Sorry, you need to enable JavaScript to visit this website.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് യു.എ.ഇ ഒരുങ്ങി, നാട്ടില്‍നിന്ന് ഉന്നത സംഘമെത്തി

അബുദാബി- എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് യു.എ.ഇയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുങ്ങി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നാട്ടില്‍നിന്ന് ഉന്നതതല സംഘം എത്തിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ വിവേകാനന്ദന്‍, പരീക്ഷാ ഭവന്‍ സെക്രട്ടറി കെ.ഐ ലാല്‍ എന്നിവരാണ് യു.എ.ഇയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തയാറെടുപ്പുകള്‍ വിലയിരുത്തുന്നത്.

വെള്ളിയാഴ്ച വൈകിട്ട് എത്തിയ സംഘം ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരിശോധന നടത്തി. പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസുകളുടെ ഒരുക്കങ്ങള്‍ക്കു പുറമേ  സി.ഇ മാര്‍ക്ക്, ഹാള്‍ ടിക്കറ്റ്, അറ്റന്‍ഡന്‍സ് റജിസ്റ്ററുകളും പരിശോധിച്ചു. പ്രാക്ടിക്കല്‍ സൗകര്യങ്ങളും വിലയിരുത്തി.  കോവിഡ് പശ്ചാത്തലത്തില്‍ അധികമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കി.

ഉമ്മുല്‍ഖുവൈനിലെ ദി ഇംഗ്ലിഷ് സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ഫുജൈറ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും  ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളിലും വരുന്ന ദിവസങ്ങളില്‍ പരിശോധന നടത്തും.
കോവിഡ് മാനദണ്ഡം കര്‍ശനമായതിനാല്‍ അബുദാബി, അല്‍ഐന്‍ സ്‌കൂളുകളില്‍ ഇത്തവണ നേരിട്ടെത്തി പരിശോധനയുണ്ടാകില്ല. പകരം വെര്‍ച്വലായി വിലയിരുത്തും.

അബുദാബിയിലെത്തുന്നവര്‍ 10 ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്ന നിയമമുള്ളതിനാല്‍ പരിശോധന വെര്‍ച്വലാക്കുകയായിരുന്നു.
ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പരീക്ഷയില്‍ എസ്.എസ്.എല്‍.സിക്ക് 9 കേന്ദ്രങ്ങളിലായി 548 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറിക്കു 8 കേന്ദ്രങ്ങളിലായി 491 വിദ്യാര്‍ഥികളുമാണ് യുഎഇയില്‍നിന്ന് പരീക്ഷ എഴുതുന്നത്. മലയാളികള്‍ക്കു പുറമേ വിവിധ രാജ്യക്കാരും കേരള ബോര്‍ഡ് പരീക്ഷ എഴുതുന്നുണ്ട്.

 

Latest News