Sorry, you need to enable JavaScript to visit this website.

ഹൂത്തി ആക്രമണം: രക്ഷാ സമിതി അപലപിച്ചു

റിയാദ് - പത്തു ലക്ഷത്തിലേറെ വരുന്ന അഭയാർഥികളുടെ ജീവന് ഗുരുതരമായ ഭീഷണി സൃഷ്ടിച്ച് മാരിബിൽ ഹൂത്തികൾ ആക്രമണം രൂക്ഷമാക്കിയതിനെ യു.എൻ രക്ഷാ സമിതി അംഗങ്ങൾ അപലപിച്ചു. യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ ആഗോള സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കുന്നതിനിടെ ഹൂത്തി ആക്രമണങ്ങൾ രാഷ്ട്രീയ പരിഹാര ശ്രമങ്ങൾക്ക് വിഘ്‌നം സൃഷ്ടിക്കും. അതിർത്തി ഭേദിച്ച് സൗദി അറേബ്യക്കെതിരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെയും രക്ഷാ സമിതി അംഗങ്ങൾ പ്രസ്താവനയിൽ അപലപിച്ചു. 
യെമനിലെങ്ങും സൈനിക നടപടികൾ രൂക്ഷമാകുന്നതിൽ രക്ഷാ സമിതി അംഗങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരും ചേർന്ന് സാഹചര്യം ശാന്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാരിബിൽ ആക്രമണം രൂക്ഷമാക്കിയത് ഹൂത്തികൾ ഉടനടി അവസാനിപ്പിക്കണം. മാരിബിൽ സൈന്യം കുട്ടിപ്പട്ടാളക്കാരെ ഉപയോഗിക്കുന്നതിനെയും പ്രസ്താവന അപലപിച്ചു. 
യെമനിൽ ദേശീയ തലത്തിൽ വെടിനിർത്തൽ സാധ്യമാക്കുാനും യെമൻ ജനതയുടെ നേതൃത്വത്തിലും ഉടമസ്ഥതയിലുമുള്ളതായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിൽ എത്തിച്ചേരാനും മുൻ ഉപാധികൾ കൂടാതെ ചർച്ചകൾ നടത്താൻ യു.എൻ പ്രത്യേക ദൂതനുമായി എല്ലാ കക്ഷികളും സഹകരിക്കണം. സ്ത്രീകളുടെ സമ്പൂർണവും തുല്യവും അർഥവത്തുമായ പങ്കാളിത്തവും യുവജന പങ്കാളിത്തവും ഉറപ്പാക്കുന്ന സമഗ്ര രാഷ്ട്രീയ പരിഹാരമാണ് യെമൻ സംഘർഷത്തിന് കാണേണ്ടത്. യെമനിലെ ദുഷ്‌കരമായ സാമ്പത്തിക, മാനുഷിക സാഹചര്യങ്ങളിൽ യു.എൻ രക്ഷാ സമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. 
അൽഹുദൈദ തുറമുഖത്തേക്കുള്ള റിലീഫ് വസ്തുക്കളുടെയും ഇന്ധന കപ്പലുകളുടെയും നീക്കം സുഗമമാക്കേണ്ടത് ഏറെ പ്രാധാന്യം അർഹിക്കുന്നു. യെമന്റെ പരമാധികാരം, ഐക്യം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവയെ പിന്തുണക്കും. സമാധാന പ്രക്രിയയിൽ പുരോഗതി കൈവരിക്കാനാകാത്തത് ആശങ്കാജനകമാണ്. ഇത് യെമനിലെ ഭീകരർ മുതലെടുത്തേക്കും. മനുഷ്യാവകാശ, അന്താരാഷ്ട്ര നിയമ ലംഘനങ്ങളിൽ കുറ്റക്കാരായവരോട് കണക്കു ചോദിക്കണമെന്നും യു.എൻ രക്ഷാ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. കൊറോണ വാക്‌സിൻ വിതരണം എളുപ്പമാക്കാൻ, യു.എൻ രക്ഷാ സമിതി 2,532, 2,565 നമ്പർ പ്രമേയങ്ങൾക്കനുസൃതമായി ലോകമെങ്ങും വെടിനിർത്തൽ നടപ്പാക്കണമെന്നും രക്ഷാ സമിതി അംഗങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Tags

Latest News