമായിരുന്നു. ഇപ്പോഴിത് 43 ശതമാനമായി കുറഞ്ഞു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നഷ്ടം സ്വാഭാവികമായും കോൺഗ്രസിനാണ് നേട്ടമാകുന്നത്. ഓഗസ്റ്റിൽ 29 ശതമാനമായിരുന്ന കോൺഗ്രസിന്റെ വോട്ട് ശതമാനം 14 ശതമാനം കൂടി 43 ശതമാനത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയിലും വൻ ഇടിവാണ് പ്രകടമായത്. 82 ശതമാനം ആളുകളും ഓഗസ്റ്റ് മാസത്തിൽ മോഡിയെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ 18 ശതമാനം കുറഞ്ഞ് 64 ൽ എത്തി. 40 ശതമാനം പേരാണ് ഓഗസ്റ്റിൽ രാഹുലിന് അനുകൂലമായി സംസാരിച്ചതെങ്കിൽ നവംബർ അവസാന വാരം ആകുമ്പോഴേക്കും ഇത് 57 ശതമാനമായി ഉയർന്നു. നവംബർ 23 മുതൽ 30 വരെ തീയതികളിലാണ് ലോക്‌നീതി  സി എസ് ഡി എസ്  എ ബി പി സർവ്വേ നടത്തിയത്. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാകുമെന്ന സർവേ ഫലങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.  
നരേന്ദ്ര മോഡി ഗുജറാത്തിൽ ക്യാമ്പ് ചെയ്ത് റാലികൾ സംഘടിപ്പിച്ച് കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നുണ്ടെങ്കിലും ആത്മവിശ്വാസത്തിന് ഇടിച്ചിൽ തട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഹിമാചൽ പ്രദേശിലെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തി 15,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചത്. ഒരു ലക്ഷം കോടിയിലേറെ വായ്പയെടുത്ത് നിർമിക്കുന്ന അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി പോലുള്ള മെഗാ പ്രോജക്റ്റുകൾ ഗുജറാത്തിനെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. ഡിസംബർ പതിനെട്ടിന് വോട്ടെണ്ണുന്നത് വരെ സസ്‌പെൻസ് തുടരും. 
 

Latest News