കൊൽക്കത്ത- ഐ.ലീഗ് കിരീടം നേടാൻ ഗോകുലം എഫ്.സിക്ക് ഇനി ആവശ്യം ഒരു വിജയം മാത്രം. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ചരിത്രനേട്ടത്തിനരികെ എത്തിയത്. മിന്നുന്ന ഫോമിലുള്ള ആന്റ്വിയുടെ ഇരട്ട ഗോളുകൾ ഗോകുലം കേരളയുടെ വിജയം എളുപ്പമാക്കി. പത്തൊൻപതാം മിനിറ്റിലാണ് ആന്റ്വി ആദ്യഗോൾ നേടിയത്. മുപ്പത്തിമൂന്നാമത്തെ മിനിറ്റിൽ നേടിയ രണ്ടാം ഗോളിലൂടെ ആന്റ്വി ഗോകുലത്തിന്റെ ലീഡ് ഉയർത്തി. എൺപത്തിനാലാമത്തെ മിനിറ്റിലാണ് മുഹമ്മദൻസ് ഗോൾ മടക്കിയത്. ഫ്രീകിക്കിൽനിന്നായിരുന്നു ഗോൾ പിറന്നത്. സുജിത് സദുവാണ് ഗോൾ നേടിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ട്രാവുവും ചർച്ചിൽ ബ്രദേഴ്‌സും സമനിലയിൽ പിരിഞ്ഞതാണ് ഗോകുലത്തിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തെളിച്ചത്. ഗോകുലത്തിനും ചർച്ചിലിനും ട്രാവുവിനും 26 പോയിന്റ് വീതവുമാണ് നിലവിലുള്ളത്. അവസാന മത്സരത്തിൽ ഗോകുലം കേരളയും ട്രാവുവുമാണ് ഏറ്റുമുട്ടേണ്ടത്. അതുകൊണ്ട് ആ മത്സരം വിജയിച്ചാൽ ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലേക്ക് എത്തുന്ന ടീം എന്ന റെക്കോർഡ് ഗോകുലത്തിന് സ്വന്തമാകും. പഞ്ചാബ് എഫ്.സിയെ ആണ് അവസാന മത്സരത്തിൽ ചർച്ചിൽ നേരിടുക.