Sorry, you need to enable JavaScript to visit this website.

നിലമ്പൂരില്‍ ചത്ത തെരുവുനായക്ക് പേവിഷബാധയെന്ന് റിപ്പോര്‍ട്ട്; ജനങ്ങള്‍ ഭീതിയില്‍

നിലമ്പൂര്‍-നിലമ്പൂരില്‍ രണ്ടു ദിവസം മുമ്പ് അഞ്ചു പേരെ കടിച്ച് പിന്നീട് ചത്ത തെരുവുനായക്ക് പേവിഷ ബാധയെന്നു
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചാകുന്നതിനു മുമ്പ് നായ പത്തിലേറെ നായ്ക്കളെയും നിരവധി വളര്‍ത്തു മൃഗങ്ങളെയും കടിച്ചിരുന്നു.  കടിയേറ്റ നായ്ക്കളെ പിടികൂടാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. പത്തു ദിവസത്തിനുള്ളില്‍ ഈ നായ്ക്കളെ പിടികൂടാനായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നു സൂചന. നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ നൂറുക്കണക്കിനു തെരുവു നായ്ക്കളുണ്ട്. ചത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ  പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. നായയുടെ കടിയേറ്റവര്‍ക്കു അഞ്ചു ഡോസ് വാക്സിനുകളും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കു മൂന്നു ഡോസ് വാക്‌സിനുകളും നല്‍കുമെന്നു നിലമ്പൂര്‍ വെറ്ററിനറി ആശുപത്രിയിലെ ഡോ. ഷൗക്കത്തലി വടക്കുമ്പാടം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂര്‍ ടൗണിലും പരിസരങ്ങളിലും ഭീതി പരത്തിയ തെരുവുനായ അഞ്ചു ആളുകളെയും ഒരു
പശുവിനെയും  കടിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ ഇ.ആര്‍.എഫ് അംഗങ്ങളും നാട്ടുകാരും നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളും ചേര്‍ന്നു വീട്ടിക്കുത്ത് റോഡില്‍ നിന്നാണ് നായയെ  പിടികൂടിയത്.  വെറ്ററിനറി ഡോക്ടര്‍ നായക്ക്  ചികല്‍സ നല്‍കുകയും പത്തു ദിവസം നിരീക്ഷിക്കാനായി കൂട്ടിലാക്കി  മൃഗാശുപത്രിക്ക് സമീപത്തേക്കു മാറ്റുകയായിരുന്നു.   വെള്ളിയാഴ്ച രാവിലെയോടെ നായ ചത്തു. തൃശൂര്‍ മണ്ണുത്തി കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചത്ത നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന മുന്നറിയിപ്പുമുണ്ട്.

 

Latest News