Sorry, you need to enable JavaScript to visit this website.

ഫക്കീർ ഖാനെ ആരറിയുന്നു?

ഫക്കീർ ഖാനെ അധികമാരും അറിയില്ല. നേമത്ത് തോറ്റുപോയ മാർക്‌സിസ്റ്റ് സ്ഥാനാർഥി ആയിരുന്നു, 1982 ൽ. ജയിച്ചത് കെ. കരുണാകരൻ. അക്കാലത്ത് ബി.ജെ.പിയുടെ പേര് അത്ര തന്നെ ഉച്ചരിക്കപ്പെട്ടിരുന്നില്ല. എന്നാലും പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നു പറയും പോലെ, രണ്ടു പ്രബല മുന്നണികളോടൊപ്പം ബി.ജെ.പിയെയും ചേർത്ത് ത്രിമൂർത്തി പ്രതിഷ്ഠ നടത്തുന്ന പതിവ് അന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി കരുണാകരനും ഫക്കീർ ഖാനുമായി അങ്കം വെട്ടാൻ ഒരു പൂന്തുറ സോമനെയും ഇറക്കി. സോമൻ കാലക്രമത്തിൽ പോലീസിൽ ചേർന്നു. ഫക്കീർ ഖാൻ എവിടെ എന്തു ചെയ്തു എന്ന് അന്വേഷിക്കാൻ മീഡിയക്കോ രാഷ്ട്രീയ മല്ലന്മാർക്കോ താൽപര്യമുണ്ടായിരുന്നില്ല.


ഫക്കീർ ഖാൻ 'എം.എൽ.എ'യുടെ കണ്ടുപിടിത്തമായിരുന്നു  ഒരിക്കലും എം.എൽ.എ ആകാതിരുന്ന ആളായിരുന്ന ആ പേരിൽ അറിയപ്പെട്ട കാട്ടായിക്കോണം ശ്രീധരന്റെ കണ്ടുപിടിത്തം. തിരുവനന്തപുരം ജില്ല അടക്കിവാണ കാട്ടായിക്കോണം പാർട്ടിക്കുള്ളിലും പുറത്തും വിയോജനം പൊറുത്തിരുന്നില്ല. ഒരു യൂനിയൻ പത്രികയിൽ പ്രസിദ്ധീകരിച്ച കവിത പോലും അദ്ദേഹത്തെ ഉന്നം വെച്ചുകൊണ്ടുള്ളതായിരുന്നുവെന്ന് പരാതി ഉയർന്നു. വരികൾ ഇങ്ങനെ: '...ചതിയുടെ ദുരയുടെ ചെങ്കോലണിഞ്ഞൊരു കരിനാഗ നിറമുള്ള ചക്രവർത്തി, അക്ഷരം നാവിന്മേൽ കളിയാടും മർത്ത്യനെ ശത്രുവായ് കാണുന്നൊരുഗ്ര മൂർത്തി.....' അതെഴുതിയ പിരപ്പൻകോട് മുരളി നടപടിക്കിരയായി എന്ന് പാർട്ടി പുരാണം. 


എതിരാളി കരുണാകരനായാലും കരുണയില്ലാത്ത കരനായാലും ഫക്കീർ രക്ഷപ്പെടുമെന്ന് ആരും തെറ്റിദ്ധരിച്ചില്ല. നായന്മാർ തിങ്ങിവിങ്ങിപ്പാർക്കുന്ന മണ്ഡലമായിരുന്നു നേമം. തൊട്ടടുത്ത നെയ്യാറ്റിൻകരയും അങ്ങനെ തന്നെ. അതായിരുന്നൂ നേമം തെരഞ്ഞെടുക്കാൻ കരുണാകരനെ പ്രേരിപ്പിച്ച ഒരു ഘടകം. പാർട്ടിയിൽ കരുണാകരന് പിടിപാട് ഉണ്ടായിരുന്നതാണ് കാലം. ആരെങ്കിലും മാളയിൽ പോലും പാര പണിഞ്ഞേക്കുമോ എന്നൊരു ശങ്ക. അങ്ങനെ ലീഡർ രണ്ടിടത്തു മത്സരിക്കാൻ നിശ്ചയിച്ചു. ലീഡർക്ക് വേണമെങ്കിൽ ഞാൻ ഇതാ മാറുന്നു എന്നു പറഞ്ഞ് നിലവിൽ നേമം എം.എൽ.എ ആയിരുന്ന ഇ. രമേശൻ നായർ പിന്നോട്ട് ഒറ്റച്ചാട്ടം. ഫക്കീറിനെ പോലെ രമേശന്റെയും വിലാസം ആരും കുറിച്ചിടുകയുണ്ടായില്ല. 


എൺപത്തിരണ്ട് മേയിലെ തെരഞ്ഞെടുപ്പിൽ നേമത്ത് കരുണാകരൻ ജയിച്ചതിന്റെ പ്രധാന ഫലം ഫക്കീറിന് ഗോപുരം കുത്തുന്ന കൂനന്റെ ഛായ കിട്ടിയതായിരുന്നു. പക്ഷേ ജയിക്കാനുള്ള സ്ഥാനാർഥിയല്ല ഫക്കീർ എന്ന് പെട്ടെന്നു തന്നെ മാർക്‌സിസ്റ്റ് പാർട്ടി മനസ്സിലാക്കി. കാട്ടായിക്കോണം കൊണ്ടുപിടിച്ചു നോക്കി, ഫക്കീറിനെ തന്നെ വീണ്ടും ഗോദയിലിറക്കാൻ. അപ്പോഴതാ വരുന്നൂ വടക്കുനിന്നൊരു വീരൻ, എം. വി രാഘവൻ പാർട്ടിയുടെ ശക്തിസ്തംഭം പോലെ. നായൻമാരുടെ പൂർവ ചരിത്രം കേട്ടറിഞ്ഞ എം.വി.ആർ, നാടാർ ഘടകത്തിന്റെ മാറ്റ് മനസ്സിലാക്കാൻ സഖാക്കളെ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത നേമം ഉപതെരഞ്ഞെടുപ്പിൽ പിടിച്ചെടുത്താൽ വിപ്ലവത്തിന്റെ വേഗം കൂടുമെന്നായിരുന്നു ധാരണ. ദൈവം കണ്ടു!


നേമത്തിന്റെ ശേഷപത്രം ഇഴ പിരിച്ചുനോക്കുന്നത് രസമായിരിക്കും. വി. ജെ. തങ്കപ്പൻ ഉപതെരഞ്ഞെടുപ്പിൽ പാട്ടും മൂളി ജയിച്ചപ്പോൾ തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും നാടാർ ഘടകം വിലപ്പോവുമെന്നു മനസ്സിലായി. പുതിയൊരു സാമൂഹ്യ രാഷ്ട്രീയ വ്യതിയാനം അതു വഴി സംഭവിച്ചു. ഒരു സമുദായത്തിന്റെ കുത്തകയായി നിൽക്കേണ്ട ഇടമല്ല നേമം എന്നും തെളിഞ്ഞു.  ആളുകൾ മാറട്ടെ, അടയാളങ്ങൾ മാറട്ടെ, അതല്ലേ ജനാധിപത്യത്തിന്റെ സജീവ സാക്ഷ്യം? ആ മാറ്റം വന്നു വന്ന് പഴയതിനേക്കാൾ പഴയ ഒരു രാഷ്ട്രീയ ചിത്രം രചിക്കുകയാണെന്നു തോന്നുന്നു. നാടാരുടെയും നായരുടെയും മേനി പറയുന്നില്ല, പക്ഷേ മൂന്നു നായന്മാർ നേമത്തിന്റെ പ്രാതിനിധ്യത്തിനുവേണ്ടി പട വെട്ടുന്നു. 


മാറുക, മാറ്റുക, അതാണ് ജനാധിപത്യത്തിന്റെ അർഥവും തെരഞ്ഞെടുപ്പിന്റെ അർഥാന്തരന്യാസവും. കാലാകാലമായി കരുണാകരൻ  കൈക്കുള്ളിൽ ഒതുക്കിയിരുന്ന മാള അദ്ദേഹം മാറിയപ്പോൾ നിറം മാറി. ലീഡറെ തറ പറ്റിക്കാൻ മാർക്‌സിസ്റ്റ് പാർട്ടി നിയോഗിച്ചുപോന്ന 'യാരോ ഒരാൾ' മതിയാവില്ലെന്നു കണ്ട് മണ്ഡലം സി.പി.ഐക്ക് വിട്ടു. കരുണാകരനെ വെല്ലുവിളിച്ച് ഇ. ഗോപാലകൃഷ്ണ മേനോൻ രംഗത്തെത്തി. നീരസത്തോടെ കരുണാകരൻ തിരക്കി: 'ആരപ്പാ ഈ ഗോപാലകൃഷ്ണ മേനോൻ?' മാള വിട്ട് തൃശൂരിൽനിന്ന് ലോക്‌സഭയിലേക്കു മത്സരിച്ച കരുണാകരനും പിന്നെ മനസ്സിലായി, ആരും ഒന്നും ഉലകിൽ സ്ഥിരമായി വാഴുന്നില്ല.


നേമത്ത് വിപ്ലവം വെട്ടിയിരുത്തിയ എം.വി.ആർ പഴയ പാർട്ടിക്കാലത്ത് ഒരു മണ്ഡലത്തിൽ രണ്ടാം വട്ടം മത്സരിച്ചിരുന്നില്ല. പാർട്ടി വിട്ടപ്പോൾ ആ പതിവു തുടർന്നു. പക്ഷേ വീണ്ടും വീണ്ടും പരാജയം ഏറ്റുവാങ്ങിക്കൊണ്ട്. തെരഞ്ഞെടുപ്പിൽ അജയ്യത അസാധ്യമാണെന്നു തെളിയിച്ചുകൊണ്ട് അദ്ദേഹം ആറന്മുളയിലും പുനലൂരിലും നെന്മാറയിലും മാറി മാറി തോറ്റു. സ്ഥാനാർഥിയുടെ ജയമോ പരാജയമോ മാത്രമായിരുന്നില്ല തെരഞ്ഞെടുപ്പു ഫലം, മാറിവരുന്ന ജനാഭിലാഷത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. വാസ്തവത്തിൽ ഏറ്റവും സ്വാഗതാർഹമായ ജനാധിപത്യ സംഭവമാകുന്നു ഈ മാറ്റം, ആൾ മാറ്റം, അടയാള മാറ്റം. പതിറ്റാണ്ടുകളോളം ഒരേ മണ്ഡലത്തെ വാരിപ്പുണർന്നു കഴിയുന്ന വിജയികളോ പരാജിതരോ ആയ സ്ഥാനാർഥികൾ ഒരു കൂട്ടരെ മാത്രമേ സേവിക്കുന്നുള്ളൂ: അവരെത്തന്നെ.


ഇന്ത്യൻ ജനാധിപത്യത്തെ മറ നീക്കി കാണിക്കുന്ന  ചില പഠനങ്ങൾ ഈയിടെ നടന്നിരിക്കുന്നു. ഫ്രീഡം ഹൗസ് തുടങ്ങിയ സ്‌കാൻഡിനേവിയൻ സ്ഥാപനങ്ങളുടേതാണ് അപഗ്രഥനം. ഏറെക്കുറെ പതിവായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ആർജവവും ഊഷ്മളതയും ശ്ലാഘനീയമെന്നു വിലയിരുത്തിയിരുന്ന ആ പഠന കേന്ദ്രങ്ങൾ നമ്മുടെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്നു. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ, ഒരു കാര്യം പറയാം. നേമത്തു സംഭവിച്ചതുപോലെ, പുതിയ സ്ഥാനാർഥികളിലും കക്ഷികളിലും വിശ്വാസമർപ്പിക്കുന്ന ജനതയെ ആരും കണ്ണടച്ചു നമ്പേണ്ട എന്ന സന്ദേശം വീണ്ടും വീണ്ടും റിലേ ചെയ്തുകൊണ്ടിരിക്കുന്നു. 


നമ്മൾ കണ്ടവരിൽ വെച്ച് ഏറ്റവുമധികം കരുത്ത് കൈക്കലാക്കുകയും പ്രയോഗിക്കുകയും ചെയ്ത പ്രധാനമന്ത്രിയെ തുരത്തിയതാണ് ഈ നാട്.  അവരാണ് ആത്യന്തികമായ അഴുക്ക് എന്നു മുറവിളി കൂട്ടിയിരുന്നവരെ ഓർമയില്ലേ? അവരുടെ വധത്തിന്റെ ദാരുണമായ പശ്ചാത്തലത്തിൽ മകൻ അത്ഭുതകരമായ ഭൂരിപക്ഷം വെട്ടിയൊരുക്കി. ആരൊക്കെയാണ് ആ കൊടുങ്കാറ്റിൽ മുഖമടിച്ച് വീണത്? 
വോട്ടെണ്ണിക്കഴിയും മുമ്പേ കവിയും രാഷ്ട്രീയക്കാരനുമായിരുന്ന അടൽ ബിഹാരി വാജ്പയി സുരക്ഷിത സങ്കേതമെന്നു കരുതിയ ഗ്വാളിയോറിൽ തോൽവി ഏറ്റുപറഞ്ഞു. ബലിയയിലെ ജനനായകൻ ചന്ദ്രശേഖർ തോറ്റു. ബംഗാളിലെ ബെർഹാംപൂർ ഒരു സ്ഥാനാർഥിയും ഒരു കക്ഷിയും എന്നും സ്വന്തം കണക്കിൽ എഴുതിച്ചേർത്ത മണ്ഡലമായിരുന്നു. രാജീവ് ഗാന്ധി അഴിച്ചുവിട്ട കാറ്റിൽ ആറെസ്പിയും അതിന്റെ ആജീവനാന്ത നേതാവായ തൃദീപ് ചൗധരിയും കാണാമറയത്തേക്ക് തെറിച്ചുപോയി. അതൊരു മാറ്റമായിരുന്നു. സംഭവിക്കുന്ന നേരത്ത് അത്ഭുതവും ആഘാതവുമെന്നു തോന്നിയെങ്കിലും ജനാധിപത്യ പ്രക്രിയയെ ഊർജസ്വലമാക്കാൻ അത് ഉതകി.


വീണ്ടും കേരളത്തിലേക്കു തിരിച്ചു വരാം. മാറ്റമില്ലാത്തതെന്നു കരുതിവെച്ചിരുന്ന നമ്മുടെ ചില മണ്ഡലങ്ങളും സുഖകരമായി നിറം മാറിയിരിക്കുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് 1977 ലെ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നാനൂറിൽ താഴെ ഭൂരിപക്ഷത്തോടെ രക്ഷപ്പെട്ടപ്പോൾ ജനം പഴയ വഴിയേ നടന്നുകൊള്ളുമെന്ന ധാരണ തിരുത്തപ്പെട്ടു. അതുകൊണ്ടോ എന്തോ ഇ.എം പിന്നീട് ഒരു തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. മുസ്‌ലിം ലീഗിന്റെ 'ചെറിയ തങ്ങളാ'യ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് തോൽക്കുമെന്ന് ആരും കരുതിയതല്ല. തോറ്റു. പെരിന്തൽമണ്ണയിൽ ഒരു ഹിന്ദു സഖാവ് കയറി വരുമെന്നും ആരും കരുതിയതല്ല. അതും സംഭവിച്ചു. അതെങ്ങനെ സംഭവിച്ചു എന്നു തിരിഞ്ഞുനോക്കുന്നത് ജനവികാരത്തിലെ പരിവർത്തനം മനസ്സിലാക്കാൻ സഹായിക്കും.


നേതാക്കന്മാരുടെ 'അഹമ്മന്യത'ക്ക് ഒരു കൊട്ടു കൊടുക്കുന്ന സ്വഭാവം നമുക്ക് പണ്ടേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിലൂടെ സ്വേഛാധിപത്യം- എലക്ടോറൽ ഓട്ടോക്രസി - എന്ന് ഒരു സ്വീഡിഷ് സ്ഥാപനം വിശേഷിപ്പിച്ച ഇപ്പോഴത്തെ ഇന്ത്യൻ അവസ്ഥ നിലവിൽ വന്നതും. ആരും അത്രക്കങ്ങ് നെഗളിക്കണ്ട. മന്നന്റെ തോളിൽ മാറാപ്പു കെട്ടാൻ ജനത്തിനറിയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു വഴിത്തിരിവായിരുന്ന 1967 ൽ തമിഴകം താളം മാറ്റി ചവിട്ടുകയായിരുന്നു. ലോകത്തിന്റെ പ്രശ്‌നങ്ങളെല്ലാം 'പാക്കലാം' എന്ന ഒറ്റവാക്കിൽ ഒതുക്കിയിരുന്ന കാമരാജ നാടാർ നമ്മുടെ അയൽപക്കത്തെ ബിരുദുനഗറിൽ ഒരു കോളേജ് വിദ്യാർഥിയോടു തോറ്റു. കേരളത്തിൽ പാർട്ടി ഗ്രാമം എന്ന ദിവ്യ സങ്കൽപം ഇല്ലാതായിത്തുടങ്ങി. എടക്കാട്ട് കെ. സുധാകരൻ ജയിച്ചതോടു കൂടിയായിരുന്നു ആ പരിവർത്തനം. ഒരു കഷ്ണം നിറം പിടിപ്പിച്ച കൊടി നാട്ടിയാലും മതി, ജയിക്കും എന്ന വിശ്വാസം അന്ധവിശ്വാസമായി. നിയോജക മണ്ഡലത്തിന്റെ നാലതിരുകൾ മാറ്റി വരച്ചതുകൊണ്ടു മാത്രമല്ല, കൂത്തുപറമ്പിൽ പോലും ഇത്തവണ മാറ്റം ഉണ്ടായാൽ അത്ഭുതപ്പേടേണ്ട എന്നാണ് സംസാരം.  ഏതു മാറ്റവും നല്ലതു തന്നെ.


നാനി പാൽക്കിവാലയുടേതായി പറഞ്ഞുകേൾക്കുന്ന ഒരു മൊഴി ഇങ്ങനെ: ജനാധിപത്യത്തിന്റെ ശ്വാസോഛ്വാസമാണ് തെരഞ്ഞെടുപ്പ്. അത് കൂടിയാൽ കുഴപ്പം, കുറഞ്ഞാൽ കുഴപ്പം. അതുപോലെത്തന്നെ, ഒരാൾ ഒരിക്കലും തോൽക്കാതിരിക്കുക, എന്നും അമരത്തിരുന്ന് അടക്കിവാഴാൻ തെരഞ്ഞെടുക്കപ്പെടുക. സ്ഥാനാർഥികളും കക്ഷികളും മനസ്സിരുത്തിയാൽ ഒരാൾ മാറാതെ നിത്യസത്യമായി നിൽനിൽക്കുന്നത് ഒഴിവാക്കാം. തെരഞ്ഞെടുക്കപ്പെടേണ്ട ഒരു സ്ഥാനത്തേക്കും ഒരാൾ അടുപ്പിച്ചടുപ്പിച്ച് രണ്ടോ മൂന്നോ തവണയേക്കാൾ കൂടുതൽ  മത്സരിക്കുന്നത് നിയമം വഴി തടയുകയും വേണം.

Latest News