മക്കൾ രാഷ്ട്രീയവും ബന്ധു രാഷ്ട്രീയവും എടുത്തു പറഞ്ഞ് ഇനിയാരും കേരളത്തിലും രാഷ്ട്രീയ വിമർശനമുയർത്തില്ലെന്ന് ഉറപ്പായി ക്കഴിഞ്ഞു. രാഷ്ട്രീയത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ഒരാളായിരുന്നില്ല കെ.കരുണാകരൻ എന്ന് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും പരിചയിച്ചവർക്കെല്ലാം ഓർമയുണ്ട്.
കാലം മാറുമ്പോൾ എങ്ങനെയാണ് രാഷ്ട്രീയ നിലപാടുകളും കീഴ്‌മേൽ മറിയുന്നതെന്നതിന് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ചരിത്ര ചുമരിൽ കാണാനാകും. അത്തരമൊന്നായി മാത്രമാണ് ഇന്ന് മക്കൾ രാഷ്ട്രീയത്തെയും കേരളം കാണുന്നത്. കെ. കരുണാകരന്റെ മകൻ കെ. മുരളീധരനെ മത്സരത്തിനിറക്കിയപ്പോൾ കേരളം ഒരു കാലത്ത് നിന്ന് കത്തിയിരുന്നു. കരുണാകരൻ ഇതാ എല്ലാം തകർത്തേ എന്നു അന്ന് നിലവിളിച്ചവരിൽ സി.പി.എമ്മും സഹചാരികളും മാത്രമല്ല, സ്വന്തം പാർട്ടിക്കാർ പോലും ഉണ്ടായിരുന്നു. ഇന്നിപ്പോൾ അതൊക്കെ പഴങ്കഥ. മക്കൾ രാഷ്ട്രീയം ഇന്നൊരു അംഗീകൃത രീതിയായി മാറിക്കഴിഞ്ഞു. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 23 സ്ഥാനാർഥികൾ നേതാക്കളുടെ പ്രിയ മക്കളാണ്. ലിസ്റ്റ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ.. എന്ന മധുസൂദനൻ നായർ കവിതയുടെ വരികളെ തഴുകിയെഴുതിയാൽ 23 മക്കൾ എം.എൽ.എമാരായി പിറവിയെടുക്കുന്ന തെരഞ്ഞെടുപ്പ് കാലമാണ് കഴിഞ്ഞുപോകുന്നത്. യു.ഡി.എഫിൽ നിന്ന് കെ.കരുണാകരന്റെ രണ്ട് മക്കൾ മത്സര രംഗത്തുണ്ട്. കെ. മുരളീധര (നേമം) നും പത്മജ വേണുഗോപാലും (തൃശൂർ). സി.എച്ച്. മുഹമ്മദ് കോയയുടെ മകൻ ഡോ. എം.കെ. മുനീർ (കൊടുവള്ളി), ജി. കാർത്തികേയന്റെ മകൻ കെ.എസ്. ശബരീനാഥ് (അരുവിക്കര), ബേബിജോണിന്റെ മകൻ ഷിബു ബേബിജോൺ (ചവറ), ടി.കെ. ദിവാകരന്റെ മകൻ ബാബു ദിവാകരൻ (ഇരവിപുരം), പി. സീതി ഹാജിയുടെ മകൻ പി.കെ. ബഷീർ (ഏറനാട് -ലീഗ്), എം.സി. ചെറിയാൻ എം.എൽ.എയുടെ മകൻ റിങ്കു ചെറിയാൻ (റാന്നി -കോൺഗ്രസ്) കെ. അച്യുതൻ എം.എൽ.എയുടെ മകൻ സുമേഷ് അച്യുതൻ (ചിറ്റൂർ -കോൺഗ്രസ്) ചെറിയാൻ ജെ. കാപ്പൻ എം.പിയുടെ മകൻ മാണി സി. കാപ്പൻ (പാലാ- എൻ.സി.കെ), മന്ത്രി കെ.എം. ജോർജിന്റെ മകൻ ഫ്രാൻസിന് ജോർജ് (ഇടുക്കി -കേരള കോൺഗ്രസ് ജോസഫ്), കെ.കെ. തോമസ് എം.എൽ.എയുടെ മകൻ സിറിയക് തോമസ് (പീരുമേട് -കോൺഗ്രസ്), മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് (പിറവം -കേരള കോൺഗ്രസ് ജേക്കബ്) മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി. അബ്ദുൽ ഗഫൂർ (കളമശ്ശേരി -ലീഗ് ) എന്നിവരാണ് ഇത്തവണ യു.ഡി.എഫ് പക്ഷത്തു നിന്ന് മത്സരംഗത്തെത്തിയ മക്കൾ.
മുൻ മന്ത്രി കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി (പാലാ-കേരള കോൺഗ്രസ് -എം), ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഗണേഷ് കുമാർ (പത്തനാപുരം-കേരള കോൺഗ്രസ്-ബി), എം.പി. വീരേന്ദ്രകുമാറിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ (കൽപറ്റ-എൽ.ജെ.ഡി), പി.ആർ. കുറുപ്പിന്റെ പുത്രൻ കെ.പി. മോഹനൻ (കൂത്തുപറമ്പ്-എൽ.ജെ.ഡി), മുൻ മന്ത്രി കെ. നാരായണക്കുറുപ്പിന്റെ മകൻ എൻ. ജയരാജ്
(കാഞ്ഞിരപ്പള്ളി-കേരള കോൺഗ്രസ്), സി.പി.ഐ നേതാവ് പി.കെ. ശ്രീനിവാസന്റെ മകൻ പി.എസ്. സുപാൽ (പുനലൂർ -സി.പി.ഐ), മുൻ മന്ത്രി വി.കെ. രാജന്റെ മകൻ വി.ആർ. സുനിൽ കുമാർ (കൊടുങ്ങല്ലൂർ -സി.പി.ഐ), സി.പി.എം നേതാവ് മുൻ എം.എൽ.എ ഇ. പത്മനാഭന്റെ മകൻ സി.പി. പ്രമോദ് (പാലക്കാട് -സി.പി.എം), മുൻ എം.എൽ.എ എൻ. വിജയൻ പിള്ളയുടെ മകൻ ഡോ. വി. സുജിത് (ചവറ- സി.പി.എം-സ്വതന്ത്രൻ) എന്നിവർ ഇടതുപക്ഷത്ത് നിന്ന് മക്കൾ രാഷ്ട്രീയ പക്ഷത്ത് അണിനിരക്കുന്നു.
കെ. മുളീധരനെയൊന്ന് മത്സരിപ്പിക്കാൻ കെ. കരുണാകരൻ പെട്ട പാട് അദ്ദേഹത്തിനും എ.കെ. ആന്റണിക്കുമേ അറിയൂ. വെറുതെ ഈ കാലത്തെ ലിസ്റ്റെടുത്ത് വായിച്ച് കെ. കരുണാകരൻ കണ്ണിറുക്കി ചിരിക്കുന്ന രംഗം ഇപ്പോൾ പഴയ ആളുകളുടെയൊക്കെ മനസ്സിൽ തെളിയുന്നുണ്ടാകും.
കേരളത്തിലെ ആളുകൾ അത്രയധികമൊന്നും രാഷ്ട്രീയമായി മാറിപ്പോകുന്നില്ല എന്ന വസ്തുതയും ഈ ലിസ്റ്റ് കണ്ടാൽ മനസ്സിലാകും. അച്ഛൻ കോൺഗ്രസെങ്കിൽ മക്കളും മക്കളുടെ മക്കളും കോൺഗ്രസ് എന്ന യാഥാർഥ്യം. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്–ലീഗ് പാർട്ടികളുടെ സ്ഥിതിയും അതു തന്നെ. രാഷ്ട്രീയ കുടുംബങ്ങളുടെ നാടു കൂടിയാണ് കേരളം.
മക്കൾ രാഷ്ട്രീയവും ബന്ധു രാഷ്ട്രീയവും എടുത്തു പറഞ്ഞ് ഇനിയാരും കേരളത്തിലും രാഷ്ട്രീയ വിമർശനമുയർത്തില്ലെന്ന് ഉറപ്പായി ക്കഴിഞ്ഞു. രാഷ്ട്രീയത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ഒരാളായിരുന്നില്ല കെ.കരുണാകരൻ എന്ന് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രാഷ്ട്രീയവും പരിചയിച്ചവർക്കെല്ലാം ഓർമയുണ്ട്. ദൃഢനിശ്ചയത്തോടെ കണക്കുകൂട്ടിയുള്ള പരിശ്രമങ്ങളിലൂടെ മുന്നേറുന്നതിനിടയിൽ അദ്ദേഹം നടപ്പാക്കിയതൊക്കെ പിന്നാലെ വന്നവർക്കും ഉൾക്കൊള്ളേണ്ടി വന്നു. എല്ലാ കാര്യത്തിലുമെന്ന പോലെ മക്കൾ രാഷ്ട്രീയത്തിലും പിന്നാലെ വന്നവർക്ക് ആ വഴിയിലൊക്കെ തന്നെ സഞ്ചരിക്കേണ്ടി വരുന്നു.
കാലം എല്ലാം മാറ്റുന്നു എന്നു പറഞ്ഞു വെറുതെ ആശ്വസിക്കുകയല്ലാതെ ആർക്കുമിവിടെ മറ്റു വഴിയൊന്നുമില്ല.