ഗുരുവായൂര്‍- പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളപ്പെടുകയും പകരക്കാരനെ നാമനിര്‍ദേശം ചെയ്യാതിരിക്കുകയും ചെയതതോടെ മത്സര രംഗത്തു നിന്ന് പിന്‍വാങ്ങേണ്ടി വന്ന ബിജെപി ഗുരുവായൂര്‍ മണ്ഡലത്തില്‍ പുതിയ നീക്കത്തിനൊരുങ്ങുന്നു. നേരത്തെ എന്‍ഡിഎയില്‍ സഖ്യകക്ഷിയാകാന്‍ ശ്രമം നടത്തിയ ഈര്‍ക്കില്‍ പാര്‍ട്ടിയായ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണു നീക്കം. ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ രംഗത്തുണ്ട്. ഈ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനുള്ള നീക്കങ്ങള്‍ ബിജെപി കേന്ദ്രങ്ങളില്‍ തുടങ്ങിയതായാണ് റിപോര്‍ട്ട്.
തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിലൂടെ ഇടത് കോട്ടയായി മാറിയ ഗുരുവായൂരില്‍ നേരത്തെ മുസ്ലിം ലീഗും കോണ്‍ഗ്രസും തുടര്‍ച്ചയായി ജയിച്ചിരുന്നു. ഇത്തവണ എന്‍ കെ അക്ബറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദറും രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്തി അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിപ്പോയത്.