Sorry, you need to enable JavaScript to visit this website.

പൊടി രൂക്ഷം, ഷമി ഗ്രൗണ്ടിൽ ഛർദിച്ചു

ദൽഹി ക്രിക്കറ്റ് ടെസ്റ്റിൽ സുരാംഗ ലക്മൽ ഔട്ടാവുന്നതിന്റെ റീപ്ലേ സ്റ്റേഡിയത്തിൽ കൂറ്റൻ സ്‌ക്രീനിൽ കാണുന്ന ഇന്ത്യൻ  കളിക്കാർ.
  • ജയത്തിലേക്ക്

ന്യൂദൽഹി- തുടർച്ചയായ നാലാം ദിവസവും കളിയേക്കാൾ മലിനീകരണം ചർച്ചയായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയം മണക്കുന്നു. 163 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ആതിഥേയർ രണ്ടാമിന്നിംഗ്‌സ് അഞ്ചിന് 246 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 410 റൺസിന്റെ വിജയ ലക്ഷ്യവുമായി വീണ്ടും ക്രീസിലിറങ്ങിയ ശ്രീലങ്ക 31 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പതറുകയാണ്. ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയാണ് ഇന്നലെ അവസാന ഓവറിൽ സന്ദർശകരെ സമ്മർദത്തിലാക്കിയത്. സ്റ്റംപെടുക്കുമ്പോൾ ധനഞ്ജയ ഡിസിൽവയും (13), ആഞ്ചലോ മാത്യൂസുമാണ് (0) ക്രീസിൽ.

എന്നാൽ കളിയേക്കാൾ പുകപടലങ്ങൾ നിറഞ്ഞ ദൽഹിയിലെ അന്തരീക്ഷമായിരുന്നു ഇന്നലെയും ചർച്ചാവിഷയം. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കും ബൗളിംഗിനിടെ ഛർദിൽ അനുഭവപ്പെട്ടു. കളി നിർത്തി അൽപനേരം ഗ്രൗണ്ടിൽ ഇരിക്കുകുയം അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്ത ഷമി വായിൽ വെള്ളം കുലുക്കി തുപ്പിയ ശേഷം എഴുന്നേൽക്കുകയും ഓവർ പൂർത്തിയാക്കുകയും ചെയ്തു. ആ ഓവറിൽ ലങ്കൻ ഓപ്പണർസ സദീര സമരവിക്രമയെ (5) ഷമി പുറത്താക്കിയിരുന്നു. ഓവർ കഴിഞ്ഞയുടൻ ഷമി ഫീൽഡ് വിട്ടു. വെളിച്ചക്കുറവുള്ള സാഹചര്യത്തിൽ പെയ്‌സ് ബൗളർമാർ ബൗൾ ചെയ്യുന്നത് ഉചിതമാവില്ലെന്ന് അമ്പയർമാർ അഭിപ്രായപ്പെടുകയും ചെയ്തു. മൂന്ന് ഓവർ വീതമെറിഞ്ഞ ഇശാന്ത് ശർമയും ഷമിയും ലങ്കൻ ബാറ്റ്‌സ്മാന്മാരെ ശരിക്കും സമ്മർദത്തിലാക്കിയിരുന്നു.
തുടർന്ന് പന്തെടുത്ത ആർ. അശ്വിനും ജദേജയും സമ്മർദം തുടർന്നെങ്കിലും വിക്കറ്റ് പോകാതെ നോക്കുന്നതിലായിരുന്നു ലങ്കൻ ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ. എന്നാൽ ഓപണർ ദിമുത് കരുണരത്‌നെയെ (13) വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ച് ജദേജ ലങ്കയുടെ ചെറുത്തുനിൽപിന് കടിഞ്ഞാണിട്ടു. മൂന്ന് പന്ത് കഴിഞ്ഞപ്പോൾ നൈറ്റ് വാച്ച്മാൻ സുരാംഗ ലക്മലിനെയും ജദേജ ക്ലീൻ ബൗൾ ചെയ്തതോടെയാണ് മാത്യൂസ് ക്രീസിലെത്തിയത്. ആ ഓവർ അവസാനിച്ചതോടെ വെളിച്ചക്കുറവുമൂലം കളി നിർത്തുകയും ചെയ്തു. 
നേരത്തെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ലക്മലിനും ഛർദി അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥതയോടെ ഡ്രസിംഗ് റൂമിലേക്ക് പോയ ഫാസ്റ്റ് ബൗളർ പിന്നീട് ഗ്രൗണ്ടിൽ തിരിച്ചെത്തിയത് മാസ്‌ക് ധരിച്ചാണ്. മറ്റ് ലങ്കൻ കളിക്കാരും മാസ്‌ക് ധരിച്ചാണ് ഫീൽഡ് ചെയ്തത്. 14 ഓവർ എറിഞ്ഞ ലക്മൽ ഓപണർ മുരളി വിജയിനെ (9) പുറത്താക്കുകയും ചെയ്തു. എന്നാൽ മത്സരത്തിനിടെ കളിക്കാരെ പരിശോധിച്ച ഡോക്ടർ ആർക്കും കാര്യമായ കുഴപ്പമില്ലെന്നാണ് പറഞ്ഞത്.
അതിവേഗം സ്‌കോർ ചെയ്ത് ലീഡ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. ശിഖർ ധവാൻ (67), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (50), രോഹിത് ശർമ (50 നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചുറിയും ചേതേശർ പൂജാര (49) യുടെ മികച്ച ബാറ്റിംഗുമാണ് ഇന്ത്യൻ സ്‌കോറിംഗിന് അടിത്തറയായത്. 91 പന്ത് നേരിട്ട ധവാൻ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. 58 പന്തിൽനിന്നാണ് കോഹ്‌ലി 50 തികച്ചത്. രോഹിത് 49 പന്തിൽനിന്നും. രോഹിത് അർധ സെഞ്ചുറി നേടിയ ഉടനെ കോഹ്‌ലി ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. 2003 നു ശേഷം ഒരു ടീമും 410 റൺസിലേറെ പിന്തുടർന്ന് ടെസ്റ്റ് ജയിച്ചിട്ടില്ലെന്നിരിക്കേ സ്പിൻ അനുകൂല പിച്ചിൽ കോഹ്‌ലിയും കൂട്ടരും ശുഭപ്രതീക്ഷയിലാണ്. ജയിച്ചാൽ തുടർച്ചയായ ഒമ്പതാം പരമ്പര വിജയമെന്ന റെക്കോർഡാണ് അവരെ കാത്തിരിക്കുന്നത്.
രാവിലെ ഇന്ത്യൻ ബൗളിംഗിനെ ശ്രദ്ധയോടെ നേരിട്ട ക്യാപ്റ്റൻ ദിനേശ് ചാന്ദിമൽ (164) പുറത്തായതോടെ ലങ്കയുടെ ഒന്നാമിന്നിംഗ്‌സ് 373 ന് അവസാനിച്ചു. തലേ ദിവസത്തേക്കാൾ 17 റൺസാണ് സന്ദർശകർ കൂട്ടിച്ചേർത്തത്.


 

Latest News