മിസ്റ്റർ ഹമീദ് ഇപ്പോൾ സ്വന്തം കിടക്കയിൽ കിടക്കുന്നില്ല. കിടക്ക മാത്രമല്ല, ഫഌറ്റിലെ മുറി തന്നെ രാത്രി ഉപേക്ഷിച്ച മട്ടാണ്. രാത്രിയായാൽ ഇതെങ്ങോട്ട് പോകുന്നുവെന്ന് ഒരു നിശ്ചയവുമില്ല. നാട്ടുകാരുടെ പതിവു രീതിയല്ലേ, പലവിധ കഥകളും ലുങ്കി ന്യൂസും മെനഞ്ഞു തുടങ്ങി. ഒരു മിനി മണിയറയാണ് ഹമീദിന്റെ റൂം. നാട്ടിൽ പുതിയാപ്പിളമാർക്ക് ഒരുക്കുന്നതു പോലുള്ള മണിയറ. വാടകയുടെ ഷെയറിൽ അധികം തുക നൽകി എടുത്തിരിക്കുന്ന സിംഗിൾ റൂം. ആരു കണ്ടാലും കൊതിക്കുന്ന വിധത്തിലാണ് അത് അറേഞ്ച് ചെയ്തിരിക്കുന്നത്. അറയുടെ മൊഞ്ച് കൂട്ടാൻ ഹമീദിന്റെ കൂട്ടുകാരനായ ആർക്കിടെക്ട് ഒരിക്കൽ ഫഌറ്റ് സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ചില സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നീക്കിയപ്പോഴാണ് റൂമിന്റെ മനോഹാരിത വർധിച്ചത്.
എല്ലാ പ്രവാസികളെയും പോലെ കൂട്ടിക്കൂട്ടിവെച്ചിരിക്കുന്ന സാധനങ്ങൾ കാർഡ്‌ബോർഡ് പെട്ടിയിലാക്കി അതിനു മുകളിൽ മനഹോരമായ പട്ട് വിരിച്ചപ്പോൾ അത് ഇസ്തിരിയിടുന്നതിനുളള മേശയായി. സാധനങ്ങൾ ഒതുങ്ങുകയും ചെയ്തു, അയേൺ ചെയ്യാൻ നല്ല സൗകര്യമാവുകയും ചെയ്തു. ഉപയോഗശൂന്യമായ മൈക്രോവേവ് അവനാണ് മുകളിൽ ലങ്കുന്ന തുണിവിരിച്ച് ടീപ്പോയി ആക്കിയിരിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് അവൻ ഉപയോഗശൂന്യമല്ലെന്നും വ്യാജ വാർത്തകളുടെ ഇരയാണെന്നും മനസ്സിലായത്. റേഡിയേഷനെ കുറിച്ചുള്ള പോസ്റ്റുകൾ വായിച്ചു വായിച്ചാണത്രേ അവനെ ഈയൊരു പരുവത്തിലാക്കിയത്. മൈക്രോവേവിനെതിരായ ആരോപണങ്ങൾ ശരിയല്ലെന്നു പറഞ്ഞപ്പോൾ പിന്നീട് വേണമെങ്കിൽ നാട്ടിലേക്ക് കാർഗോ വിടുമ്പോൾ ഉൾപ്പെടുത്താമെന്നായി. നാട്ടിൽ പോകുമ്പോൾ മാത്രം പുറത്തെടുക്കാനുള്ള പലവിധ സാധനങ്ങൾ ഇതുപോലെ ഹമീദിന്റെ മുറിയിൽ കാർട്ടണുകളിൽ വിശ്രമിക്കുന്നുണ്ട്. ഏതായാലും ലങ്കിമറിയുന്ന മുറി വിട്ടാണ് ഹമീദ് പോയിരിക്കുന്നത്. ദുരൂഹ യാത്രയാണെന്നാണ് മറ്റുള്ളവർ പറയുന്നതെങ്കിലും മൽബുവിന് ഒരു കാര്യമറിയാം. ആളുകൾ പറയുന്നതു പോലെ മോശം വഴിക്കൊന്നുമായിരിക്കില്ല ഹമീദിന്റെ യാത്ര. കാരണം അതിനുള്ള ധൈര്യമൊന്നും ഹമീദിനില്ല. എന്നാലും ചോദ്യങ്ങളിൽനിന്ന് അവൻ ഒഴിഞ്ഞുമാറി.
കുത്തിക്കുത്തി ചോദിച്ചപ്പോൾ അവൻ ഒരു കാര്യം പറഞ്ഞു. ഉറക്കം കിട്ടുന്നില്ല. കിട്ടിയാൽ തന്നെ ഒരു വലിയ പെരുമ്പാമ്പ് വന്നു കട്ടിലിൽ കിടക്കുന്നു. ഞെട്ടിയുണരുന്നു.
മൽബുവിന് പെട്ടെന്ന് അസുഖം പിടികിട്ടി. യുട്യൂബിൽ പാമ്പുകളുടെ വീഡിയോ കാണുക ഹമീദിന്റെ ഒരു ദൗർബല്യമാണ്. രാജവെമ്പാലയും മറ്റുമാണ് ഇഷ്ടമുള്ള ഇനങ്ങൾ. പാമ്പ് പിടിത്ത വിദഗ്ധർ അവയെ പിടിക്കുന്നതും പ്രദർശിപ്പിക്കുന്നതും സഞ്ചിയിലാക്കി കൊണ്ടുപോകുന്നതുമൊക്കെ ഒന്നിനു പിറകെ ഒന്നായി ഇങ്ങനെ കണ്ടിരിക്കും. കെണിവെച്ച് പാമ്പുകളെ പിടിക്കുന്ന ചില വീഡിയോകൾ പാമ്പ് കെണിയിൽനിന്ന് ചാടുന്നതു വരെ കാത്തിരുന്ന് കാണും.പാമ്പ് വീഡിയോകൾ ഇങ്ങനെ അധികം കാണരുതെന്ന് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ.. ഇപ്പോൾ എന്തായി, പാമ്പുകൾ രാത്രി കൂട്ടിനു വന്നു തുടങ്ങി. എല്ലാ പാമ്പുകളെയും മനസ്സിൽനിന്ന് വലിച്ചെറിഞ്ഞ് റിലാക്‌സായാൽ മതി. പിന്നെ അവ വരില്ല: മൽബു പറഞ്ഞു. ഏയ് വീഡിയോ കാണുന്നതുകൊണ്ടോ പാമ്പ് വരുന്നതുകൊണ്ടോ ഒന്നുമല്ല ഞാൻ പോകുന്നത്: ഹമീദ് പറഞ്ഞു.
പാമ്പല്ലാതെ മുറി വിട്ടുപോകാൻ വേറെന്താ കാര്യം?
ഇവിടെ ചിലർ ചില കാരണങ്ങളൊക്കെ പറയുന്നുണ്ടല്ലോ. അതൊക്കെ എവിടെയെങ്കിലുമെത്തട്ടെ. എന്നിട്ടു പറയാം ബാക്കി. വീട്ടിലേക്കും ആരോ അറിയിച്ചിട്ടുണ്ട്. ഹമീദ് ഫഌറ്റിൽ ഉണ്ടാകാറില്ലാന്ന്. കുടുംബം കലക്കാൻ ഇവിടെ ആർക്കാണിത്ര താൽപര്യം. പ്രവാസികളോട് ചിലർക്ക് ഇതൊരു വിനോദമാണ്. ഞാൻ ഇനിയും പോകും.
ഹമീദിന്റെ വർത്തമാനത്തിലെ രോഷം മൽബുവിൽ സ്വയം തന്നെ സംശയം ജനിപ്പിച്ചു. ഇനി ഞാൻ ആരോടെങ്കിലും പറഞ്ഞോ.. വാട്‌സാപ്പെടുത്ത് ഇല്ലെന്ന് ഉറപ്പു വരുത്തി. ആർക്കും അങ്ങനെയൊരു മെസേജ് അയിച്ചിട്ടില്ല.
മുറിയിൽ വേറെ ആരും ഇല്ലാഞ്ഞിട്ടും ഹമീദ് പിന്നെന്തിനാണ് തന്നോടിങ്ങനെ കയർക്കന്നത്.
നിനക്കെന്താ എന്ന സംശയമുണ്ടോ? മൽബു ചോദിച്ചു.
ഒരു സംഭവമുണ്ടായാൽ പിന്നെ എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. ഇല്ലാക്കഥ പ്രചരിപ്പിച്ചതാരാണെന്ന് ഞാനതു കണ്ടുപിടിക്കും.
പ്രഖ്യാപനം നടത്തി ഹമീദ് ഇറങ്ങിയപ്പോഴാണ് മൽബിയുടെ ഫോൺ.
അല്ലാന്ന്, നമ്മുടെ ഹമീദ് തിരിച്ചെത്തിയോ?
നിന്നോട് ആരു പറഞ്ഞു. ഹമീദ് പോയീന്ന്.
നിങ്ങൾ തന്നയല്ലേ പറഞ്ഞത്, ഹമീദിപ്പോ രാത്രി റൂമിൽ ഉണ്ടാകാറില്ലാന്ന്.
നീ ഇതാരോടെങ്കിലും പറഞ്ഞോ?
ആരോട് പറയാൻ.. ഹമീദിന്റെ ഓളോട് മാത്രം പറഞ്ഞു.
എന്നിട്ട് ഓളെന്തു പറഞ്ഞു.
ഹമീദ് രാത്രി എവിടെയാണ് പോകുന്നതെന്ന് ഫഌറ്റിലെ ആർക്കും അറിയില്ലെങ്കിലും അവൾക്ക് അറിയാന്ന്.
എന്നിട്ട് എവിടെ പോകൂന്നാന്നാ പറഞ്ഞത്.
അതവൾ പറഞ്ഞില്ല. സീക്രട്ടാണുപോലും. ആരോടും പറയില്ലാന്ന്.
നിനക്കൊരു ഓഫറുണ്ട്.
എന്ത് ഓഫർ.
അന്നു നീ പറഞ്ഞിട്ടും വാങ്ങിത്തരാതിരുന്ന പച്ച സാരിയില്ലേ. അതു വാങ്ങിക്കോ. പക്ഷേ അതിനു മുമ്പ് ഹമീദിന്റെ ഭാര്യയെ വിളിച്ച് ആ സീക്രട്ട് എന്താണെന്ന് കണ്ടെത്തിത്തരണം.
നോക്കാമെന്നേറ്റ് മൽബി ഫോൺ വെച്ചു. മൽബി ഒരു കാര്യം ഏറ്റാൽ ഏറ്റതുപോലെയാണ്. കാത്തിരിക്കാം.