തിരുവനന്തപുരം- ജനങ്ങളുടെ സർവേ ഏപ്രിൽ ആറിന് നടക്കുമെന്നും അതിൽ യു.ഡി.എഫ് വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപക്ഷത്തെ മാത്രമല്ല, ഒരു വിഭാഗം മാധ്യമങ്ങളുടെ കല്ലേറ് കൂടിയാണ് പ്രതിപക്ഷം നേരിടേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുന്നതോടു കൂടി തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്. അഞ്ചു വർഷമായി കേരളം ഭരിക്കുന്ന ഇടതു സർക്കാരിനെതിരേ ശക്തമായ ജനവികാരം ഇന്ന് കേരളത്തിലുണ്ട്. യുഡിഎഫിന്റെ യോഗങ്ങളിലെ ജനപങ്കാളിത്തം ഇതാണ് തെളിയിക്കുന്നത്.
മാഫിയാ കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ജയിലിൽ പോയി. പത്താം ക്ലാസുകാരിക്ക് ലക്ഷങ്ങളുടെ ശമ്പളം നൽകി അർഹരായ ഉദ്യോഗാർത്ഥികളെ മുട്ടിലിഴയിപ്പിച്ചു. ഇതൊന്നും ജനങ്ങളെ ബാധിക്കുന്നതല്ലെന്നും ഒരു വിഷയമേ അല്ലെന്നുമാണ് ഇപ്പോൾ ചില ഉത്തരേന്ത്യൻ സർവ്വേ കമ്പനികളും മാധ്യമ ധർമ്മം മറന്ന ഏതാനും മാധ്യമങ്ങളും പറയുന്നത്. ഇത് വിവേചനബുദ്ധിയോടെ പെരുമാറുന്ന മലയാളികളെ ചെറുതാക്കിക്കാണുന്നതിന് തുല്യമാണ്.
ഈ അടിയൊഴുക്ക് മാറ്റാനുള്ള വിഫല ശ്രമമാണ് ഇപ്പോൾ നടക്കുന്ന സർവ്വേകൾ.ഇത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കിഫ്ബി സ്‌പോൺസേർഡ് സർവ്വേകളാണ്. 200 കോടി രൂപയുടെ പരസ്യമാണ് ഗവൺമെന്റിന്റെ അവസാന കാലഘട്ടത്തിൽ നൽകിയത്. മാധ്യമങ്ങൾക്ക് പരസ്യം കൊടുക്കുന്നതിന് ഞങ്ങൾ ആരും എതിരല്ല പക്ഷേ അതിന്റെ പേരിൽ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇതാണ് നരേന്ദ്രമോദി ഡൽഹിയിൽ ചെയ്യുന്നത് കോർപ്പറേറ്റ് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്ന പരിപാടി. പരസ്യം കിട്ടിയതിനുള്ള ഉപകാരസ്മരണയാണ് മാധ്യമങ്ങൾ കാണിക്കുന്നത്.
പ്രതിപക്ഷം നേരിടുന്നത് ഭരണപക്ഷത്തെ മാത്രമല്ല, ഒരു വിഭാഗം മാധ്യമങ്ങളുടെ കല്ലേറുകൂടിയാണ്. ജനങ്ങൾ ഇത് കാണുന്നുണ്ട്. സ്ഥാനാർഥികളും പ്രകടനപത്രികയും വരുന്നതിനു മുമ്പാണ് കേരളത്തിൽ ചില മാധ്യമങ്ങൾ
സർവ്വേ നടത്തുന്നത്. ഒരു സർവ്വേ ഏജൻസി തന്നെ നാല് മാധ്യമങ്ങള്ക്ക് വേണ്ടി സർവ്വേ നടത്തുന്നു.
ജനാധിപത്യ സംവിധാനത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും അനിവാര്യമായ ഘടകങ്ങളാണ്. ഭരണകക്ഷിക്ക് കൊടുക്കുന്ന അതേ സ്‌പേസ് പ്രതിപക്ഷത്തിനും നൽകേണ്ടതാണ്. അതാണ് ജനാധിപത്യ മര്യാദ.ആ മര്യാദകൾ പോലും ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായ നിലപാടുകളാണ് ചില ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും നടത്തുന്നത്.
ഒരൊറ്റ കാര്യം മാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ. ജനങ്ങളുടെ സർവ്വേ ഏപ്രിൽ ആറിന് നടക്കും . അതിൽ വിജയിക്കുന്നത് യു ഡി എഫ് തന്നെ ആയിരിക്കും.