കോഴിക്കോട്- പോലീസ് കേസിനും വിവാദങ്ങള്‍ക്കും ശേഷം ഗായിക ആതിര കൃഷ്ണന്‍ കോഴിക്കോട്ടെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷിനെ സ്വന്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായെന്നും 32 ാമത്തെ വയസ്സില്‍ പുതുജീവിതത്തിലേക്ക് കടക്കുകയാണെന്ന് ആതിര കൃഷ്ണന്‍ പറഞ്ഞു.
പ്രതിസന്ധികളുടെ കാലത്ത് കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ട്. എന്റെ ഓഫീസും സ്‌കൂളും എല്ലാ മാധ്യമങ്ങളും സുഹൃത്തുക്കളും ഉമേഷേട്ടന്റെ പ്രിയപ്പെട്ടവരും സമ്പൂര്‍ണ്ണ പിന്തുണയാണ് തന്നത്. എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും സ്വീകരിച്ചു കൊണ്ടാണ് പുതുജീവിതത്തിലേക്ക് കടക്കുന്നത്. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകണമെന്നും അവര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഭാര്യയെ വിവാഹ മോചനം ചെയ്യാതെ മറ്റൊരു യുവതിയോടൊപ്പം താമസിച്ചിവെന്ന് ആരോപിച്ച് സസ്‌പെന്‍ഷനിലായ പോലീസുകാരനാണ് ഉമേഷ് വള്ളിക്കുന്നു. പോലീസിലെ അമിതാധികാരപ്രയോഗത്തിനും മോറല്‍ പോലീസിങ്ങിനുമെതരി വിലയ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.
ആതിരയുടെ അമ്മ നല്‍കിയ പരാതിയിലാണ് കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ യു ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ 2020 സപ്തംബര്‍ 18ന് കമീഷണര്‍ എ.വി ജോര്‍ജ് സസ്‌പെന്റ് ചെയ്തത്.
ആതിരയ്ക്ക് വാടകയ്ക്ക് ഫ്‌ളാറ്റ് എടുത്തുകൊടുത്തുവെന്നും ഫ്‌ളാറ്റില്‍ ഉമേഷ് നിത്യസന്ദര്‍ശനം നടത്തുന്നത് പോലീസ് സേനയ്ക്ക് കളങ്കവുമാണെന്ന ആരോപണം ഉന്നയിച്ചായിരുന്നു സസ്‌പെന്‍ഷന്‍.
മൊഴിയെടുക്കാന്‍ ആതിരയുടെ ഫ് ളാറ്റിലെത്തിയ പോലീസ് അവരെ അപമാനിക്കുംവിധം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. പോലീസിന്റെ മോറല്‍ പോലീസിങ്ങിനെതിരെ ഇരുവരും പരാതിയുമായി മുന്നോട്ടുപോയി. ഒടുവില്‍ അന്വേഷണം നടത്താനും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും അധികൃതര്‍ നിര്‍ബന്ധിതരായി.
എംഎസ്ഡബ്ല്യൂ കഴിഞ്ഞ ആതിര കോഴിക്കോടുള്ള ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ കൗണ്‍സലറാണ്. പാട്ടിനോടുള്ള എന്റെ താത്പര്യവും അതിന്റെ പേരില്‍ ഞാന്‍ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യവും വീട്ടുകാര്‍ക്ക് ദഹിച്ചില്ലെന്നും അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായെന്നും വീടുവിട്ടിറങ്ങേണ്ടിവന്നുവെന്നും ആതിര പറയുന്നു.
ആ സമയങ്ങളിലാണ് ഉമേഷേട്ടന്‍ എനിക്ക് ഒരു ഫ് ളാറ്റ് തരപ്പെടുത്തി തന്നത്. ഉമേഷട്ടന്‍ ഭാര്യയുമായി പിരിഞ്ഞിട്ട് 10 കൊല്ലത്തിലേറെയാകുന്നു. ഡിവോഴ്‌സിന്റെ വക്കിലായിരുന്നു അന്ന്. പറഞ്ഞു പരത്തിയ കഥകളില്‍ പൊടിപ്പും തൊങ്ങലും നിറഞ്ഞത് ചിലപ്പോള്‍ അതൊക്കെ കൊണ്ടാകാം. പക്ഷേ ഞങ്ങള്‍ എല്ലാ ആരോപണങ്ങളേയും അതിജീവിച്ചെങ്കിലും ഉമേഷേട്ടന് ജോലി സംബന്ധമായി പ്രശ്‌നങ്ങള്‍ വന്നു. അന്വേഷണ വിധേയമായി സസ്‌പെന്‍ഷനില്‍ പോകേണ്ടി വന്നു. അപ്പോഴും ഞങ്ങളുടെ സൗഹൃദത്തിന് അതൊന്നും തടസമായില്ല.
സംഗീതവഴിയിലെ സൗഹൃദമാണ് എന്നെയും ഉമേഷേട്ടനെയും ഏറെ അടുപ്പിച്ചത്. അങ്കണവാടി കുട്ടികള്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയ പ്രഭാതഗീതം, കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഞാന്‍ ചിട്ടപ്പെടുത്തിയ ഗാനം എന്നിവ ഞങ്ങളുടെ പാട്ടുവഴിയിലെ നേട്ടമാണ്. ഓരോ പാട്ടും ഞങ്ങളെ ഏറെ അടുപ്പിച്ചു എന്നു വേണം പറയാന്‍.
അതിനിടയില്‍ എപ്പോഴോ പ്രണയം കടന്നു വന്നു. മനസുകളെ പരസ്പരം തിരിച്ചറിഞ്ഞ ഞങ്ങള്‍ രണ്ടു വര്‍ഷം മുമ്പ് വിവാഹിതരാകാന്‍ തീരുമാനിച്ചു. പക്ഷേ ആദ്യ വിവാഹം, ഡിവോഴ്‌സ്, നടപടികള്‍ എന്നിവ മുന്നില്‍ വിലങ്ങു തടിയായി നിന്നു. അദ്ദേഹത്തിന്റെ ആദ്യ വിവാഹം, അവര്‍ തമ്മിലുള്ള ഇഷ്യൂ അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല.
ഒടുവില്‍ എല്ലാ പ്രശ്‌നങ്ങളേയും അതിജീവിച്ച് ഞങ്ങള്‍ ഒരുമിക്കാന്‍ തീരുമാനിച്ചു. ഉത്തര മോള്‍ ഏഴാം ക്ലാസിലാണെങ്കിലും അവള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയുണ്ടെന്നും ആ തിരിച്ചറിവോടെ അവള്‍ എന്നെ സ്വീകരിച്ചുവെന്നും അമ്മയായി അംഗീകരിച്ചുവെന്നും ആതിര പറഞ്ഞു.