കണ്ണൂർ-കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ച ഇരിക്കൂറിലെ ഐ.ഗ്രൂപ്പിലെ വിമത നീക്കത്തിന് തടയിടാൻ ഉമ്മൻ ചാണ്ടി എത്തുന്നു. എം.എം.ഹസ്സനും, കെ.സി.ജോസഫും അടക്കം നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാതെ വന്നതിനെത്തുടർന്നാണ് നീക്കം. പാലക്കാട്ടെ ഗോപിനാഥ് പ്രശ്‌നം രമ്യമായി പരിഹരിച്ച ആത്മവിശ്വാസത്തിലാണ് ഉമ്മൻ ചാണ്ടി കണ്ണൂരിലെത്തുന്നത്. അതിനിടെ ഹൈക്കമാൻഡ് നിർദേശിച്ച ഇരിക്കൂറിലെ സ്ഥാനാർഥി അഡ്വ. സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
എ. ഗ്രൂപ്പ് പ്രതിനിധിയും കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമായ അഡ്വ.സോണി സെബാസ്റ്റ്യനെ തഴഞ്ഞ്, കെ.സി.വേണുഗോപാലിന്റെ വിശ്വസ്ഥനായ അഡ്വ.സജീവ് ജോസഫിന് സീറ്റ് നൽകിയതാണ് കോൺഗ്രസിൽ കലാപ കൊടി ഉയരാൻ കാരണം. ഈ പ്രശ്‌നത്തിൽ പരസ്യ പ്രതിഷേധ പ്രകടനവും കൂട്ടരാജിയും അരങ്ങേറിയതിനു പിന്നാലെ എ വിഭാഗം കൺവെൻഷൻ വിളിച്ചു ചേർത്തിരുന്നു. ഇരിക്കൂറിൽ സോണി സെബാസ്റ്റ്യനെ വിമത സ്ഥാനാർഥിയാക്കാനാണ് തീരുമാനമുണ്ടായത്. സമ്മർദ്ദ തന്ത്രത്തിലൂടെ സജീവിനെ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റി, സോണിക്ക് ഇരിക്കൂർ സീറ്റ് നേടിയെടുക്കാനുള്ള നീക്കം, ഹൈക്കമാൻഡിന്റെ കർശന നിലപാടോടെ പാളി. വിമത സ്ഥാനാർഥി എന്ന ചർച്ച അണികൾക്കിടയിൽ വീണ്ടും സജീവമായതോടെയാണ് പ്രശ്‌ന പരിഹാരത്തിന് ഉമ്മൻ ചാണ്ടി നേരിട്ടെത്തുന്നത്. കഴിഞ്ഞ ദിവസം എം.എം.ഹസ്സനും, ഇരിക്കൂർ സീറ്റ് ഒഴിഞ്ഞു കൊടുത്ത കെ.സി.ജോസഫും പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. മാത്രമല്ല, ഒത്തുതീർപ്പിനായി യാതൊരു ഉറപ്പും നൽകാൻ ഇവർക്ക് കഴിഞ്ഞതുമില്ല. ഇരിക്കൂറിൽ തുടർനടപടി കൈക്കൊള്ളുന്നതിന് എ വിഭാഗം 15 അംഗ കമ്മിറ്റിയെ നിശ്ചയിച്ചു. റിബൽ സ്ഥാനാർഥി എന്ന തീരുമാനമാണ് അണികൾ മുന്നോട്ടു വെക്കുന്നത്. ഇത്തരമൊരു തീരുമാനമുണ്ടായാൽ അത് പേരാവൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ യു.ഡി.എഫ് വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഈ വിഷയത്തിൽ ഇടപെടാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. നേരത്തെ ഉമ്മൻ ചാണ്ടിയും എ.കെ.ആന്റണിയും സോണി സെബാസ്റ്റ്യനുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ അണികൾ കടുത്ത നിലപാട് എടുത്തതോടെ സോണിക്ക് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കഴിയാതെ വന്നു.
കണ്ണൂർ ജില്ലയിൽ എ വിഭാഗത്തിന് അനുവദിച്ച, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ അടക്കം പ്രചാരണം മന്ദീഭവിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇത്തരമൊരു നീക്കമുണ്ടായാൽ കർശന നടപടി ഉറപ്പാണെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതോടെ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോവുകയായിരുന്നു.
അതിനിടെ, പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ അഡ്വ.സജീവ് ജോസഫിന് ഹൈകമാൻഡ് നിർദ്ദേശം നൽകിയതോടെ ഇന്ന് പത്രിക സമർപ്പിക്കും.ഇതിന് മുന്നോടിയായി പയ്യന്നൂരിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ സജീവ് ജോസഫ്, ആനന്ദതീർഥ ആശ്രമത്തിലും സന്ദർശനം നടത്തി. ഇന്ന് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി സജീവ് ചർച്ച നടത്തുന്നുണ്ട്.