ജിദ്ദ- ഖുർആനിക വചനങ്ങളുടെ സമകാലിക ഡിക്കോഡിങ് ഇനിയും നടക്കേണ്ടതുണ്ടെന്നും അതിന്റെ ബോധന രീതിയും ചലനാത്മകതയും അനുവാചകർക്ക് ഉൾകാഴ്ച നൽകുന്നതാണെന്നും ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് തഫ്സീർ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രശസ്ത ടെക്നോളജി കോളമിസ്റ്റും ബിസിനസ്സ് കൺസൾട്ടന്റുമായ ടി.പി ശറഫുദ്ധീൻ ദുബായ് അഭിപ്രായപെട്ടു.
തനിമ ജിദ്ദാ നോർത്ത് ഖുർആൻ സ്റ്റഡി സെൻ്ററിന് കീഴിലെ 'ഖുർആൻ ശാസ്ത്ര വേദി' വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മനുഷ്യന് സന്മാർഗ നിർദ്ദേശങ്ങൾ നൽകുന്ന ഖുർആൻ കലാതിവർത്തിയായി നിലകൊള്ളുന്നത് ഖുർആനിക പദങ്ങളുടെ എന്‍ക്രിപ്ഷന്‍ സാധ്യത നിലനിൽക്കുന്നതിനാലാണെന്നും അതിലെ ഒരു സൂക്തം മനസ്സിലാക്കാൻ അറബി ഭാഷയിൽ സാമാന്യം അറിവുള്ള ഏതൊരാൾക്കും കഴിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഖുർആൻ പഠിക്കാനും വ്യാഖ്യാനിക്കാനുമുള്ള വായനക്കാരന്റെ സ്വയംപര്യാപ്തത എങ്ങിനെ സാധ്യമാക്കാൻ കഴിയുമെന്നതിനെ കുറിച്ച് ആധുനിക ഖുർആൻ ശാസ്ത്ര പണ്ഡിതരും വ്യാഖ്യാതാക്കളും ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിലും ചർച്ചയിലും ഖുർആൻ സ്റ്റഡി സെൻ്റർ സോണൽ കോഓർഡിനേറ്റർ ആബിദ് ഹുസൈൻ അധ്യക്ഷനായിരുന്നു. ദുൽകിഫിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ശാസ്ത്ര വേദി കോഓർഡിനേറ്റർ വി എം മുഹമ്മദ് റാഫി സ്വാഗതവും ഫവാസ് കടപ്രത്ത് നന്ദിയും പറഞ്ഞു.