കോഴിക്കോട്- ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തിയതിന് ഒ അബ്ദുറഹ്മാനെ മാധ്യമം മീഡിയാ വണ്‍ പത്രാധിപസ്ഥാനത്തുനിന്നു മാറ്റിയെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത.
യുഡിഎഫ് ബന്ധത്തെ ചൊല്ലി ജമാഅത്തെയ ഇസ്ലാമില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെയും ഗ്രൂപ്പിസത്തിന്റെയും ഭാഗമായാണ് നടപടിയെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ ചീഫ് എഡിറ്ററായി തെന്നെ നിയമിക്കാനാണ് തീരുമാനമെന്ന് ഒ.അബ്ദുറഹ്്മാന്‍ അറിയിച്ചു.
മാധ്യമം ദിനപത്രം 1987 ജൂണ്‍ ഒന്നിനാണ് പ്രസിദ്ധീകരണമാരംഭിച്ചത്. അതിനും ആറുമാസങ്ങള്‍ക്കെങ്കിലും മുമ്പാണ് ഞാന്‍ ഈ പത്രത്തിന്റെ പണിപ്പുരയില്‍ ചേരുന്നത്. പത്രം തുടങ്ങിയതു മുതല്‍ ഞാന്‍ അതിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായി. 2003 മുതല്‍ എഡിറ്ററുമായി. ആ പദവിയില്‍ 17 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. പ്രായം 76.
ഇപ്പോള്‍ മാധ്യമം മാനേജ്‌മെന്റിന് അഥവാ ഐഡിയല്‍ പബ്ലിക്കേഷന്‍സ് ട്രസ്റ്റിന് എന്റെ ജോലി ഭാരം അല്‍പം കുറക്കണമെന്നും എന്നാല്‍ സ്ഥാപനത്തില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു പോവരുതെന്നും തോന്നിയതിന്റെ ഫലമാണ് അടുത്ത ഏപ്രില്‍ മുതല്‍ ചീഫ് എഡിറ്ററായി എന്നെ നിയമിക്കാനുള്ള തീരുമാനം. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവി വഹിക്കുന്ന വി.എം. ഇബ്രാഹീമിനെ എഡിറ്ററാക്കാനും തീരുമാനമുണ്ട്. ഈ തീരുമാനങ്ങളുടെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ല.
ഗോസിപ്പുകളുടെ പ്രളയകാലത്ത്, അതും ഇലക്ഷന്‍ കാലത്ത് പ്രചരിക്കുന്ന കഥകളിലൊക്കെ അഭിരമിക്കുന്നവര്‍ക്ക് അതാവാം. ഒരു പരിഭവവും എനിക്കില്ല. മീഡിയവണില്‍ ഞാന്‍ തുടക്കം മുതല്‍ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നു- ഒ.അബ്ദുറഹ്്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ധാരണക്കായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറുമായി ചര്‍ച്ച നടത്തിയത് മാധ്യമത്തിലെ ലേഖനത്തിലൂടെ അബ്ദുറഹ്മാന്‍ വെളിപ്പെടുത്തിയതോടെയാണ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് ഇദ്ദേഹം അസ്വീകാര്യനായതെന്ന് ദേശാഭിമാനിവാര്‍ത്തയില്‍ പറയുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അബ്ദുറഹ്മാനെഴുതിയ ലേഖനം ജമാഅത്ത് മുഖവാരിക പ്രബോധനത്തില്‍ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും വാര്‍ത്തിയിലുണ്ട്.
1987 മുതല്‍ എഡിറ്റര്‍, എഡിറ്റര്‍ (ഇന്‍ ചാര്‍ജ്) ചുമതലകളിലുണ്ടായിരുന്നു. എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നതിനു ചീഫ് എഡിറ്ററാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ദൈനം ദിന പ്രവര്‍ത്തനത്തിലോ നയത്തിലോ ഇടപെടരുതെന്ന് നിര്‍ദേശമുണ്ടെന്നും ദിവസവും മാധ്യമത്തിന്റെ കോഴിക്കോട്ടെ ഹെഡ് ഓഫീസില്‍ വരുന്നതിനും വിലക്കുണ്ടെന്നും ദേശാഭിമാനി പറയുന്നു. തന്നെ അട്ടത്തിരുത്തിയെന്നാണ് തീരുമാനം പ്രഖ്യാപിച്ച യോഗത്തില്‍ അബ്ദുറഹ്മാന്‍ പ്രതികരിച്ചതെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.