Sorry, you need to enable JavaScript to visit this website.

ഹൂത്തി കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം 

സകരിയ അൽശാമി

റിയാദ് - യെമനിൽ വിവിധ സ്ഥലങ്ങളിൽ ഹൂത്തി മിലീഷ്യകളുടെ കേന്ദ്രങ്ങളിൽ സഖ്യസേന അതിശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സഖ്യസേന പുറത്തുവിട്ടു. സൻആയിൽ ഡ്രോൺ സംഭരണ കേന്ദ്രത്തിനും മാരിബിൽ ഹൂത്തികളുടെ നിരവധി സൈനിക ലക്ഷ്യങ്ങൾക്കും ആയുധപ്പുരകൾക്കും നേരെ സഖ്യസേന ആക്രമണങ്ങൾ നടത്തി. സൻആയിൽ ഗുഹയിൽ പ്രവർത്തിക്കുന്ന ഡ്രോൺ സംഭരണ കേന്ദ്രം സഖ്യസേന തകർത്തു. സൻആയിൽ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ അസംബ്ലി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും സഖ്യസേന ആക്രമണങ്ങൾ നടത്തി. 


അതിനിടെ, ഹൂത്തി നേതാവും ഹൂത്തി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയും ഹൂത്തികളുടെ മുൻ സായുധസേനാ മേധാവിയുമായിരുന്ന മേജർ ജനറൽ സകരിയ അൽശാമി മരണപ്പെട്ടതായി സ്ഥിരീകരണം. മാരിബിൽ സഖ്യസേന നടത്തിയ ആക്രമണത്തിൽ പരിക്കേറ്റാണ് മേജർ ജനറൽ സകരിയ അൽശാമി മരണപ്പെട്ടതെന്നും അതല്ല, കൊറോണ ബാധിച്ചാണ് മരണപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. എട്ടു ദിവസം മുമ്പാണ് മേജർ ജനറൽ സകരിയ അൽശാമിയെ സൻആയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളെ സഖ്യസേന ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മേജർ ജനറൽ സകരിയ അൽശാമിയെ അറസ്റ്റ് ചെയ്യാനോ വധിക്കാനോ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് സഖ്യസേന രണ്ടു കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. 2017 ൽ സഖ്യസേന പുറത്തുവിട്ട ഭീകര പട്ടികയിൽ നാലാമനായിരുന്നു മേജർ ജനറൽ സകരിയ അൽശാമി. 40 ഭീകരരാണ് പട്ടികയിലുണ്ടായിരുന്നത്. 


മാരിബിൽ ഹൂത്തി മിലീഷ്യ പട്ടാളത്തെ യുദ്ധമുന്നണിയിൽ നയിക്കുന്നതിനിടെ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് മേജർ ജനറൽ സകരിയ അൽശാമി കൊല്ലപ്പെട്ടതെന്ന് യെമൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. 2018 ൽ സ്വാലിഹ് അൽസമദ് കൊല്ലപ്പെട്ട ശേഷം സഖ്യസേനാ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൂത്തി നേതാവാണ് മേജർ ജനറൽ സകരിയ അൽശാമിയെന്ന് യെമൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. കൊറോണ ബാധിച്ചാണ് ഇദ്ദേഹം മരണപ്പെട്ടതെന്ന് ഹൂത്തി അനുകൂല മാധ്യമങ്ങൾ വ്യാജമായി വാദിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. മേജർ ജനറൽ സകരിയ അൽശാമിയുടെ മരണ കാരണത്തെ കുറിച്ച് ഹൂത്തികൾ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. 


മാരിബ് നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ അതിശക്തമായ ആക്രമണം ഹൂത്തികൾ പുനരാരംഭിച്ച ശേഷം ഈ വർഷം ഇതുവരെ ഡസൻ കണക്കിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അടക്കം ആയിരത്തിലേറെ ഹൂത്തികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഉത്തര യെമനിൽ നിയമാനുസൃത ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള അവസാന ശക്തികേന്ദ്രമായ മാരിബിൽ പ്രധാന എണ്ണ, വാതക പാടങ്ങളുണ്ട്. 
സഖ്യസേനാ യുദ്ധവിമാനങ്ങൾ നടത്തിയ ശക്തമായ ആക്രമണങ്ങളിലൂടെ ഹൂത്തികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കാൻ യെമൻ ഗവൺമെന്റിന് സാധിച്ചിട്ടുണ്ട്. 

 

 

Latest News