Sorry, you need to enable JavaScript to visit this website.

സൗദിയുടെ മാറുന്ന തൊഴിൽ രംഗവും സാധ്യതകളും

സൗദി അറേബ്യയിലെ ഈ ദിവസങ്ങളിലെ ഏറ്റവും സജീവ ചർച്ച  2021 മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വന്ന സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ തൊഴിൽ പരിഷ്‌കാരങ്ങൾ സംബന്ധിച്ചായിരുന്നു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഏവർക്കും ഇതിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതിലായിരുന്നു താൽപര്യം. വിദേശികളെ സംബന്ധിച്ചിടത്തോളം സ്‌പോൺസർഷിപ്പിൽനിന്നു മോചനം സാധ്യമാകുമോ, ലെവി ഒഴിവാകുമോ, ഏതു നിമിഷവും നാട്ടിൽ പോകാനാവുമോ,  ആർക്കൊക്കെ ഇതിന്റെ ആനുകൂല്യം ലഭിക്കും തുടങ്ങിയ കാര്യങ്ങൡലായിരുന്നു. സൗദി അറേബ്യ ഇതുവരെ പിന്തുടർന്നിരുന്ന സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിൽ കാതലായ മാറ്റങ്ങൾ പരിഷികാരം കൊണ്ടുവന്നിട്ടുണ്ടെങ്കിലും വിദേശ തൊഴിലാളികൾ ആഗ്രഹിക്കുന്നതു പോലുള്ള പരിപൂർണ സ്വാതന്ത്ര്യം പരിഷ്‌കാരങ്ങളിൽ ലഭ്യമല്ല. അതേസമയം വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട സകലതും സ്‌പോൺസറുടെ നിയന്ത്രണത്തിലായിരുന്നതിൽ മാറ്റം വന്നിരിക്കുന്നുവെന്നത് പ്രധാനമാണ്. ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രാദേശിക തൊഴിൽ വിപണി പരിഷ്‌കരിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും സ്വദേശികൾക്കൊപ്പം പ്രവീണരായ വിദേശികൾക്കും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌കാരങ്ങൾ. ഈ മാറ്റങ്ങൾ ആഗോള തലത്തിൽ തന്നെ ചർച്ചാ വിധേയാവുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. സൗദിയിലെ തൊഴിൽ രംഗത്ത് സമൂല പരിപവർത്തനമായി ലോകമാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 


സാധാരണക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ലെവിയിലും മറ്റു ഫീസുകളിലും ഇളവുകളുണ്ടാകുമോ എന്നറിയാനായിരുന്നു താൽപര്യം. എന്നാൽ അതിൽ ഒരു മാറ്റവും ഇല്ലെന്നതാണ് വസതുത.  അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരിഷ്‌കരണ ആനുകൂല്യങ്ങൾ താഴെ തട്ടിലുള്ള തൊഴിലാളികൾക്കു വരെ ലഭിക്കുമോ എന്നതായിരുന്നു മറ്റൊരു സംശയം. ആറു വിഭാഗങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളതിനാൽ എല്ലാ വിഭാഗക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കില്ല.  ഗാർഹിക തൊഴിലാളികൾ, കൃഷിത്തൊഴിലാളികൾ-ഇടയന്മാർ, 500 ടണ്ണിൽ കുറവ് കേവ് ഭാരമുള്ള കപ്പലുകളിൽ ജോലി ചെയ്യുന്നവർ, രണ്ടു മാസത്തിൽ കവിയാത്ത കാലത്തേക്ക് നിശ്ചിത തൊഴിൽ നിർവഹിക്കാൻ രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികൾ, തൊഴിലുടമയുടെ ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, ഫുട്‌ബോൾ ക്ലബ്ബ് കളിക്കാർ-സ്‌പോർട്‌സ് ഫെഡറേഷൻ കളിക്കാർ-പരിശീലകർ  എന്നീ വിഭാഗങ്ങളിൽ പെട്ടവർ ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരില്ല. 


സൗദി അറേബ്യയിലെ മൂന്നര കോടി വരുന്ന ജനസംഖ്യയിൽ ഒരു കോടിയിൽപരം വിദേശികളാണ്. ഇതിൽ 23 ലക്ഷം പേർ ഗാർഹിക തൊഴിലാളികൾ മാത്രമാണ്. മറ്റു വിഭാഗങ്ങൾ കൂടിയാവുമ്പോൾ പരിഷ്‌കരണത്തിന്റെ പരിധിയിൽ വരാത്തവരുടെ എണ്ണം കൂടും. അതായത് ഏറ്റവും താഴേക്കിടയിലുള്ള ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് നിലവിലുള്ള സംവിധാനങ്ങൾ തന്നെയാവും തുടരുക.  സർക്കാർ മറ്റു രീതിയിലുള്ള പല ആനുകൂല്യങ്ങളും ഇളവുകളും ഈ വിഭാഗത്തിനു നൽകി വരുന്നതിനാലാവാം അവർ ഇതിന്റെ പരിധിയിൽ വരാതിരിക്കാൻ കാരണം. അതായത് ഹൗസ് ഡ്രൈവർ, വീട്ടു ജോലിക്കാർ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്ക് പരിഷ്‌കരണ നടപടികളിൽ പറഞ്ഞിട്ടുള്ള പോലെ സ്‌പോൺസൽഷിപ് മാറ്റത്തിനോ, സ്വയം റീ എൻട്രി അടിച്ചു നാട്ടിൽ പോകുന്നതിനോ കഴിയില്ല. 


ആനുകൂല്യത്തിന് അർഹരായവർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ വ്യവസ്ഥകൾ പരിപൂർണമായി പാലിച്ചിരിക്കണം. അതല്ലെങ്കിൽ സൗദിയിലേക്കുള്ള മടക്കം തന്നെ സാധ്യമല്ലാതായി മാറും. സ്‌പോൺസർ നിയന്ത്രണം കുറയുന്നതിനാൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൈവരുമെന്നതും കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ തൊഴിലിലേക്ക് മാറാമെന്നതും തൊഴിലാളികൾക്ക് സ്വന്തം നിലയിൽ റീഎൻട്രി, എക്‌സിറ്റ് അടിക്കാം എന്നതുമെല്ലാം വിദേശ തൊഴിലാളികൾക്ക് പരിഷ്‌കരണ ഫലമായി ലഭിക്കുന്ന ഗുണങ്ങളാണ്. 
തൊഴിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു ജോലിയിലേക്ക് മാറാനുള്ള അവകാശം തൊഴിലാളിക്കു ലഭ്യമാണ്. കരാർ കലാവധി അവസാനിക്കുന്നതിനു മുൻപും തൊഴിൽ മാറാൻ സ്വാതന്ത്യമുണ്ട്. പക്ഷേ, വ്യവസ്ഥകൾ പാലിച്ചല്ലാതെയാണെങ്കിൽ പിന്നീട് സൗദിയിൽ തൊഴിൽ തേടാനുള്ള സാധ്യത പോലും ഇല്ലാതാവും. ആറു മാസം മുൻപ് നോട്ടീസ് നൽകുകയും തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകുകയും വേണം. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ 'ഖിവാ' പോർട്ടൽ വഴിയായിരിക്കും സ്‌പോൺസർ മാറ്റം ഇനി നടക്കുക. തൊഴിലാളികളുടെ പുതിയ സ്ഥാപനമാണ് ഈ പോർട്ടൽ വഴി തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ നൽകേണ്ടത്. തൊഴിലാളിയും തൊഴിലുടമയും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തൊഴിലാളിയെ എടുക്കുന്ന സ്ഥാപനം വേതന സുരക്ഷാ പദ്ധതി നടപ്പാക്കിയതും നിതാഖാത്തിലെ മധ്യപച്ചയോ അതിനു മുകളിലോ ആയിരിക്കുകയും വേണം. മാറ്റം സംബന്ധിച്ച് തൊഴിലാളി ജോലി ചെയ്യുന്ന നിലവിലുള്ള സ്ഥാപനത്തെ അറിയിക്കുകയും വേണം. 


തൊഴിലുടമയുടെ അനുമതി കൂടാതെ സ്വന്തം നിലക്ക് റീ-എൻട്രി വിസയും ഫൈനൽ എക്‌സിറ്റും നേടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ 'അബ്ശിർ' വഴി തൊഴിലാളിക്കു കഴിയും. അപേക്ഷ സമർപ്പിക്കുന്ന നിമിഷം തന്നെ തൊഴിലുടമക്ക് ഇലക്‌ട്രോണിക് രീതിയിൽ അറിയിപ്പു ലഭിക്കുകയും പത്തു ദിവസത്തെ സാവകാശത്തിനു ശേഷം മാത്രവുമായിരിക്കും രാജ്യം വിടാനുള്ള അനുമതി ലഭിക്കുകയും ചെയ്യുക. റീ-എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം നിശ്ചിത കാലാവധിക്കുള്ളിൽ തിരിച്ചെത്തി തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത പക്ഷം ആ തൊഴിലാളിക്ക് സൗദിയിൽ ആജീവനാന്ത തൊഴിൽ വിലക്കായിരിക്കും നേരിടേണ്ടി വരിക എന്നത് റീ എൻട്രിയിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  റീ-എൻട്രി വിസയുടെ കാലാവധി 30 ദിവസമാണ്. റീ-എൻട്രി വിസ റദ്ദാക്കാൻ തൊഴിലുടമക്ക് കഴിയില്ലെന്നതു പോലെ റീ എൻട്രി ദീർഘിപ്പിക്കാൻ തൊഴിലാളിക്കും കഴിയില്ല. അതിനു തൊഴിലുടമകൾക്ക് മാത്രമാണ് കഴിയുക.  
സ്‌പോൺസർഷിപ് അടക്കമുള്ള പരിഷ്‌കരണങ്ങൾ, ബിനാമി വിരുദ്ധ നിയമം, വിദേശ തൊഴിലാളികൾക്കുള്ള യോഗ്യതാ പരീക്ഷ തുടങ്ങി സൗദിയിലെ തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇത് സ്വദേശികളുടെ തൊഴിൽ വർധനക്കും  ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താനും ബിനാമി പ്രവണത ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സൗദിയിൽ നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥയുടെ 60 മുതൽ 70 ശതമാനം വരെ ബിനാമി ബിസിനസ് ആണെന്നാണ് കണക്കാക്കുന്നത്. നിയമ വിരുദ്ധ സമ്പദ്‌വ്യവസ്ഥ മൂലം ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 700 ബില്യൺ റിയാലിന്റെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളോടായിരുന്നു ഇതുവരെ തൊഴിലുടമകൾക്ക് താൽപര്യം. 


സമയപരിധിയില്ലാതെ ജോലി ചെയ്യുന്ന വിദേശികളെ തങ്ങൾക്കു തോന്നിയ പോലെ നിയന്ത്രിക്കാനും തൊഴിലുടമകൾക്ക് സാധിക്കുമായിരുന്നു. പരിഷ്‌കരണ നടപടികളോടെ ഇതെല്ലാം  അവസാനിച്ചിരിക്കുകയാണ്. എല്ലാ വ്യവസ്ഥകളും പാലിച്ച് കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കാനാവൂ. ഇത് ചെലവേറിയതാകുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ സൗദി പൗരന്മാരെ നിയമിക്കുന്നത് സുരക്ഷിതത്വത്തിനും തൊഴിൽ സുസ്ഥിരതക്കും സഹായിക്കുമെന്നതിനാൽ തൊഴിലുടമകൾ ഇനി മുൻഗണന നൽകുക സ്വദേശി തൊഴിലാളികൾക്കായിരിക്കും. വിദേശ തൊഴിലാളികൾക്കാകട്ടെ വ്യക്തമായ തൊഴിൽ കാരാറില്ലാതെയും അറിയാവുന്ന തൊഴിലിലിൽ പ്രവീണ്യമുണ്ടെന്ന് പരീക്ഷ എഴുതി തെളിയിക്കാതെയും സൗദിയിലേക്കു വരാനുമാവില്ല. അങ്ങനെ വരുന്നവർക്കാകട്ടെ മതിയായ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പ്.

Latest News