Sorry, you need to enable JavaScript to visit this website.

തലശ്ശേരിയിൽ എൽ.ഡി.എഫ് -യുഡി.എഫ് നേർക്ക് നേർ പോരാട്ടം

തലശ്ശേരി - എൻ.ഡി.എ സ്ഥാനാർഥിയുടെ നാമ നിർദേശ പത്രിക തള്ളിയതോടെ തലശ്ശേരിയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പോരാട്ടത്തിന് വീര്യമേറി. കഴിഞ്ഞ തവണ കണ്ണൂർ ജില്ലയിൽ എൻ.ഡി.എ ഏറ്റവും കൂടുതൽ വോട്ട് നേടിയ തലശ്ശേരിയിൽ ഇത്തവണ സ്ഥാനാർഥി ഇല്ലാതായതോടെ ബി.ജെ.പി വോട്ടുകൾ ആരുടെ പെട്ടിയിൽ വീഴുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സിറ്റിംഗ് എം.എൽ.എയായ എ.എൻ ഷംസീർ ശുഭ പ്രതീക്ഷയോടെ ഇത്തവണയും കളത്തിലിറങ്ങിയതാണെങ്കിലും അപ്രതീക്ഷിതമായ തിരിച്ചടി ആകെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. 


യു.ഡി.എഫ് സ്ഥാനാർഥിയായ എം.പി അരവിന്ദാക്ഷൻ പ്രതീക്ഷയില്ലാതെ അങ്കത്തിനിറങ്ങിയതാണെങ്കിലും ഇപ്പോൾ സ്ഥാനാർഥിക്കും അണികൾക്കും ശുഭ പ്രതീക്ഷയാണ്. എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി ജില്ലാ പ്രസിഡണ്ടും കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയതോടെ ആ വോട്ടുകൾ പെട്ടിയിലാക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. അങ്ങനെ വന്നാൽ അര നൂറ്റാണ്ട് കാലത്തെ ചരിത്രമാണ് തലശ്ശേരിയിൽ തിരുത്തിക്കുറിക്കാൻ പോകുന്നത്. 1970 ൽ സി.പി.ഐയുടെ എൻ.ഇ. ബാലറാമിലൂടെ  വലതുപക്ഷത്തേക്ക് മണ്ഡലത്തെ മാറ്റാൻ സാധിച്ചെങ്കിലും പിന്നീട് കോൺഗ്രസുൾപ്പെടെയുള്ള യു.ഡി.എഫിന് തലശ്ശേരി ബാലികേറാമല തന്നെയായിരുന്നു. എന്നാൽ ഇത്തവണ അതിന്  മാറ്റം വരുമെന്ന് തന്നെയാണ് തലശ്ശേരിയിലെ നിഷ്പക്ഷമതികളുടെയും അടക്കം പറച്ചിൽ.


തലശ്ശേരി ജനറലാശുപത്രി വികസന സമിതിയംഗം, രണ്ട് തവണ മലബാർ കാൻസർ സെന്ററിലെ സർക്കാർ പ്രതിനിധി, ആരോരുമില്ലാത അമ്മമാരെ സംരക്ഷിക്കുന്ന കുട്ടിമാക്കൂൽ സ്‌നേഹക്കൂടിന്റെ  ചെയർമാൻ, ടെലിചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ  തുടങ്ങി ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അരവിന്ദാക്ഷന് എതിർ ക്യാമ്പിൽ നിന്ന് പോലും നല്ല സഹകരണമാണ് ലഭിക്കുന്നത.് കഴിഞ്ഞ നഗരസഭാ കൗൺസിലിലെ കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡർ കൂടിയായ അരവിന്ദാക്ഷൻ സർക്കസ് കലാകാരൻമാരുടെ സംഘടനയുടെ പ്രസിഡണ്ട് കൂടിയാണ്. സി.പി.എം ശക്തി കേന്ദ്രമായ കതിരൂർ സ്വദശിയായ അരവിന്ദാക്ഷന് ഇന്നലെ കതിരൂറിൽ ലഭിച്ച സ്വീകരണം പോലും സി.പി.എമ്മിനെ ഞെട്ടിച്ചു. അമ്മമാരും കുട്ടികളുമുൾപ്പെടെ സ്ഥാനാർഥിയെ മാലയണിയിച്ചും ഷോൾ നൽകിയും സ്വീകരിച്ചു. അമ്പത് വർഷത്തെ ചരിത്രത്തെ തിരുത്തിക്കുറിക്കുമെന്ന് അരവിന്ദാക്ഷൻ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രഖ്യാപിക്കുമ്പോഴും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത.് 


പൈതൃക നഗരിയിലെ വികസന മുന്നേറ്റങ്ങൾ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞാണ് സി.പി.എം സ്ഥാനാർഥി എ.എൻ ഷംസീർ വോട്ടഭ്യർഥിക്കുന്നത.് കോളേജുകളിലും കവലകളിലും പണിശാലകളിലും കയറിയിറങ്ങി സ്ഥാനാർഥി വീണ്ടും തലശ്ശേരിയെ ചുവപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. കാലത്ത് ആരംഭിക്കുന്ന പ്രചാരണം വൈകിട്ട് വരെ നീളുകയാണ്. ബാന്റ് വാദ്യവും ചെണ്ടമേളവുമായ് സ്ഥാനാർഥിയുടെ പര്യടനത്തിന് കൊഴുപ്പേകുകയാണ്.
ഇതിനിടെ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ ലേബലിൽ മുൻ സി.പി.എം പ്രാദേശിക നേതാവായ സി.ഒ.ടി നസീറും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്, ഫുട്‌ബോൾ ചിഹ്നത്തിൽ ഓരോ വോട്ടും തേടി നസീറും പ്രചാരണത്തിന് ചൂട് പകരുകയാണ്.

 

Latest News