Sorry, you need to enable JavaScript to visit this website.

മൂൺവാലിയിലെ നിലാവിലൊരു രാപ്പാർക്കൽ

യാത്ര നിലാവിനോടൊപ്പമാകണം, നിഴലുകൾ മുറിച്ചു കടന്ന് നഗരത്തിന്റെ നിയോൺ വെളിച്ചം അവസാനിക്കുന്നിടത്തേക്കുമാകണം. രാവിന്റെ നേർത്ത വെളിച്ചം മെനഞ്ഞെടുത്ത കുന്നിൻ ചെരിവുകളുടെ ത്രിമാന രൂപങ്ങൾ കാണണം. നിലാവിൽ തെളിയുന്ന മരങ്ങളുടെ ചില്ലകളിലെ ശിൽപ ചാരുതയ്ക്ക് താഴെ മണലിൽ കിടന്ന് ആകാശം നോക്കി  ഉമ്പായിയേയും ഷഹബാസിനേയും ബാബുരാജിനേയുമെല്ലാം ഉറക്കെ പാടണം. അതെ ആ ആഗ്രഹം തന്നെയാണ് സാധിച്ചത്, ജിദ്ദയിൽനിന്നും  133 കിലോമീറ്റർ അകലെ ഉസ്ഫാനടുത്ത് മൂൺവാലിയിൽ പോയി ഞങ്ങൾ രാപ്പാർത്തു.
യാത്രകൾ എപ്പോൾ  സംഭവിക്കുമെന്ന് ഒരിക്കലും അനുമാനിക്കാൻ സാധിക്കില്ല. തെരഞ്ഞെടുക്കുന്ന വഴികളൊന്നും തന്നെ ചിലപ്പോൾ ഉപയോഗിക്കണമെന്നുമില്ല. അങ്ങനെ സംഭവിച്ചതാണ് ഈ യാത്രയും. സാദത്തിനോടും കൊമ്പനോടും സംസാരത്തിനിടയിൽ വെറുതെ പറഞ്ഞ മൂൺ വാലി യാത്ര പൊടുന്നനെ സംഭവിച്ചു. അഷറഫ് മാവൂരിനെ വിളിക്കാമെന്ന് കൊമ്പനും സാദത്തും പറഞ്ഞു. യാത്രക്ക് വളരെ അടുത്ത നിമിഷങ്ങളിൽ  എഴുത്തുകാരൻ അബു ഇരിങ്ങാട്ടിരിയും പ്രൊഫ. ഇസ്മായിൽ മരുതേരിയും സമീർ കാക്കുവും കൂടെ ചേർന്നു. 

യാത്രാസംഘം മൂൺ വാലിയിൽ


നഗരം രാവിൻ സ്വർണ വെളിച്ചത്തിൽ സുന്ദരിയായി ചമയുന്നുണ്ട്, വെളിച്ചമേറ്റ് മക്ക മദീന ഹൈവേയുടെ ഇരു ഭാഗത്തുമുള്ള കെട്ടിടങ്ങൾ മിന്നിത്തിളങ്ങുന്ന കാഴ്ച നഗരത്തിന്റെ അതി സൗന്ദര്യമാണ് രേഖപ്പെടുത്തുന്നത്. മക്ക-മദീന ഹൈവേയിലൂടെ ഞങ്ങളും യാത്ര ചെയ്യാൻ തുടങ്ങി. 
നിയോൺ വെളിച്ചങ്ങൾ അവാസാനിച്ചു തുടങ്ങിയിരിക്കുന്നു.  ഇരുട്ടിനെ കീറി മുറിച്ച് വാഹനത്തിന്റെ വെളിച്ചം ലക്ഷ്യങ്ങൾ തേടി മുമ്പോട്ട് കുതിക്കുകയാണ്.  മണൽക്കുന്നുകൾ ചെറിയ നിലാവിൽ ഇരുണ്ട രൂപങ്ങളായി ഇരു ദിശകളിൽ കാണുന്നുണ്ട്. ഒഴിഞ്ഞ മണൽ പരപ്പുകൾക്ക് അകലെ എവിടെയൊക്കെയോ ജീവനുകളുണ്ടെന്ന് അറിയിക്കുന്ന മിന്നാമിന്നി തെളിച്ചങ്ങൾ, അകലെയുള്ള വെളിച്ചത്തെ അടുപ്പിച്ചും ദൂരേക്ക്  അകറ്റിയും പാതകൾ മണലിലൂടെ ഞങ്ങളെ ഒഴുക്കിക്കൊണ്ടു പോകുന്നു. രാത്രി അതിന്റെ മൗന സ്വരൂപത്തിലാഴ്ന്നിറങ്ങിയിരിക്കുന്നു. വാഹനങ്ങൾ നന്നേ കുറഞ്ഞിരിക്കുന്നു. വാഹനം കുന്നുകളും ചെരിവുകളും താണ്ടിക്കൊണ്ട് മൂൺവാലി ലക്ഷ്യമാക്കി പാഞ്ഞു,

മദീന ഹൈവേയിൽനിന്ന്  ഉസ്ഫാൻ റോഡിനു കുറച്ച് സഞ്ചരിച്ച് എത്തിപ്പെടുന്ന സ്ഥലമാണ് മൂൺ വാലി.  രാത്രിയിൽ മരുഭൂമിയിൽ രാപ്പാർക്കാൻ വേണ്ടിയാണ് ഈ ഇടം ഉപയോഗിക്കുന്നത്. നഗരത്തിന്റെ തിക്കും തിരക്കുകളും മാറ്റിനിർത്താനാണ് കൂടുതലും ഈ ഒഴിഞ്ഞ മരുഭൂമിയിൽ ആളുകൾ എത്തിപ്പെടുന്നത്, ആകാശം വളരെ വ്യക്തമാകുന്ന ഒരു ഉയർന്ന സ്ഥലം എന്നതിനാലായിരിക്കാം ഇതിന്  മൂൺവാലി എന്ന് പേരിട്ടത്. 

ഞങ്ങൾ റോഡിൽനിന്നും വണ്ടി മരുഭൂമിയുടെ ചെറിയ വഴിയിലേക്ക്  തിരിച്ചു.  വണ്ടികൾ സ്ഥിരം  പോയ വഴിയിലെ മണൽ പാടുകളിലൂടെ യാത്ര തുടർന്നു.  മരുഭൂമിയുടെ പല സ്ഥലങ്ങളിലായി ടെന്റുകൾ കെട്ടി  അറബികൾ തീയും കത്തിച്ച് ഷീഷയും വലിച്ച് ഇരിക്കുന്നത് കാണാം.  അവരെല്ലാം ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാണ്. ചിലർ മരുഭൂമിയിൽ ആകാശം കണ്ട് മലർന്നു കിടക്കുന്നു. 
മൂന്ന് കുന്നുകൾക്ക് നടുവിൽ ഒരു മരത്തിന്റെ ചുവട്ടിലായി ഞങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്തു. അബുക്കയും മരുതേരിയും അടങ്ങുന്ന സംഘം നിരപ്പായ  സ്ഥലം  കണ്ടെത്തി ഇരിപ്പിടം തയ്യാറാക്കി. കൊമ്പൻ തീ കത്തിക്കാനുള്ള വിറക് കൂട്ടാൻ തുടങ്ങി. സാദത്തും മാവൂരും തീക്കൂമ്പാരമുണ്ടാക്കി. ഷമീർക്ക പല തരത്തിലുള്ള ഫോട്ടോകൾ പകർത്താനും തുടങ്ങി. സുപ്ര വിരിച്ച് ഭക്ഷണവും കഴിച്ച് ചർച്ചകളിലേക്ക് മുഴുകി. മൂൺ വാലിയിലെ ആകാശം അതീവ സുന്ദരമാണ്, ഞങ്ങൾ എത്തിച്ചേരുന്നത് പൂർണ ചന്ദ്രനുള്ള രാവിൽ തന്നെയായിരുന്നതിനാൽ മരുഭൂമി ചന്ദ്ര രശ്മികളാൽ കുളിച്ച്  നൃത്തമാടുന്നൊരു  അപ്‌സരസിനെപ്പോലെ ഞങ്ങളെ വരവേറ്റിരിക്കുകയാണ്. 


അർദ്ധ രാത്രി പിന്നിട്ടു കൊണ്ടിരിക്കുന്നു,തണുത്ത മരുക്കാറ്റ് മണലുകളെ തണുപ്പിച്ചൊകൊണ്ടിരിക്കുന്നു.  ഞങ്ങൾ കൂട്ടിയിട്ട വിറക് ഒരു മൂലയിൽ കത്തിക്കൊണ്ടിരിക്കുകയാണ്. കനലുകളിൽ തീകത്തി പടരുന്ന ചെറിയ ശബ്ദങ്ങൾ ആ നിശ്ശബ്ദതിയിൽ വ്യക്തമായി കേൾക്കാം. എല്ലാത്തിലുമൊരു സംഗീത മയം. 
അഷറഫ് മാവൂർ ബാബുക്കയെ പാടി തുടങ്ങി.  ആ രാവിന്റെ ഏറ്റവും സുന്ദരമായ സമയമെന്ന് പറയാം.  ആരുമൊന്ന് പാടിപ്പോകുന്ന  മനോഹര യാമം.  അബുക്കയും മരുതേരി സാറും പഴമയുടെ ഗസലുകൾ ഉറക്കെ ഉറക്കെ പാടി.  കൊമ്പൻ ഷഹബാസിനെ പിന്തുടർന്നു. 


വീണ്ടും നിശ്ശബ്ദത താളംകെട്ടിക്കൊണ്ടിരിക്കുന്നു, ചിലർ മണലിൽ വിരിപ്പിൽ ആകാശം കണ്ട് ഉറക്കത്തെ പുൽകാൻ തുടങ്ങുന്നു. രാവ് പുലർച്ചയിലേക്ക് പാഞ്ഞടുത്തു കൊണ്ടിരിക്കുന്നു.
ചർച്ചകൾ അവസാനിക്കുമ്പോൾ ഞങ്ങൾക്ക് മടങ്ങാൻ സമയമായി.  അടുത്ത ചെറിയ കുന്നിൽ നിന്ന് നിലാവിനേയും ചേർത്തൊരു ഫോട്ടോ  പകർത്തി ഞങ്ങൾ ആ മണൽ പരപ്പിനോട് പതുക്കെ വിടപറഞ്ഞ് ജിദ്ദയേയും ലക്ഷ്യമാക്കി നീങ്ങി.

Latest News