തിരുവനന്തപുരം- ഭരണം കിട്ടിയെന്നുവെച്ച് സിപിഎമ്മിന്റെ നിലപാടുകളെല്ലാം നടപ്പാക്കാനാവില്ലെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് തുല്യനീതിയുടെ പ്രശ്നമുണ്ടെങ്കിലും ഇന്നത്തെ സമൂഹത്തിൽ നടപ്പാക്കാനാകില്ലെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സാമൂഹിക സംഘർഷം ഒഴിവാക്കുക എന്നതാണ് പാർട്ടി നയം. ശബരിമല യുവതി പ്രവേശത്തിൽ സുപ്രീം കോടതി വിധിവരെ ക്ഷമിക്കേണ്ടതുണ്ട്. വിധി വന്നാൽ അതിന്റെ സ്വഭാവം പരിശോധിച്ച ശേഷം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കും.
ശബരിമലയിൽ തുല്യനീതിയുടെ പ്രശ്നം ഉണ്ടെങ്കിലും നമ്മൾ പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ യുവതി പ്രവേശനം നടപ്പാക്കാനാകില്ലെന്നും എം.എ. ബേബി പറഞ്ഞു.
ആർ.ബാലശങ്കറിന്റെ വിവാദ പ്രസ്താവന ബിജെപി വിഭാഗിയതയിൽ ശ്രദ്ധകിട്ടാൻ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ കുരച്ചുചാടുന്ന കേരളത്തിൽ ബിജെപി എന്ത് ഡീലാണ് സിപിഎമ്മുമായി നടത്തുക. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കേരളത്തിൽ അവസരം ഒരുക്കികൊടുത്തത് കോൺഗ്രസാണ്. ഒ. രാജഗോപാൽ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.