തിരുവനന്തപുരം- പി.ജെ ജോസഫും മോന്‍സ് ജോസഫും എം എല്‍ എ സ്ഥാനം രാജിവച്ചു. അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി.ജെ.ജോസഫും മോന്‍സ് ജോസഫും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ പി.ജെ.ജോസഫ് വിഭാഗം കഴിഞ്ഞ ദിവസം ലയിച്ചിരുന്നു. പുതിയ പാര്‍ട്ടിയില്‍ ലയിച്ചതോടെ കേരള കോണ്‍ഗ്രസ് എം എല്‍എമാരായി തുടരുന്നതിലെ നിയമപ്രശ്‌നം ഒഴിവാക്കാനായിരുന്നു രാജി. ഇതുസംബന്ധിച്ച് ഇരുവര്‍ക്കും നിയമോപദേശം ലഭിച്ചിരുന്നു. രണ്ടില ചിഹ്നം കേരളകോണ്‍ഗ്രസ് ജോസ് വിഭാഗം ഉപയോഗിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ഹരജി നല്‍കിയെങ്കിലും തള്ളിയിരുന്നു.
അതേസമയം പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനാല്‍ പി.ജെ.ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ അവസാന മണിക്കൂറിലാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കുന്നത്.കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം നേരത്തെ സൈക്കിളായിരുന്നു. എന്നാല്‍ ദേശീയ പാര്‍ട്ടിയായ എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും സൈക്കിളായതിനാല്‍ മറ്റേതെങ്കിലും ചിഹ്നമായിരിക്കും പുതിയ പാര്‍ട്ടിക്ക് ലഭിക്കുക. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒറ്റ ചിഹ്നം അനുവദിക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും പരിഗണിച്ചിട്ടില്ല. ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി.തോമസാണ് കത്ത് നല്‍കിയത്.