മലപ്പുറം- ഡിസംബര്‍ ഒന്നിന് ലോക് എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മലപ്പുറം നഗരത്തില്‍ നടന്ന ഫ് ളാഷ് മോബില്‍ പങ്കെടുത്ത മൂന്ന് മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുറ്റക്കാരെ കണ്ടെത്തി ഉടന്‍ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ശിരോവസ്ത്രമണിഞ്ഞ് പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതിനെതിരെ ഫേസ്ബുക്കിലും വാട്‌സാപ്പിലുമായി കടുത്ത അശ്ലീല, വിദ്വേഷ പ്രചാരണമാണ് അഴിച്ചു വിട്ടത്.
പൊതുസമൂഹത്തിന്റെ പിന്തുണ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സ്വാതന്ത്ര്യത്തിനെതിരെ കടുത്ത കടന്നാക്രമണമാണ് നടന്നത്.
ഇതു സംബബന്ധിച്ച് പ്രതികരിച്ച ദോഹയിലെ ജനപ്രിയ റേഡിയോ ജോക്കി സൂരജിനെതിരേയും ഇക്കൂട്ടര്‍ ഉറഞ്ഞു തുള്ളുകയും സൂരജിന്റെ ജോലി തെറിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
മത വികാരം വൃണപ്പെടുത്തിയെന്ന ആരാപണമാണ് സൂരജിനെതിരെ ഉയര്‍ന്നത്. സൂരജ് പരസ്യമായി ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു.