റിയാദ് - ബിനാമി വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ അനുവദിച്ച സാവകാശം പ്രകാരം ബിനാമി സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നിയമാനുസൃതം സ്വന്തമാക്കാനും സ്ഥാപനങ്ങളിൽ പാർട്ണർമാരായി ചേരാനും വിദേശികൾക്ക് അഞ്ചു വ്യവസ്ഥകൾ ബാധകമാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനത്തിന്റെ വാർഷിക വരുമാനം നാലു കോടി റിയാലോ ജീവനക്കാരുടെ എണ്ണം 50 ൽ കൂടുതലോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിൽ വാണിജ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ആയിദ് അൽഗുവൈനിം പറഞ്ഞു.
കൂടാതെ സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ, പദവി ശരിയാക്കൽ സാവകാശം പ്രഖ്യാപിക്കുന്നതിനു മുമ്പ് അനുവദിച്ചതായിരിക്കണം. ഉടമസ്ഥാവകാശം സ്വന്തമാക്കാനും പാർട്ണറായി ചേരാനും സ്‌പോൺസറുടെ അനുമതിയും വേണം. സ്ഥാപനങ്ങളുടെ നിയമാനുസൃത മൂലധനം പടിപടിയായി പൂർത്തിയാക്കാൻ മൂന്നു വർഷത്തെ സമയം അനുവദിക്കും. പദവി ശരിയാക്കൽ അപേക്ഷ നൽകാൻ ഇരു വിഭാഗത്തിന്റെയും അനുമതി നിർബന്ധമില്ല. ഏതു കക്ഷിക്കും പദവി ശരിയാക്കൽ അപേക്ഷ നൽകാവുന്നതാണ്. പ്രീമിയം ഇഖാമ ലഭിക്കാനും ഇരു കക്ഷികളുടെയും അനുമതി ആവശ്യമില്ല.
പദവി ശരിയാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനും പാർട്ണറായി ചേരാനും വിദേശ നിക്ഷേപകർക്ക് മറ്റു രാജ്യങ്ങളിൽ ബിസിനസ് സാന്നിധ്യം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ബിനാമി വിരുദ്ധ നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പ്ലാറ്റ്‌ഫോം മുഴുവൻ സർക്കാർ നിയമങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ നൽകുന്ന വിവരങ്ങൾ തീർത്തും സുതാര്യമായി കൈകാര്യം ചെയ്യും. പദവി ശരിയാക്കാൻ പ്ലാറ്റ്‌ഫോമിൽ സമർപ്പിക്കുന്ന ഒരു വിവരവും മറ്റു വകുപ്പുകളുമായി പങ്കുവെക്കില്ല. ബിനാമി നിയമ ലംഘകരുടെ പദവി ശരിയാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.
ബിനാമി വിരുദ്ധ നിയമ ലംഘകരുടെ പദവി ശരിയാക്കൽ പ്രോഗ്രാം നിലവിൽ വന്നിട്ടുണ്ട്. പദവി ശരിയാക്കൽ അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് പ്രത്യേക പരിരക്ഷ ലഭിക്കും. ബിനാമി ബിസിനസ് തുടരാനല്ല, മറിച്ച്, പദവി ശരിയാക്കുന്നതു വരെ ബിസിനസ് തുടരാനാണ് ഇവർക്ക് പരിരക്ഷ ലഭിക്കുക. ബിനാമി ബിസിനസുകളെ കുറിച്ച് ഇപ്പോഴും മറ്റുള്ളവർക്ക് പരാതികൾ നൽകാവുന്നതാണെന്നും ആയിദ് അൽഗുവൈനിം പറഞ്ഞു.
സ്ഥാപനങ്ങളിൽ പാർട്ണർമാരായി ചേരുന്നതിന്, സൗദി വനിതകൾക്ക് വിദേശികളുമായുള്ള വിവാഹ ബന്ധങ്ങളിൽ പിറന്ന, സൗദി പൗരത്വം ലഭിക്കാത്ത മക്കൾ പ്രീമിയം ഇഖാമ നേടൽ നിർബന്ധമാണെന്ന് പ്രീമിയം ഇഖാമ സെന്റർ ഉദ്യോഗസ്ഥ അമൽ അൽശഹ്‌രി പറഞ്ഞു. സ്വന്തം മാതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെങ്കിൽ കൂടി പാർട്ണർമാരായി ചേരാൻ ഇവർക്ക് പ്രീമിയം ഇഖാമ ആവശ്യമാണ്. പ്രീമിയം ഇഖാമ ലഭിച്ചവരുടെ മക്കൾക്കും പ്രീമിയം ഇഖാമ അനുസരിച്ച ആനുകൂല്യങ്ങൾ ലഭിക്കും. ആൺമക്കൾക്ക് 21 വയസ്സ് വരെയും പെൺമക്കൾക്ക് 25 വയസ്സ് വരെയുമാണ് ആനുകൂല്യങ്ങൾ ലഭിക്കുകയെന്നും അമൽ അൽശഹ്‌രി പറഞ്ഞു.
പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം നിലവിൽ വന്ന് 180 ദിവസത്തിനകം തങ്ങളുടെ പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് അപേക്ഷ നൽകുന്ന ബിനാമി ബിസിനസ് കേസ് പ്രതികളെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നേരത്തെ അറിയിച്ചിരുന്നു. പദവി ശരിയാക്കാൻ സ്വമേധയാ മുന്നോട്ടു വന്ന് അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ ആദായ നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കും. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ബിനാമി ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നവർക്കും, ബന്ധപ്പെട്ട വകുപ്പുകൾ നിയമ ലംഘനവും കുറ്റകൃത്യവും കണ്ടെത്തിയ ശേഷവും നിയമ നടപടികൾക്ക് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ ശേഷവും പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകുന്ന ബിനാമി കേസ് പ്രതികളെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കില്ല.