Sorry, you need to enable JavaScript to visit this website.

ടൂറിസം മേഖലയിൽ ഒരു ലക്ഷം സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നു

റിയാദ് - ഈ വർഷം ടൂറിസം മേഖലയിൽ ഒരു ലക്ഷം സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കാമ്പയിൻ ടൂറിസം മന്ത്രാലയം ആരംഭിച്ചു. ടൂറിസം മേഖലയിൽ മാനവശേഷി വികസനത്തിനുള്ള ടൂറിസം മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് 'യുവർ ഫ്യൂച്ചർ ഈസ് ടൂറിസം' എന്ന ശീർഷകത്തിൽ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. 2030 ഓടെ ടൂറിസം മേഖലയിൽ പത്തു ലക്ഷം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് തന്ത്രത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണമെന്ന് ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. 
വിനോദ സഞ്ചാര വ്യവസായ മേഖലയിൽ മാനവശേഷി വികസനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ടൂറിസം മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, മാനവശേഷി വികസന നിധി, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ, സ്വകാര്യ മേഖലാ പങ്കാളികൾ എന്നിവയുമായി സഹകരിച്ചാണ് ടൂറിസം മേഖലയിൽ സ്വദേശികൾക്ക് പരിശീലന പ്രോഗ്രാമുകൾ നടപ്പാക്കുക. 


ടൂറിസം മേഖലയിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പുതിയ കാമ്പയിന്റെ ഭാഗമായി സൗദി യുവതീയുവാക്കൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് രണ്ടു വർഷം വരെ ധനസഹായം നൽകും. 
പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം മാനവശേഷി വികസനനിധി വഴി രണ്ടു വർഷത്തേക്ക് വഹിക്കുകയാണ് ചെയ്യുക. ഇത് സ്വദേശികളെ നിയമിക്കാനും സൗദിവൽക്കരണം ഉയർത്താനും സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. 
ടൂറിസം മേഖലയിൽ മാനവശേഷി വികസനത്തിനുള്ള തന്ത്രം കഴിഞ്ഞ ഒക്‌ടോബറിൽ ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ടൂറിസം മേഖലാ സ്ഥാപനങ്ങളിൽ പടിപടിയായി സൗദിവൽക്കരണം നടപ്പാക്കാനും യോഗ്യരായ സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാനും ലക്ഷ്യമിട്ട് പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങൾ വഴി സൗദി യുവതീയുവാക്കൾക്ക് പരിശീലന കോഴ്‌സുകൾ നടത്തൽ, ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ തന്ത്രത്തിൽ ഉൾപ്പെടുന്നു.

 

Latest News