പാലക്കാട്- ഇടഞ്ഞുനിന്ന പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ മുന്‍മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായി ഉമ്മന്‍ ചാണ്ടി അനുനയിപ്പിച്ചു. പാർട്ടിയിൽ അർഹിക്കുന്ന പരിഗണന ഉറപ്പ് നൽകി ഉമ്മന്‍ ചാണ്ടി 15 മിനുട്ട് കൊണ്ടാണ് പ്രശ്നം പരിഹരിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രിയാണ് ചർച്ച നടത്തിയത്. ചർച്ചയിൽ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും എ.വി.ഗോപിനാഥ് പറഞ്ഞു
ഗോപിനാഥുമായി അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഗോപിനാഥിനെ പാർട്ടിക്ക് വേണമെന്നും സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ആവശ്യത്തെ അംഗീകരിക്കുന്നതായും ഉമ്മൻചാണ്ടി പറഞ്ഞു. ചർച്ചയിൽ തൃപ്തനാണെന്നും ചില ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് എ.വി ഗോപിനാഥിന്റെ പ്രതികരണം.
ചൊവ്വാഴ്ച കോട്ടയത്തു നിന്ന് രാത്രി ഏഴിന് ശേഷം പുറപ്പെട്ട ഉമ്മൻചാണ്ടി അർധരാത്രി 12നാണ് പെരിങ്ങോട്ടുകുറിശിയിൽ എത്തിയത്. ഉമ്മൻചാണ്ടിയുടെ വരവറിഞ്ഞ് പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീടും പരിസരവും പ്രവർത്തകരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും പായും തലയണയുമെടുത്ത് ഒരുങ്ങിയിരിക്കയാണെന്നും ഗോപിനാഥ് നേരത്തെ പറഞ്ഞിരുന്നു. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റ് നല്കി അനുനയിപ്പിക്കാനാണ് നേതാക്കള്‍ ശ്രമിച്ചിരുന്നത്.