തിരുവനന്തപുരം- ശബരിമല യുവതി പ്രവേശനത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കടകംപള്ളി സുരേന്ദ്രന് തള്ളാനാകുമോ എന്ന് കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാൽ അങ്ങനെയെങ്കിൽ കഴിഞ്ഞ ദിവസം കടകംപള്ളി നടത്തിയ ക്ഷമാപണത്തിൽ അൽപമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കടകംപള്ളി സുരേന്ദ്രൻ സീതാറാം യെച്ചൂരിയെ പരസ്യമായി തള്ളിപ്പറയണം. കഴക്കൂട്ടത്ത് ശബരിമല വിഷയം ചർച്ചയാകുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ദേവസ്വം മന്ത്രി എന്ന നിലയിൽ കടകംപള്ളി മണ്ഡലത്തിൽ നടത്തിയ ക്ഷമാപണം തട്ടിപ്പാണെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു
ശബരിമല യുവതി പ്രവേശനത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. നേരത്തെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവ വികാസങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തു മാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നുമാണ് യെച്ചൂരിയുടെ പ്രതികരണം. ഇതോടെ ശബരിമല വിഷയത്തിൽ സർക്കാരും മന്ത്രി കടകംപള്ളി സുരേന്ദ്രനും വീണ്ടും കേരളത്തിലെ വോട്ടർമാരെ പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡേ . എസ്.എസ് ലാൽ പറഞ്ഞു.