തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മക്ക് പിന്തുണ നൽകാൻ യു.ഡി.എഫ്. ധർമടം മണ്ഡലത്തിലാണ് വാളയാർ പെൺകുട്ടികളുടെ അമ്മ മത്സരിക്കുന്നത്. ഇവർക്ക് പിന്തുണ നൽകുന്നതിലൂടെ പരമാവധി വോട്ട് സമാഹരിച്ച് പിണറായിയെ പ്രതിരോധത്തിലാക്കാനാണ് യു.ഡി.എഫ് തീരുമാനം. കുട്ടികളുടെ അമ്മയുമായി കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. വ്യാഴാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ധർമടം മണ്ഡലത്തിൽ നേരത്തെ യു.ഡി.എഫ് നിശ്ചയിച്ചിരുന്ന ദേവരാജൻ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു. ഇതിന് മുമ്പു തന്നെ പിണറായിക്കെതിരെ മത്സരിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് പ്രതികൾക്കെതിരെ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ മത്സരിക്കാൻ എത്തിയത്.
അതേസമയം, ഇവർക്ക് പിന്തുണ നൽകുന്നതിന് എതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ട്. ഇതും മറികടന്നായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുക. അതേസമയം, ഇവിടെ മത്സരിക്കാൻ കെ. സുധാകരന് മേലും സമർദ്ദമുണ്ട്.