ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ (ഏഴ് കോടിയോളം ഇന്ത്യൻ രൂപ) നേടി മലയാളി. അൽഖൂസ് സ്‌കൂൾ ട്രാൻസ്‌പോർട്ട് സർവീസ് കമ്പനിയിൽ ജോലി ചെയ്യുന്ന കോവിത്തല താഴത്തെവീട്ടിൽ രാഹുലിനാണ് സമ്മാനം ലഭിച്ചത്.
കമ്പനിയിലെ 25 ജീവനക്കാർ ചേർന്ന് വാങ്ങിയ ടിക്കറ്റിനായിരുന്നു സമ്മാനം. ജീവനക്കാരിൽ ഏറെയും ബസ് ഡ്രൈവർമാരാണ്. ഇവരെല്ലാവരും ചേർന്ന് സമ്മാനത്തുക പങ്കിട്ടെടുക്കും. കമ്പനിയിലെ സീനിയർ ഫിനാൻസ് ഓഫീസറാണ് രാഹുൽ.
കൂട്ടുകാർക്കൊപ്പമാണ് കമ്പനി ജീവനക്കാർ സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നത്. സമ്മാനം നേടിയാൽ എല്ലാവർക്കും പങ്കിട്ടെടുക്കാം എന്ന മുൻധാരണയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ എടുത്തിരുന്നത്. വാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ലെന്ന് രാഹുൽ പ്രതികരിച്ചു. ഫോൺ വിളി കേട്ടിട്ട് വിശ്വാസമാകാതെ വീണ്ടും ഉറപ്പുകിട്ടാനായി കാത്തിരുന്നുവെന്നും ഇ?മെയിൽ വന്നപ്പോഴാണ് ഉറപ്പിച്ചതെന്നും രാഹുൽ പറഞ്ഞു. 34 കാരനായ രാഹുൽ വാങ്ങിയ 4960 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ഫെബ്രുവരി 26 നാണ് ഈ ടിക്കറ്റ് ഓൺലൈനിൽ വാങ്ങിയത്. 12 വർഷമായി ദുബായിൽ പ്രവാസിയായ രാഹുൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വിജയിക്കുന്ന 178-ാമത്തെ ഇന്ത്യക്കാരനാണ്. കമ്പനിയിൽ ട്രാൻസ്‌പോർട്ട് ഫോർമാനാണ്. റഷ്യൻ ടെന്നീസ് കളിക്കാരൻ അസ്ലാൻ കരാത്സേവാണ് ടിക്കറ്റ് തെരഞ്ഞെടുത്തത്. നിർധനരെ സഹായിക്കാനും സ്വന്തമായി ഒരു വീട് നിർമിക്കാനും പണം വിനിയോഗിക്കുമെന്ന് രാഹുൽ പറഞ്ഞു.