വടകര- കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ അപര സ്ഥാനാര്‍ത്ഥികളെ ഇറക്കുന്ന സ്ഥിരം അടവ് കൈവിടാതെ പാര്‍ട്ടികള്‍. വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കെ കെ രമയ്ക്ക് എതിരെ മൂന്ന് രമമാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കെ കെ രമ എന്നു പേരുള്ള ഒരു അപരയുമുണ്ട്. പികെ രമ, കെ ടി കെ രമ എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. കെ കെ രമ എന്ന പേരുള്ള അപരകൂടി രംഗത്തിറങ്ങിയതോടെ യുഡിഎഫിന് തലവേദന കൂടി. കൊടുവള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന് എതിരെ രണ്ട് റസാഖുമാര്‍ രംഗത്തുവന്നിട്ടുണ്ട്. കാരാട്ട് റസാഖിന്റെ ശരിക്കുള്ള പേര് അബ്ദുള്‍ റസാഖ്. ഈ പേരുള്ള രണ്ടുപേരാണ് മത്സരിക്കുന്നത്. എം കെ മുനീറിന് എതിരെ മറ്റൊരു എം കെ മുനീര്‍ തന്നെ കളത്തിലിറങ്ങിയിട്ടുണ്ട്. തിരുവമ്പാടി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയ മുഹമ്മദുണ്ട്. ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജനുമുണ്ട് അപരന്‍. പേര് ധര്‍മ്മേന്ദ്രന്‍.