തിരുവനന്തപുരം- കേരളത്തിൽ ലക്ഷകണക്കിന് വ്യാജവോട്ടുകൾ കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരാണ് ഈ കള്ള വോട്ടിന് അരങ്ങൊരുക്കിയതെന്നും ചെന്നിത്തല ആരോപിച്ചു. നിഷ്പക്ഷമായ തിരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തിൽ ആദ്യമാണ്. തെളിവുകൾ സഹിതം നൽകിയ ഇരട്ട വോട്ടുകളുടെയും, വ്യാജ വോട്ടർമാരുടെയും പട്ടിക പരിശോധിക്കാൻ തയ്യാറായ തിരഞ്ഞെടുപ്പു കമ്മീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെയും അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരു നിയോജക മണ്ഡലത്തിൽ ഒരു ബൂത്തിൽ അഞ്ച് പേരെ തെറ്റായി ചേർത്ത ഉദ്യോഗസ്ഥർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വോട്ടർമാരെ ഇത്തരത്തിൽ ചേർത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരിൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണം.
നാലു ലക്ഷം വ്യാജ വോട്ടുകളാണ് പ്രതിപക്ഷം ഇതുവരെ കണ്ടെത്തിയത്. കേരളത്തിൽ രണ്ട് മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷമോ രണ്ടു ലക്ഷമോ മാത്രമാണ് എന്നിരിക്കെയാണ് നാലുലക്ഷത്തോളം വോട്ടർമാർ വ്യാജമായി കടന്നുകയറിയത്. സി.പി.എം അതിക്രമത്തെ ഭയന്ന് ആളിരിക്കാൻ തയ്യാറാകാത്ത പല ബൂത്തുകളും കാസർഗോട് കണ്ണൂർ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകൾ നിർബാധം നടക്കുകയാണ്. ജനവിധി അട്ടിമറിക്കാനാണ് ബോധപൂർവ്വം വ്യാജ വോട്ടുകൾ സൃഷ്ടിച്ചത്.
വോട്ടർ പട്ടികയിൽ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ഞാൻ കത്തു നൽകിയിട്ടുണ്ട്.
ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവർത്തിച്ച് വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെട്ടതിനെ
പറ്റിയാണ് നേരത്തെ പരാതി നൽകിയിരുന്നത്. എന്നാൽ, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടർമാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്ത ഉദ്ധരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയിൽ മറ്റു മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യു.ഡി.എഫ് പ്രവർത്തകർ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വോട്ടർമാരുടെ കാര്യത്തിലും അടിയന്തര നടപടി വേണം.