കൊച്ചി- കിഫ്ബി പദ്ധതി സംബന്ധിച്ച് ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. കിഫ്ബി പദ്ധതിയുടെ വിശദാംശങ്ങൾ തേടി ആദായനികുതി വകുപ്പ് സർക്കാരിന് നോട്ടീസ് അയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനാണു നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇ.ഡിയും ഇതു സംബന്ധിച്ചു നോട്ടീസ് അയച്ചിരുന്നു.
പദ്ധതിയുടെ വിശദാംശങ്ങൾ കൂടാതെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കരാറുകാർക്കു നൽകിയിട്ടുള്ള പണത്തിന്റെ വിശദാംശങ്ങൾ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പദ്ധതിക്കും എത്ര നികുതി നൽകിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കാനാണു ഇൻകം ടാക്‌സ് അഡിഷനൽ കമ്മിഷണർ നൽകിയ കത്തിലെ നിർദേശം.
നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇ.ഡി. വിളിപ്പിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾക്കു ഇടയാക്കുകയും ഉദ്യോഗസ്ഥർ ഹാജരാകില്ലെന്നു നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു മറ്റൊരു കേന്ദ്ര ഏജൻസിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ലൈഫ് മിഷൻ ഇടപാടിലും ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെയും മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനെതിരേയും അന്വേഷണം നടന്നുവരികയാണ്. സ്വപ്‌നയുടെ വൻ സമ്പാദ്യം സംബന്ധിച്ച വിവരങ്ങൾ എൻ.ഐ.എ പുറത്തു വിട്ടതിനു പിന്നാലെയായിരുന്നു അനധികൃത സ്വത്തുകളെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷിക്കുന്നത്.