ലണ്ടൻ- എഫ്.എ ക്വാർട്ടർ ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ചെൽസി തോൽപ്പിച്ചു. കഴിഞ്ഞ പതിനാല് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ചെൽസി മുന്നോട്ടുനീങ്ങുന്നത്. ആദ്യപകുതിയിൽ ലഭിച്ച സെൽഫ് ഗോളിലൂടെയായിരുന്നു ചെൽസി മുന്നിലെത്തിയത്. ചെൽസി പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഷോട്ട് ഷെഫീൽഡ് യുണൈറ്റഡ് താരം നോർവുഡിന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ പുത്തനുണർവോടെ കളിച്ച ഷെഫീൽഡ് യുണൈറ്റഡ് ചെൽസി ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ഇഞ്ചുറി ടൈമിൽ സീയെച്ചിന്റെ ഗോളിലൂടെ ചെൽസി രണ്ടാമത്തെ ഗോളും നേടിയ എഫ്.എ കപ്പ് സെമി ഫൈനൽ ഉറപ്പിച്ചു. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഹക്കിം സീയെച് ഗോൾ നേടിയിരുന്നു.