Sorry, you need to enable JavaScript to visit this website.

സി.പി.എം-ബി.ജെ.പി കോന്നി ഡീൽ വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ

കണ്ണൂർ- സി.പി.എം-ബി.ജെ.പി കോന്നി ഡീൽ സംബന്ധിച്ച് ഇടതു മുന്നണി നിലപാട് വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കോന്നിയിൽ വിജയിപ്പിക്കാൻ സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ഡോ.ആർ.ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അപകടകരമായ സൂചനയാണ് നൽകുന്നത്. സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ കൂടിയായിരുന്ന ആർ.ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണ്. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി നിയമസഭയിലെത്തിയത് ഒരു കൈ  സഹായത്തിലാണ്. മതനിരപേക്ഷേ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നത് കൂടുതൽ അപകടകരമാണ്, അബ്ദുൽ ഹമീദ് പറഞ്ഞു.


ആർ.എസ്.എസ് സഹയാത്രികൻ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സി.പി.എമ്മും ആർ.എസ്.എസും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ എന്തെന്ന് പിണറായി വിജയൻ വെളിപ്പെടുത്തണം. സ്വർണക്കടത്തടക്കമുള്ള വിവാദ വിഷയങ്ങൾ വളരെ വേഗം മരവിച്ചു പോയത് ഈ സംശയം ബലപ്പെടുത്തുന്നുവെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു.


തെരഞ്ഞെടുപ്പിൽ വർഗീയത ചർച്ച ചെയ്യപ്പെടണമെന്ന നിലയിൽ ഇരുമുന്നണികളും നടത്തുന്ന നീക്കങ്ങൾ അപകടകരമായ പ്രവണതയാണ്. ഇത് കേട്ടുകേൾവി ഇല്ലാത്തതാണ്. സംഘപരിവാർ സംഘടനകൾ ഇത് മുമ്പും ചെയ്തിട്ടുണ്ട്. എന്നാൽ മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന കോൺഗ്രസും സി.പി.എമ്മും ചെയ്യുന്നത് പുതുമയാണ്. പിണറായിക്ക് വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുന്നതിനാണ് സി.പി.എമ്മും ഈ  പരിപാടി നടത്തുന്നത്. അടിസ്ഥാനപരമായി ഇരു മുന്നണികളിൽ ആര് അധികാരത്തിൽ വന്നാലും സംസ്ഥാനത്തിന് ഒരു ഗുണവുമുണ്ടാകില്ല. ഹൈന്ദവ വർഗീയതയെ ചെറുക്കാൻ മുസ്‌ലിം ലീഗിന് സാധിക്കില്ല. ഇതിനായി പാർലമെന്റിൽ പോയ പുലിക്കുട്ടി അതുപോലെ തിരികെ വന്നു. ഫാസിസത്തെ നേരിടുന്നതിന് ലീഗ് ദുർബലമാണെന്നതിന് തെളിവാണിത്.


എസ്.ഡി.പി.ഐ കണ്ണൂർ ജില്ലയിൽ അഴീക്കോട്, ധർമ്മടം, പേരാവൂർ, മട്ടന്നൂർ, തലശ്ശേരി എന്നീ അഞ്ചു മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കും. ബി.ജെ.പി, ആർ.എസ്.എസ് സംഘത്തിന് മുൻതൂക്കമുള്ള മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മതേതര പാർട്ടിക്കായിരിക്കും പിൻതുണ നൽകുകയെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കൂത്തുപറമ്പ്, പേരാവൂരിലെ സ്ഥാനാർഥി എ.സി. ജലാലുദ്ദീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

Latest News