തിരുവനന്തപുരം- കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികന്‍ ആർ.ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ. ആരോ പറയുന്നത് ബാലശങ്കർ ഏറ്റുപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോൺഗ്രസ്–ലീഗ്–ബിജെപി (കോലീബി) സഖ്യം കേരളത്തിലുണ്ടായിട്ടുണ്ടെന്ന കാര്യ ശരിയാണെന്നും വടക്കൻ കേരളത്തിലായിരുന്നു ഇത് കൂടുതലെന്നും രാജഗോപാല്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളും. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ടു വർധിപ്പിക്കാൻ കഴിഞ്ഞു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഗുണമുണ്ടായെന്നും രാജഗോപാല്‍ പറഞ്ഞു.
പൊതുശത്രുവിനെ തോൽപിക്കാനുള്ള അഡ്ജസ്റ്റ്മെന്റുകളിൽ തെറ്റില്ല. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം ധാരണകൾ വേണ്ടിവരും. ഇത്തരം സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ലെന്നേയുള്ളൂ. മറ്റൊരു പാർട്ടിയുടെ കൊള്ളരുതായ്മയ്ക്കു കൂട്ടുനിൽക്കാന്‍ പാടില്ല.
നേമത്ത് കെ.മുരളീധരൻ നേമത്തു ശക്തനായ സ്ഥാനാർഥി തന്നെയാണെന്നും കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.