ജിദ്ദ- ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനായുളള ഹോട്ടല്‍ ബുക്കിംഗ് സഹല പ്ലാറ്റ്‌ഫോം വഴി നടത്തണമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സി.എ.എ) പുതിയ സര്‍ക്കുലറില്‍ അറിയിച്ചു.
മാര്‍ച്ച് 29 മുതല്‍ ഉച്ചക്ക് രണ്ട് മുതല്‍ ഇത് കര്‍ശനമാക്കും. ഇവിടെ ക്ലിക്ക് ചെയ്താല്‍ സഹല പ്ലാറ്റ്‌ഫോം ലഭിക്കും.
സഹല പ്ലാറ്റ്‌ഫോം വഴി യാത്രക്കാര്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിട്ടുണ്ടെന്ന് വിമാന കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് സാഹചര്യം നേരിടുന്നതിനായുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നിര്‍ദേശം. കഴിഞ്ഞ മാസം 11-നും 15-നും പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയവര്‍ക്കുള്ള ഇളവുകള്‍ തുടരും. രാജ്യത്ത് എത്തുന്ന വിദേശികള്‍ക്കായി പ്രഖ്യാപിച്ച എല്ലാ നിബന്ധനകളും തുടരുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
യു.എ.ഇയും ഇന്ത്യയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനുശേഷം മലയാളികളക്കം നിരവധി ഇന്ത്യക്കാര്‍ ഇപ്പോള്‍ ഒമാനില്‍ 14 ദിവസം താമസിച്ച ശേഷമാണ് സൗദിയിലേക്ക് വരുന്നത്.
ഒമാനില്‍ താമസിക്കുന്നവര്‍ 14 ദിവസം പൂര്‍ത്തിയായ ശേഷമേ യാത്രക്കായുള്ള പുതിയ കോവിഡ് ടെസ്റ്റ് നടത്താന്‍ പാടുള്ളൂ. ഒരു ദിവസം നേരത്തെ ടെസ്റ്റ് നടത്തിയവരെ മസ്‌കത്ത്, സലാല എയര്‍പോര്‍ട്ടുകളില്‍ തടയുന്നുണ്ട്.