Sorry, you need to enable JavaScript to visit this website.

ജീവജാലങ്ങളിൽനിന്ന്  പഠിക്കാൻ സമയമായി  

ഭീകരരൂപിയായ സുനാമി വന്നു പോയിട്ടിപ്പോൾ പതിമൂന്ന് കൊല്ലമായി. 2004 ഡിസംബറിലായിരുന്നു അത്. ചെറിയ കാറ്റും മഴയും മാത്രം കണ്ട്  ശീലിച്ച ജനതയെ അത്യാഹിതങ്ങളുടെ ഭീകരത ബോധ്യപ്പെടുത്തിയ അനുഭവം. ഇപ്പോഴിതാ ഓഖിയും. ഏഴര പതിറ്റാണ്ടിന് ശേഷമാണ് ഇതുപോലൊരു ചുഴലിക്കാറ്റു വന്നതെന്ന് ദുരന്ത നിവാരണ രംഗവുമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 77 കൊല്ലം മുമ്പ്. ആ കാലം ഓർത്തെടുത്ത് അന്നത്തെ അവസ്ഥ വ്യക്തമായി പറയാൻ പറ്റുന്നവർ  ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല.  പക്ഷെ സുനാമി കാലം അതല്ല. അതടുത്തനാളിൽ കഴിഞ്ഞതാണ്. ആ ദുരന്തത്തിൽ നിന്നും നമ്മുടെ കടലോരവും നാമും ഒരു പാഠവും പഠിച്ചില്ല. വെള്ളം , തീ, കാറ്റ് എന്നിവയെ  പൂർണമായി നേരിടാൻ കഴിയുന്ന വഴിയൊന്നും ഒരു കാലത്തും മനുഷ്യർക്ക് സ്വയത്തമാക്കാനാകില്ലെന്ന്  അതിവേഗം തിരിച്ചറിയാൻ എത്രവേഗം ശ്രമിക്കുന്നുവോ അത്രയും നല്ലത്. മനുഷ്യന്റെ കഴിവുകൾക്കെല്ലാം അതിരുണ്ട്. അതിരില്ലെന്ന് വിചാരിച്ച വ്യക്തികളും ശക്തികളുമൊക്കെ തോറ്റുപോയതാണനുഭവം. ശാസ്ത്ര നേട്ടത്തിന്റ ഉറുമി വീശി ഇതെല്ലാമങ്ങ് തടഞ്ഞു കളയാം എന്ന് ധരിക്കുന്നവർ പരിഹാസ്യരാവുകയേയുള്ളൂ.  പി. എസ് ശ്രീനിവാസൻ എന്ന കമ്യൂണിസ്റ്റ് നേതാവ് കേരള നിയമസഭയിൽ നേരിട്ട ഒരനുഭവം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു. 
ഇടുക്കിയിലോ മറ്റോ ഉണ്ടായ പ്രകൃതി ദുരന്തം നിയമസഭയിലുന്നയിച്ചപ്പോൾ അദ്ദേഹം അന്ന്  ഇങ്ങിനെ വാചാലനായി- ഇതുപോലുള്ള  ദുരന്തങ്ങൾ അങ്ങ് സോവ്യറ്റ് യൂനിയനിലോ  മറ്റൊ ആണെങ്കിൽ അതൊക്കെ മുൻകൂട്ടി അറിയാൻ സംവിധാനമുണ്ടായിരുന്നു. ഇതിപ്പോൾ ഇത്തരം  കാര്യങ്ങളിലും ദരിദ്രാവസ്ഥയുള്ള മൂന്നാം ലോക രാജ്യത്തെ  കേരളത്തിലായിപോയില്ലെ. എന്തു ചെയ്യാം.  കാലം  അധികമൊന്നും കഴിഞ്ഞില്ല. റഷ്യയിൽ  നിർഭാഗ്യ കരമായ ചെർണോബിൽ ആണവ ദുരന്തമുണ്ടായി.  പിന്നീട്  ചേർന്ന നിയമ സഭകളിലെല്ലാം ശ്രീനിവാസന് രാഷ്ട്രീയ എതിരാളികളിൽ നിന്ന് പരിഹാസം കേൾക്കാനായിരുന്നു വിധി. എന്തെ, ശാസ്ത്ര ശക്തി കൊണ്ട് റഷ്യക്ക് ഈ ദുരന്തം  പ്രവചിക്കാനും തടയാനുമായില്ല എന്ന ചോദ്യം അദ്ദേഹം നേരിട്ടു.   കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അതിരു കടന്നു വിശ്വസിച്ചുപോയ ഉത്തമ കമ്യൂണിസ്റ്റായ ശ്രീനിവാസനും, സോവ്യറ്റ് യൂനിയനും ഇന്നില്ല. പക്ഷെ യാഥാർഥ്യങ്ങൾ അതേ പടി നിലനിൽക്കുന്നു. കേവലമായ ഭൗതിക യുക്തി കൊണ്ട് മാത്രം ഇത്തരം അവസ്ഥകളൊന്നും കൈകാര്യം ചെയ്യാനാവില്ല.  പ്രകൃതി മുന്നറിയിപ്പുകളുടെ പാഠം ഇനിയെങ്കിലും  നാം പഠിക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ ജീവികളിൽ മനുഷ്യർക്ക് മാത്രമാണ് സഹജമായി മുന്നറിയിപ്പ് മനസ്സിലാക്കാനാകാത്തത്. പക്ഷികളും മൃഗങ്ങളുമൊക്കെ അതെങ്ങിനെയൊക്കെയോ അറിയുന്നുണ്ട്.   ഓഖി ദിനത്തിലും അവ ആ  'അറിവിൽ 'രംഗത്തു നിന്ന് മാറിയിരുന്നു. പരിസരത്തൊന്നും പട്ടികളും പൂച്ചകളും ഇല്ലാതായത് എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും  തിരിച്ചറിയുന്നുണ്ട്.  ആളുകളുമായി ഈ വിവരം പങ്കു വെച്ചവർക്കറിയാം അവർക്കും അത്തരം അനുഭവമുണ്ടായിരുന്നുവെന്ന്. വീട്ടിൽ  കുഞ്ഞുങ്ങളുമായി കഴിഞ്ഞ പൂച്ചകൾ എങ്ങോട്ടോ അപ്രത്യക്ഷമായി. പട്ടി കൂട്ടങ്ങളെയൊന്നും പറമ്പുകളിലെങ്ങും  കണ്ടില്ല.  ശരിയാണ്, ശരിയാണ് സാധാരണ കാണാറുള്ള കിളികളും മൈനകളും കാക്കകളും അന്നുണ്ടായിരുന്നില്ല കേട്ടോ.  അന്തരീക്ഷത്തിൽ നല്ല ഇരുട്ടായിരുന്നല്ലോ. ഉറപ്പായും  എന്തോ അസാധാരണത്വം അന്ന് അന്തരീക്ഷത്തിനുണ്ടായിരുന്നുവെന്ന് ആളുകളൊക്കെ ഇപ്പോൾ ഓർത്തെടുക്കുന്നു. എന്തൊക്കെയോ ചേർന്ന് പേടി തോന്നിച്ച ഒരു ദിവസം. 
ആധുനിക മാധ്യമങ്ങളിൽ കാറ്റിന്റെ ഗതിയും ഭീകരാവസ്ഥയും തത്സമയം പ്രവഹിക്കുന്നുണ്ടായിരുന്നു. പലരും  അതു നോക്കി ഹോ എന്ന് നിസ്സാരരായി. ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം.  രൂപപ്പെടുന്ന ഭീകര രൂപിയായ കാറ്റിന്റെ  അയച്ചു കിട്ടിയ ചിത്രം  ഫോർ വേഡ് ചെയ്തപ്പോൾ പടച്ചവനെ ഇതെന്തൊരവസ്ഥയാണെന്ന് ഭയത്തോടെ ആകുലപ്പെട്ടവരുമുണ്ട്, അല്ലാഹു നമ്മെ കാക്കട്ടെ എന്നൊരാൾ  നിഷ്‌ക്കളങ്കമായി മറു സന്ദേശമയച്ചപ്പോൾ പടച്ചവനെ നീ കാക്കണേ എന്ന അർഥത്തിൽ ആമീൻ  പറഞ്ഞപ്പോൾ അസാധാരണമായി ഉള്ളൊന്ന് ഉലഞ്ഞിരുന്നു. ഭക്തി നിറഞ്ഞ ഭയത്താൽ വല്ലാതെ   കണ്ണീരു പൊടിഞ്ഞിരുന്നു. എല്ലാം  എന്തിനായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മഹാവേദനയായി , കണ്ണീരായി അതിന്ന് കടലോരങ്ങളിലുണ്ട്. 
മനുഷ്യരല്ലാത്ത ജീവജാലങ്ങളുടെ കാര്യം തന്നെ വീണ്ടും ഓർക്കട്ടെ- തിരുവനന്തപുരം വലിയ തുറയിൽ നിന്ന് കടലിൽ പോയ  ജോസായിരുന്നു അവന്റെ നായക്ക് എല്ലാ ദിവസവും ചോറു കൊടുത്തിരുന്നത്.  സംഘത്തിനൊപ്പം മത്സ്യം പിടിക്കാൻ പോയ യജമാനൻ തിരിച്ചു വരാതായപ്പോൾ ആ ജീവി ഒരൊറ്റ കിടപ്പായിരുന്നു റോഡിൽ, ജല പാനമില്ലാതെ. മഹാ അറിവുകളുടെ നാഥന്മാരായ മനുഷ്യരും നിസ്സാരരെന്ന് കരുതുന്ന മറ്റ് ജീവ ജാലങ്ങളും തമ്മിലുള്ള അന്തരം !
ദുരന്തങ്ങൾ  മുൻകൂട്ടി അറിയാനുള്ള സംവിധാനമൊക്കെ ഇന്ന് മനുഷ്യ സമൂഹത്തിന് ലഭ്യമാണ്.  ആധുനിക അറിവുകളും പ്രകൃതിയിൽനിന്നുള്ള മേൽപറഞ്ഞ രീതിയിലുള്ള അറിവുകളും ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ  ദുരന്ത നിവാരണ സംവിധാനമൊക്കെ മഹാദുരന്തമായി തന്നെ അവശേഷിക്കും. ദുരന്ത നിവാരണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും  നിലവിലുള്ള സംവിധാനങ്ങൾ  ഫലപ്രദമായി ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥ- രാഷ്ട്രീയ ഭരണ നേതൃത്വത്തിന് സാധിക്കേണ്ടതുമുണ്ട്.   രാഷ്ട്രീയ നേതൃത്വത്തെ കുറ്റമറ്റ രീതിയിൽ ഇതൊക്കെ ബോധ്യപ്പെടുത്താൻ ഉദ്യോഗസ്ഥ നേതൃത്വത്തിന് സാധിക്കേണ്ടിയിരിക്കുന്നു. കാര്യക്ഷമവും ശാസ്ത്രീയവുമായ ഡിസാസ്റ്റർ മാനേജ്‌മെന്റ് വഴി മാത്രമേ  ഇതു സാധിക്കുകയുള്ളൂ.  സാധ്യമാണ് എന്ന് തമിഴ്‌നാട് തെളിയിച്ചിട്ടുണ്ട്. അവർ  തൊട്ടടുത്ത് കഴിഞ്ഞു പോയ ചുഴലിക്കാറ്റ് പാഠമാക്കി പ്രവർത്തിച്ചു.   
കേരളത്തിൽ ഉദ്യോഗസ്ഥ നേതൃത്വത്തെ മുഖവിലക്കെടുക്കാൻ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുന്നുണ്ടോ ? സംശയമുളവാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.  ഉദ്യോഗസ്ഥർ തമ്മിലും മുടിഞ്ഞ പോരല്ലേ ? മുൻ ഐ. എ എസുകാരനായ സുരേഷ് കുമാർ ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി എബ്രഹാമിനെയും, റവന്യൂ സെക്രട്ടറി കുര്യനെയും അതിരൂക്ഷമായാണല്ലോ  വിമർശിച്ചത്.  
ഉദ്യോഗസ്ഥർ തമ്മിലും  ഭരണ നേതൃത്വവുമായും പരസ്പര  വിശ്വാസം വീണ്ടെടുക്കുകയാണ് ആദ്യത്തെ ആവശ്യം.  ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവുമായി ഭരണ നേതൃത്വത്തിന്  നല്ല ബന്ധമല്ല ഉള്ളതെന്നതും  വാർത്തകളിൽ നിറഞ്ഞ കാര്യമാണ്. 
കാലാവസ്ഥ മാറ്റ വിവരം എപ്പോൾ അറിയിച്ചു എന്നതിലൊന്നും ഇക്കാലത്ത് വലിയ തർക്കത്തിനൊന്നും അർഥമില്ല. എല്ലാം ഡിജിറ്റൽ രേഖകളായി ലഭ്യം. സോഷ്യൽ മീഡിയകളിൽ അതെല്ലാം പറന്നു നടക്കുന്നു.  ഒന്നെടുത്ത് വായിച്ചു നോക്കിയാൽ  മാത്രം മതി സത്യം ബോധ്യപ്പെടും. അറിഞ്ഞെങ്കിൽ തന്നെ എന്തു ചെയ്യുമായിരുന്നു എന്നതാണ്  ചോദ്യം. 
ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന ബോധ്യവും ബോധവുമാണ് ആദ്യമുണ്ടാകേണ്ടത്. അങ്ങനെയായാൽ ഇതുപോലുള്ള  ദുരന്തങ്ങൾ അകന്നേ പോകും. കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ .. എന്ന് അന്തരീക്ഷം മൗന മൗനമായി മന്ത്രിക്കും.  മല പോലെ വരുന്നത് മഞ്ഞു പോലെയാകാൻ ഇതുമാത്രമേ വഴിയുള്ളൂ. പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളിൻ.. പടച്ചോന്റെ കാരുണ്യം കിട്ടുന്നതു കണ്ടോളിൻ .. എന്ന മാപ്പിളപ്പാട്ടിലെ വരികൾ കവി  വെറുതെ കുറിച്ചതല്ല.  ജീവിച്ച കാലത്ത് നേരിൽ കണ്ട  ജീവിത സത്യമാണത്.   
 

Latest News