ഏത് പ്രതിസന്ധിയിലും കൈ പിടിക്കാന്‍ നമ്മളറിയാത്ത ചില നല്ല മനുഷ്യര്‍ ഓടിയെത്തും. അഹമ്മദാബാദില്‍നിന്നുള്ള ഈ വീട്ടമ്മക്കും അങ്ങിനെയൊരു സഹായമാണ് ലഭിച്ചത്. സൗദി അറേബ്യയിൽ വീട്ടുജോലിക്കാരിയായി പ്രവാസ ജീവിതം നയിച്ച ഈ സ്ത്രീയെ സഹായിക്കാനായതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് മലയാളം ന്യൂസ് ലേഖകന്‍ കൂടിയായ പ്രവാസി കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്.
സൗദി അറേബ്യയിലെ സകാക്കയില്‍ ഖദ്ദാമയായി ജോലി ചെയ്യുന്ന അഹമ്മദാബാദ്കാരിക്ക് സ്‌പോൺസറുടേയൊ ട്രാവൽ ഏജൻസിയുടേയൊ പിഴവു മൂലം കൊച്ചിയിൽ വിമാനമിറങ്ങേണ്ടി വരികയായിരുന്നു. ഇതേ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ കുഞ്ഞഹമ്മദ് നാട്ടിലേക്കു പുറപ്പെടാനായി കൊച്ചിയിൽ നിന്നുള്ള ബസിനും നേരത്തെ തന്നെ ടിക്കറ്റെടുത്തു വച്ചിരുന്നു. ഇതിനിടെയാണ് ഈ ബസിനെ ഓവർടേക്ക് ചെയ്ത് ഈ പ്രവാസിയുടെ മനുഷ്യസ്‌നേഹം ഉണർന്നത്. ഒടുവിൽ ആ പ്രവാസി യുവതിയെ നാട്ടിലേക്കുള്ള വഴികാണിച്ചാണ് കുഞ്ഞഹമ്മദ് വീട്ടിലേക്കു പുറപ്പെട്ടത്. ഫേസ്ബുക്കിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഹൃദയസ്പർശിയായ കുറിപ്പിന്റെ പൂർണ രൂപം:
ഖദ്ദാമ ..
അതൊരു പേരല്ല .അവസാനിക്കാത്ത കണ്ണീരിന്റ കനലാണ് .
ഡിസമ്പർ 3ന് പുലർച്ചെ 4. 5 ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസിനകത്ത് സീറ്റ് പരതി നടക്കുന്നതിനിടയിൽ ഒരു സ്ത്രീക്ക് ചുറ്റും മുന്നാലുപേർ വട്ടം കൂടി നിന്ന് സംസാരിക്കുന്നതിനിടയിൽ ഞാനത് കേട്ടു .
അഹമ്മദാബാദിനടുത്ത് ഒരു ഗ്രാമത്തിൽ നിന്നും സൗദിയിലെ വടക്കൻ അതിർത്തിയിലെ സക്കാക്കയിൽ വീട്ട് ജോലിക്ക് വന്നതാണവൾ .
നാട്ടിലേക്ക് തിരിച്ച് പോകാൻ അവർക്ക് കിട്ടിയത് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റാണ് .അവളുടെ സ്‌പോൺസർക്ക് പറ്റിയ അബദ്ധമോ അവൾ പറഞ്ഞ് കൊടുത്തതിലോ പിശകോ ട്രാവൽ ഏജൻസിയുടെ നോട്ടപ്പിഴവോ എന്താണെന്നറിയില്ല അവൾ കേരളത്തിലേക്കുള്ള യാത്രയിലാണ് .നിസ്സഹായതയോടെ കേൾവിക്കാർ അവരുടെ സീറ്റുകളിലേക്ക് മാറി.
വിമാനം ആകാശത്ത് നിറഞ്ഞ് പറന്നു രാവിലെ 1120ന് കൊച്ചിയുടെ ആകാശത്ത് നിന്നും നെടുമ്പാശ്ശേരിയുടെ റൺവേയിൽ വലിയ ഞരക്കത്തോടെ ഇറങ്ങുമ്പോൾ അതിലേറെ ഉറക്കെ കരയുന്ന മനസ്സുമായ് അവൾ ( ഖദ്ദാമ ) യും .
ഞാനും സഹയാത്രികരും പുറത്തേക്ക് ഓടുക തന്നെ ആയിരുന്നു .12.30 ന് പുറപ്പെടുന്ന കെ.എസ് ആർ ടി സിയുടെ ലോ ഫ്‌ലോർ ബസ്സിൽ കോഴിക്കോട്ട് പോകാൻ സൗദിയിൽ നിന്ന് തന്നെ ടിക്കറ്റ് റിസർവ്വ് ചെയ്തിരുന്നത് കൊണ്ട് ഓടുക തന്നെയായിരുന്നു ഞാൻ .
ബാഗേജുകൾ കാത്ത് കൺവെയർ ബെൽട്ടിനരികെ നിൽക്കുമ്പോൾ ആ സ്ത്രീയുടെ മുഖം വീണ്ടും മുന്നിൽ .
ആ മുഖത്തെ നിസ്സഹായതയും അവരുടെ ഉള്ളിലെ തീയും തിരിച്ചറിയാൻ വൈകുന്നത് കാലമിത് വരെ സൂക്ഷിച്ച എല്ലാ മനുഷ്യത്യത്തെയും ഇല്ലാതാക്കുമെന്ന് ഞാൻ ഭയപ്പെട്ടു .അവരുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് സൗദിയുടെ അമ്പത് റിയാലിന്റെ ഒരു നോട്ട് മാത്രം .
കൂടെയുണ്ടായിരുന്ന സഹയാത്രികൻ മൗലവിയുമായി ഞാൻ സംസാരിച്ചു .
ആ സംസാരം ചുറ്റുപാടുകളിലേക്ക് പടർന്നു .
എന്റെ ശബ്ദം കൺവെയർ ചുറ്റിലും ഉറക്കെ ഉറക്കെ ഉയർത്തി .ഏത് നിമിഷവും അവസാനിക്കാൻ പോവുന്ന എന്റെ ശബ്ദം ഇങ്ങനെ എങ്കിലും ഒരിടത്ത് ഉറക്കയാവട്ടെ എന്ന് കരുതുകയായിരുന്നു .
ആൾക്കൂട്ടം ആ ശബ്ദം കേൾക്കുന്നു .
മൗലവിയും കുന്ദമംഗലത്തെ പേരറിയാത്ത ഒരാള് ഇടുക്കിയിലെ നിഷാദ് ,പിന്നെയും ആരൊക്കെയോ ... യാത്രക്കാർ മുഴുവൻ മനസ്സ് തുറന്നു .
എന്റെ കയ്യിലേക്ക് നോട്ടുകൾ വന്നു വീണു കൊണ്ടിരുന്നു .സൗദി റിയാലും ഇന്ത്യൻ കറൻസിയും .പത്തു രൂപ മുതൽ നൂറ് റിയാൽ വരെ ..
റിയാലുമായി ഓരാൾ എക്‌സേ ചേഞ്ചിലേക്ക് .ഇന്ത്യൻ രൂപ 10,780 റിയാൽ മാറ്റിയപ്പോൾ 10, 000 .
ആകെ 20,780 .
ഞങ്ങൾക്ക് പോകാൻ നേരമാവുന്നു .
വിമാനത്താവളത്തിലെ ഒരുദ്യോഗസ്ഥനെ ഞങ്ങൾ കാര്യങ്ങൾ ബോധ്യപ്പെടുത്തി .
അദ്ദേഹവും കൂട്ടുകാരും ഉണരുന്നു .
ഇൻഡിഗോ വിമാനം ഉച്ചക്ക് 2 മണിക്ക് .
അവളുടെ കയ്യിലേക്ക് ഞങ്ങൾ പണം കൈമാറി .ഏതൊ ഒരു പെൺകുട്ടി രണ്ട് അഞ്ഞുറിന്റെ നോട്ടുമായി വീണ്ടും വരുന്നു .
അവൾ വേണ്ടെന്ന് പറഞ്ഞു .ടിക്കറ്റിനും ലഗേജിനും വേണ്ടതിലധികം പണമുണ്ടെന്ന് അറിയാവുന്നത് കൊണ്ടാവാം . കൊടുക്കാൻ വന്നവരുടെ നിർബന്ധത്തിന് വഴങ്ങി അവരതും സ്വീകരിച്ചു .
അവർക്ക് ഞങ്ങളോട് പറയാൻ എന്തൊക്കെയോ ബാക്കി .കണ്ണീർ നനവിൽ നിന്നും ഒരു പുഞ്ചിരി ഞങ്ങൾ കണ്ടു .
നടന്നു നീങ്ങുമ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞു .
പലവട്ടം കറങ്ങി നടന്ന എന്റെ ബാഗേജ് ഒഴിഞ്ഞ മൂലയിൽ .
ബസ്സ് പോയിട്ടുണ്ടാവും ... യാത്ര തുടരുക ബുദ്ധി മുട്ടാവും .
എങ്കിലും എന്റെ കിതപ്പ് താങ്ങി ട്രോളി മുന്നോട്ട് പാഞ്ഞു .
അവളുടെ പ്രാർത്ഥനയുണ്ടാവാം .
ബസ്സ് കാത്തിരിപ്പുണ്ടായിരുന്നു .
ബസ് പുറപ്പെട്ടപ്പോൾ ഞാൻ വിമാനത്താവളത്തിലെ ഏല്പിച്ച ഉദ്യോഗസ്ഥനെ വിളിച്ചു .
അവൾ ബോർഡിങ്ങ് പാസ് വാങ്ങി 2 മണി വിമാനം കാത്തിരിപ്പാണ് .
ഞാൻ കോഴിക്കോടെത്തും മുമ്പ് അവൾ നാടണഞ്ഞിട്ടുണ്ടാവും ..
ഈ യാത്ര സഫലമാണെന്ന സന്തോഷത്തോടെ ഞാനുറങ്ങട്ടെ..
ഖദ്ദാമ .ദേശാന്തരങ്ങളില്ലാത്ത കണ്ണീരിന്റെ പേര് .