ജിദ്ദ- സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധന വ്യാപകമായിരിക്കെ, വിദേശികളുടെ കൈയില്‍ ഇഖാമയല്ലാത്ത മറ്റു രേഖകളൊന്നും സ്വീകാര്യമല്ലെന്ന് ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കി.
ഇഖാമക്കു പകരം പാസ്പാര്‍ട്ട്, എക്‌സിറ്റ് റീ എന്‍ട്രി വിസ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കില്ല.
നാട്ടിലേക്ക് പോകാനായി റീഎന്‍ട്രി വിസ ഇഷ്യൂ ചെയ്തവരാണെങ്കില്‍ പോലും എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ഇഖാമ കൈയില്‍ കരുതണം. പാസ്‌പോര്‍ട്ടും റീ എന്‍ട്രിയും കൈയിലുണ്ടായിട്ടും പലരും സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായ സാഹചര്യത്തില്‍ ജവാസാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ മറുപടി ലഭിച്ചത്.
നിയമലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിശോധനകളില്‍ ഇഖാമ കൈയില്‍ കരുതാത്തതു കൊണ്ടു മാത്രം പിടിയിലാകുന്നവരെ ജയിലിലടക്കില്ല. അതേസമയം, ആയിരം മുതല്‍ 3000 റിയാല്‍ വരെ ഇവരില്‍നിന്ന് പിഴ ഈടാക്കും.
ഇഖാമ കൈയില്‍ ഇല്ലാത്തത് നിയമലംഘനം തന്നെയാണെങ്കിലും അതു തടവുശിക്ഷ ലഭിക്കേണ്ട കുറ്റമല്ലെന്ന് ജവാസാത്ത് അധികൃതര്‍ പറഞ്ഞു. നിയമാനുസൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ റെയ്ഡുകളെ ഭയപ്പെടേണ്ടതില്ലെന്നും ഇഖാമ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തി പുറത്തിറങ്ങിയാല്‍ പിഴ ശിക്ഷയേയും പേടിക്കേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.
ഇഖാമ,തൊഴില്‍, അതിര്‍ത്തി ലംഘകര്‍ക്കായി നടത്തുന്ന റെയ്ഡുകളില്‍ കഴിഞ്ഞ ദിവസംവരെ 1,32,647 വിദേശികളാണ് പിടിയിലായത്. ഇവരില്‍ 75,918 പേരും ഇഖാമ നിയമം ലംഘിച്ചവരാണ്.