Sorry, you need to enable JavaScript to visit this website.

മാസ് ഡയലോഗുമായി തെരഞ്ഞെടുപ്പ് യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍-  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാലുവാരി തോല്‍പ്പിച്ചവര്‍ക്ക് സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ ലൂസിഫറില്‍ മോഹന്‍ലാലിന്റെ 'നിന്റെ തന്തയല്ല എന്റെ തന്ത' എന്ന മാസ് ഡയലോഗിന്റെ പുതിയ വെര്‍ഷനുമായി ആര്യാടന്‍ ഷൗക്കത്തിന്റെ തീപ്പൊരി പ്രസംഗം. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ചന്തക്കുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.വി പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് കഴിഞ്ഞ തവണ കാലുവാരി തോല്‍പ്പിച്ചവരോട് കാലുവാരലും പിന്നില്‍ നിന്നു കുത്തലുമല്ല തന്റെ പാരമ്പര്യവും ജനിതകഘടനയുമെന്ന് വ്യക്തമാക്കി പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയാനുള്ള ആര്‍ജ്ജവമുണ്ടെന്ന് ആഞ്ഞടിച്ചത്.
കഴിഞ്ഞ തവണ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തായിരുന്നു നിലമ്പൂരിനായി അവകാശവാദം ഉയര്‍ത്തിയ വിവി പ്രകാശിന് സീറ്റ് നിഷേധിച്ചതോടെ പ്രകാശ് പക്ഷം കാലുവാരിയതോടെയാണ് ഷൗക്കത്ത് 11,000 വോട്ടുകള്‍ക്ക് പി.വി അന്‍വറിനോട് പരാജയപ്പെട്ടത്. ഇത്തവണ ഷൗക്കത്ത് മാറി പ്രകാശ് സ്ഥാനാര്‍ത്ഥിയായതോടെയാണ് പഴയ കാലുവാരല്‍ ഓര്‍മ്മിപ്പിച്ച് അതേ പാതയില്‍ കാലുവാരാനില്ലെന്ന് വ്യക്തമാക്കി ഷൗക്കത്ത് ആഞ്ഞടിച്ചത്. കഴിഞ്ഞ തവണത്തെ തോല്‍വി ഒരു കൈപ്പിഴയാണെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ആ കൈപ്പിഴക്ക് 11000 വോട്ടിന്റെ വിലയുണ്ടായിരുന്നു. കാലുവാരലും പിന്നില്‍ നിന്നു കുത്തലും എന്റെ വഴിയല്ലെന്നും ആ പാരമ്പര്യമില്ലെന്നും വ്യക്തമാക്കിയാണ് ഷൗക്കത്ത് വി.വി പ്രകാശിനെ വിജയിപ്പിക്കാന്‍ വോട്ടു ചോദിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷം പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതിന് വധശ്രമക്കേസിലടക്കം പ്രതിയാക്കി വേട്ടയാടി. അന്‍വറിന്റെ കാറിന്റെ ടയര്‍ പഞ്ചറായാല്‍ പോലും അതിനു പിന്നില്‍ ആര്യാടന്‍മാരാണെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. അന്‍വറിനെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണ പോലും വേണ്ടത്രയുണ്ടായിരുന്നില്ല. എന്നിട്ടും അന്‍വറിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. അതിന്റെ പ്രതികാരമാണ് തനിക്കു നേരെയുണ്ടായിരുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
ഇത്തവണ നിലമ്പൂര്‍ സീറ്റ് വി.വി പ്രകാശിന് നല്‍കുകയാണെന്നും പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. നേതൃത്വത്തെ അംഗീകരിക്കുമെന്നും ഒരു സ്ഥാനവും ലഭിച്ചില്ലെങ്കിലും സാധാരണ പ്രവര്‍ത്തകനായി മരണം വരെ കോണ്‍ഗ്രസിലുണ്ടാകും. നിലമ്പൂരിലെ ജനങ്ങളുടെ മനസില്‍ എന്നും എനിക്ക് സ്ഥാനമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നുമുള്ള ഷൗക്കത്തിന്റെ വാക്കുകളെ നിറഞ്ഞ കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്‌
 

Latest News